ഹാരി ബ്രൂക്കിനെ പുറത്താക്കിയ സ്കോട്ട് ബോളണ്ടിന്‍റെ ആഹ്ലാദം

മെൽബണിലും തകർന്നടിഞ്ഞ് ഇംഗ്ലിഷ് പട; ബോക്സിങ് ഡേയിൽ 110ന് പുറത്ത്, ഓസീസിന് ഒന്നാം ഇന്നിങ്സ് ലീഡ്

മെൽബൺ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലും സന്ദർശകരായ ഇംഗ്ലണ്ടിന് വമ്പൻ ബാറ്റിങ് തകർച്ച. ഓസീസിതിരെ ഒന്നാം ഇന്നിങ്സിൽ 110 റൺസിന് ഇംഗ്ലിഷ് ബാറ്റിങ് നിര ഓൾഔട്ടായി. 41 റൺസ് നേടിയ ഹാരി ബ്രൂക്കാണ് അവരുടെ ടോപ് സ്കോറർ. ബ്രൂക്കിനു പുറമെ ബെൻ സ്റ്റോക്സ് (16), ഗസ് അറ്റ്കിൻസൻ (28) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ആസ്ട്രേലിയക്കായി മൈക്കൽ നെസർ നാലും സ്കോട്ട് ബോളണ്ട് മൂന്നും വിക്കറ്റുകൾ പിഴുതു. നേരത്തെ ആസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 152 റൺസ് നേടി പുറത്തായിരുന്നു. 42 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ആതിഥേയർ നേടിയത്.

സ്കോർ ബോർഡിൽ രണ്ടക്കം തികക്കുന്നതിനു മുമ്പ് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടത് ഇംഗ്ലണ്ടിന് വൻ തിരിച്ചടിയായി. ഓപണർമാരായ സാക് ക്രൗലി (5), ബെൻ ഡക്കറ്റ് (2) എന്നിവരെ മിച്ചൽ സ്റ്റാർക്കും ജേക്കബ് ബെതേലിനെ (1) നെസറും കൂടാരം കയറ്റി. ജോ റൂട്ടിനെ (0) കൂടി നെസർ മടക്കിയതോടെ സ്കോർ നാലിന് 16 എന്ന നിലയിലായി. പിന്നീടൊന്നിച്ച ബ്രൂക്ക് (41), സ്റ്റോക്സ് (16) സഖ്യം അൽപനേരം പിടിച്ചുനിന്നതു മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വാസം പകർന്നത്. ജേമി സ്മിത്ത് (2), വിൽ ജാക്സ് (5), ഗസ് അറ്റ്കിൻസൻ (28), ബ്രൈഡൻ കാഴ്സൻ (4) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ.

രണ്ടാം ഇന്നിങ്സ് ആരംഭിച്ച ആസ്ട്രേലിയ, ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് നേടിയിട്ടുണ്ട്. നാല് റൺസ് നേടിയ സ്കോട്ട് ബോളണ്ടിനൊപ്പം ട്രാവിസ് ഹെഡാണ് ക്രീസിലുള്ളത്. ആകെ ലീഡ് 46 റൺസായി.

ജോഷ് ടങ്ങിന് അഞ്ചു വിക്കറ്റ്

നേരത്തെ മീഡിയം പേസർ ജോഷ് ടങ്ങിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ആതിഥേയരെ തകർത്തത്. 45.2 ഓവറിൽ 152 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 49 പന്തിൽ 35 റൺസെടുത്ത മൈക്കൽ നെസെറാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. ഉസ്മാൻ ഖ്വാജ 52 പന്തിൽ 29 റൺസെടുത്തു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കാനുള്ള ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്‌സിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ടീമിന്‍റെ പ്രകടനം.

സന്ദർശകർ 27 റൺസെടുത്തു നിൽക്കെ ഓപ്പണർ ട്രാവിസ് ഹെഡ്ഡിനെ (22 പന്തിൽ 12) ഗസ് അറ്റ്കിൻസൺ ക്ലീൻ ബൗൾഡാക്കി. തൊട്ടു പിന്നാലെ മറ്റൊരു ഓപ്പണർ ജാക് വെതറാൾഡും പുറത്ത്. 23 പന്തിൽ 10 റൺസെടുത്ത താരത്തെ ടോങ്, ജാമീ സ്മിത്തിന്‍റെ കൈകളിലെത്തിച്ചു. മാർനസ് ലബുഷെയ്നും (19 പന്തിൽ ആറ്) നായകൻ സ്റ്റീവൻ സ്മിത്തിനും (31 പന്തിൽ ഒമ്പത്) പിടിച്ചുനിൽക്കാനായില്ല. ഓസീസിന് 51 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടം. ഖ്വാജയും അലക്സ് ക്യാരിയും അൽപം പിടിച്ചുനിന്നെങ്കിൽ അധികം നീണ്ടുനിന്നില്ല.

ഖ്വാജയെ അറ്റ്കിൻസൺ സ്മിത്തിന്‍റെ കൈകളിലെത്തിച്ചു. 35 പന്തിൽ 20 റൺസെടുത്ത ക്യാരിയെ ബെൻ സ്റ്റോക്സും മടക്കി. കാമറൂൺ ഗ്രീൻ 34 പന്തിൽ 17 റൺസെടുത്ത് റണ്ണൗട്ടായി. മൈക്കൽ സ്റ്റാർക് (ആറു പന്തിൽ ഒന്ന്), സ്കോട്ട് ബോളണ്ട് (പൂജ്യം) എന്നിവരെല്ലാം വേഗത്തിൽ കൂടാരം കയറി. ഇതോടെ ഓസീസ് ഇന്നിങ്സ് 152 റൺസിൽ അവസാനിച്ചു. റണ്ണൊന്നും എടുക്കാതെ ജൈ റിച്ചാർഡ്സൺ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി നാലുപേർ മാത്രമാണ് പന്തെറിഞ്ഞത്. 11.2 ഓവറിൽ 45 റൺസ് വഴങ്ങിയാണ് ടോങ് അഞ്ചു വിക്കറ്റെടുത്തത്. അറ്റ്കിൻസൺ രണ്ടു വിക്കറ്റും ബ്രൈഡൻ കാർസെ, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

പാറ്റ് കമിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. കമിൻസിന് പുറമേ സ്പിന്നർ നേഥൻ ലിയോണും ടീമിലില്ല. പകരം ടോഡ് മർഫി, ജൈ റിച്ചാർഡ്സൻ എന്നിവർ പ്ലെയിങ് ഇലവനിലെത്തി. ഇംഗ്ലണ്ടിനായ ഓൾറൗണ്ടർ ജേക്കബ് ബെത്തലും പേസർ ഗസ് അറ്റ്കിൻസനും പ്ലെയിങ് ഇലവനിലെത്തിയപ്പോൾ, ഒലി പോപ്പും ജോഫ്ര ആർച്ചറും പുറത്തായി.

Tags:    
News Summary - Australia vs England 4th Test at Melbourne: Eng All Out for 110

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.