അബൂദബി: ഏഷ്യ കപ്പ് ഗ്രൂപ് ബി മത്സരത്തിൽ അഫ്ഗാനിസ്താനെ എട്ട് റൺസിന് തകർത്ത് ബംഗ്ലാദേസ് സൂപ്പർ ഫോർ പ്രതീക്ഷ നിലനിർത്തി. ടോസ് നേടി ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റിന് 154 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അഫ്ഗാൻ 20 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്തായി.
ഓപ്പണർ റഹ്മാനുല്ല ഗുർബാസാണ് അഫ്ഗാന്‍റെ ടോപ് സ്കോറർ. 31 പന്തിൽ രണ്ടു വീതം സിക്സും ഫോറുമടക്കം 35 റൺസെടുത്തു. അസ്മത്തുല്ല ഒമർസായി (16 പന്തിൽ 30), റാഷിദ് ഖാൻ (11 പന്തില്‍ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റുള്ളവർക്കൊന്നും തിളങ്ങാനായില്ല. ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാൻ മൂന്നു വിക്കറ്റ് വീഴ്ത്തി. നസും അഹ്മദ്, റിഷാദ് ഹുസൈൻ, തസ്കിൻ അഹ്മദ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
31 പന്തിൽ 52 റൺസടിച്ച ഓപണർ തൻസിദ് ഹസനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറർ. തൻസിദും സൈഫ് ഹസനും ബംഗ്ലാദേശിന് ഗംഭീര തുടക്കം നൽകി. ഏഴാം ഓവറിലാണ് ഈ സഖ്യം തകർന്നത്. 28 പന്തിൽ 30 റൺസ് നേടിയ സൈഫിനെ റാഷിദ് ഖാൻ ബൗൾഡാക്കുമ്പോൾ സ്കോർ ബോർഡിൽ 63. ക്യാപ്റ്റൻ ലിറ്റൻ ദാസിനെ (9) നൂർ അഹ്മദ് വിക്കറ്റിന് മുന്നിൽ കുടുക്കി. തൻസിദും തൗഹീദ് ഹൃദോയിയും ചേർന്ന് സ്കോർ ചലിപ്പിച്ചു. 13ാം ഓവറിൽ മൂന്നക്കം കടന്നു. പിന്നാലെ തൻസിദിനെ ഇബ്രാഹിം സദ്റാന്റെ കൈകളിലെത്തിച്ചു നൂർ. ഷമീം ഹുസൈനെ (11) അഫ്ഗാൻ നായകൻ റാഷിദ് ഖാൻ 16ാം എൽ.ബി.ഡബ്ല്യൂവിൽ മടക്കിയപ്പോൾ നാലിന് 121.
അവസാന ഓവറുകളിൽ സ്കോർ ഉയർത്തിക്കൊണ്ടിരുന്ന ഹൃദോയിയെ (20 പന്തിൽ 26) അസ്മത്തുല്ല ഉമർസായി കരക്ക് കയറ്റി. ജാകർ അലിയും (13 പന്തിൽ 12) നൂറുൽ ഹസനും (ആറ് പന്തിൽ 12) പുറത്താവാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.