ടോസ് ബംഗ്ലാദേശിന്, ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു; മാറ്റമില്ലാതെ സൂര്യയും സംഘവും, ലിറ്റൻ ദാസ് പുറത്ത്

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. നാലു മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്.

സൂപ്പർ ഫോറിലെ ആദ്യ കളിയിൽ പാകിസ്താനെ തകർത്ത സൂര്യകുമാർ യാദവിനും കടുവകളെ കീഴടക്കാനായാൽ ഫൈനൽ ഉറപ്പിക്കാനാകും. ശ്രീലങ്കയെ തോൽപിച്ചതിന്റെ ആവേശത്തിലാണ് ബംഗ്ലാദേശ്. കടലാസിലും കളത്തിലും ഇന്ത്യക്കുള്ള വ്യക്തമായ മേധാവിത്വം ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലും കാണാമെന്ന കണക്കുകൂട്ടലിലാണ് ആരാധകർ.

ലിറ്റൻ ദാസിന് പരിക്കേറ്റതിനാൽ ജാക്കർ അലിയാണ് ബംഗ്ലാദേശിനെ നയിക്കുന്നത്. തസ്കിൻ അഹ്മദ്, ശരീഫുൽ ഇസ്‌ലാം, മെഹ്ദി ഹസൻ എന്നിവരും ടീമിലില്ല.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് ആശങ്കകൾ തെല്ലുമില്ല. ഓപണർമാരായ അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ഫോമിലാണ്. മറ്റുള്ളവരും വിശ്വാസം കാക്കുന്നുണ്ട്. ബൗളർമാരും അവരുടെ റോൾ ഭംഗിയാക്കുന്നു. ഓൾ റൗണ്ടർമാരുടെ കൂട്ടത്തിൽ ശിവം ദുബെ വിക്കറ്റുകൾ നേടി മിന്നുന്നുണ്ട്. ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യക്കെതിരെ 17 മത്സരങ്ങൾ കളിച്ച ബംഗ്ലാദേശിന് ഒന്നിൽ മാത്രമാണ് ജയിക്കാനായത്.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.

ബംഗ്ലാദേശ് ടീം: ജാക്കർ അലി (ക്യാപ്റ്റൻ), തൻസീദ് ഹസൻ, പർവേസ് ഹുസൈൻ ഇമോൻ, തൗഹീദ് ഹൃദോയ്, ഷമീം ഹുസൈൻ, റിഷാദ് ഹുസൈൻ, നസും അഹ്മദ്, തൻസിം ഹസൻ സാകിബ്, മുഹമ്മദ് സൈഫുദ്ദീൻ, മുസ്താഫിസുർ റഹ്മാൻ.

Tags:    
News Summary - Asia Cup Super 4: India Invited To Bat First, Bangladesh Skipper Litton Das Misses Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.