ഹൈദരാബാദ്: ഏഷ്യ കപ്പിൽ പാകിസ്താനെതിരെ കളിക്കാൻ ഇന്ത്യൻ ടീമിന് അനുമതി നൽകിയ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. 26 ജീവനുകളേക്കാൾ വിലപ്പെട്ടതാണോ പണമെന്ന് ഉവൈസി ചോദിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മത്സരം ബഹിഷ്കരിക്കണമെന്ന ആഹ്വാനം സൈബറിടത്തിൽ ശക്തമാകുന്നതിനിടെയാണ് ഉവൈസിയുടെ പരാമർശം.
ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേരാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം അസ്സം, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാർക്കില്ലേ? മത്സരത്തിലൂടെ ലഭിക്കുന്ന പണം പഹൽഗാമിൽ കൊല്ലപ്പെട്ട 26 ജീവനുകളേക്കാൾ വിലപ്പെട്ടതാണോയെന്നും ഉവൈസി ചോദിച്ചു. ‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല, ചർച്ചയും ഭീകരതയും ഒരുമിച്ച് നടക്കില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ബി.സി.സി.ഐക്ക് ഒരു ക്രിക്കറ്റ് മത്സരത്തിൽനിന്ന് എത്ര പണം ലഭിക്കും, 2000 കോടി രൂപയോ 3000 കോടി രൂപയോ? നമ്മുടെ 26 പൗരന്മാരുടെ ജീവനേക്കാൾ വിലപ്പെട്ടതാണോ പണം’ -ഉവൈസി ചോദിച്ചു.
ഇന്നലെയും ഇന്നും നാളെയും ആ 26 പേർക്കൊപ്പമാണ് നമ്മൾ നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-പാക് മത്സരം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിരുന്നു. പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ശക്തമായ പ്രതിഷേധത്തിലാണ്. കോൺഗ്രസ് ഭരിക്കുന്ന സമയത്തും പാകിസ്താനുമായി ക്രിക്കറ്റ് കളിച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞാണ് പ്രതിഷേധങ്ങളെ ബി.ജെ.പി പ്രതിരോധിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലെ കായിക ബന്ധം നിലച്ചിട്ട് വർഷങ്ങളായെങ്കിലും ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ പരസ്പരം മത്സരിക്കാറുണ്ട്.
പഹൽഗാം ഭീകരാക്രമണത്തോടെ ഇനി ഒരു വേദിയിലും പാകിസ്താനെതിരെ കളിക്കരുതെന്ന അഭിപ്രായം പ്രമുഖരായ പല മുൻ താരങ്ങളും ഉയർത്തിയിരുന്നു. പഹൽഗാം ആക്രമണത്തിനും ഓപറേഷൻ സിന്ധൂറിനും ശേഷം നടക്കുന്ന ആദ്യ കളിയിൽ ജയം ഇരു ടീമിനും മുമ്പത്തേക്കാളധികം അഭിമാനപ്രശ്നമായിട്ടുണ്ട്. വിജയികൾക്ക് സൂപ്പർ ഫോറിലും ഇടമുറപ്പിക്കാം.
ഗ്രൂപ് ‘എ’യിലാണ് ഇന്ത്യയും പാകിസ്താനും. സൂര്യകുമാർ യാദവിനും സംഘത്തിനും ആദ്യ കളി യു.എ.ഇക്കെതിരെയായിരുന്നു. ദുർബലരോട് വലിയ മാർജിനിൽ ജയിക്കാനായി. മറുതലക്കൽ ഒമാനെ തകർത്ത് പാകിസ്താനും തുടങ്ങി. യു.എ.ഇയെ ഇന്ത്യ വെറും 57 റൺസിനാണ് എറിഞ്ഞത്. ഒമാനാവട്ടെ പാകിസ്താനോട് 67ന് പുറത്തായി. ഇന്ന് നടക്കുന്ന കളിയിൽ ഇരു ടീമിന്റെയും ആത്മവിശ്വാസം കൂട്ടാൻ ഈ ജയങ്ങൾ സഹായിച്ചിട്ടുണ്ട്. യു.എ.ഇക്കെതിരെ ഇന്ത്യ രംഗത്തിറക്കിയ പ്ലേയിങ് ഇലവനിലെ ഭൂരിഭാഗംപേരും മികച്ച പ്രകടനമാണ് നടത്തിയത്.
ഇന്ത്യ ആതിഥ്യമരുളേണ്ട ഏഷ്യ കപ്പ് യു.എ.ഇയിലേക്ക് മാറ്റിയതുതന്നെ പാകിസ്താനുമായുള്ള ബന്ധം വഷളായതിനാലാണ്. ഇന്ത്യയിൽ കളിക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതോടെയാണ് പുതിയ വേദി കണ്ടെത്തിയത്. മത്സരത്തിന്റെ ടിക്കറ്റ് വിൽപനയിൽ പഴയ ആവേശമുണ്ടായിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തലപ്പത്തുള്ളവർക്കുപോലും കളി നേരിട്ട് കാണാൻ താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.