അര്‍ഷ്ദീപ് സിങ്

അന്താരാഷ്ട്ര ടി20യില്‍ 100 വിക്കറ്റ്; അര്‍ഷ്ദീപിന് ചരിത്രനേട്ടം

ദുബൈ: അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റില്‍ നൂറ് വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം മീഡിയം പേസർ അര്‍ഷ്ദീപ് സിങ് സ്വന്തമാക്കി. ഏഷ്യാകപ്പില്‍ ഒമാനെതിരായ മത്സരത്തിലാണ് അർഷ്​ദീപിന്റെ നേട്ടം. മത്സരത്തില്‍ നാലോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്താണ് താരം ഒരു വിക്കറ്റെടുത്തത്. ഒമാന്‍റെ വിനായക് ശുക്ലയെയാണ് അർഷ്ദീപ് പുറത്താക്കിയത്. 64 മത്സരങ്ങളില്‍ നിന്ന് നൂറുവിക്കറ്റെടുത്ത താരം വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന പേസറെന്ന ബഹുമതിയും സ്വന്തമാക്കി.

അതിവേഗത്തില്‍ 100 ട്വന്‍റി20 വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ താരം കൂടിയാണ് അര്‍ഷ്ദീപ്. 53 മത്സരങ്ങളില്‍നിന്ന് ഇതോ നാഴികക്കല്ല് പിന്നിട്ട അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് പട്ടികയില്‍ മുന്നില്‍. നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലമിച്ചെയ്ൻ 54 മത്സരങ്ങളില്‍നിന്നും ലങ്കന്‍ താരം വാനിന്ദു ഹസരങ്ക 63 മത്സരങ്ങളില്‍നിന്നും നൂറ് വിക്കറ്റുകള്‍ സ്വന്തമാക്കി.

അതേസമയം ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ ഇന്ത്യ 21 റൺസിനാണ് ജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മലയാളി താരം സഞ്ജു സാംസൺ ആണ് (56) വെടിക്കെട്ട് ബാറ്റിങ്ങുമായി 188 റൺസ് എന്ന സുരക്ഷിത സ്കോറിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും എട്ട് വിക്കറ്റുകൾ നഷ്ടമായെന്നത് സ്ഥിരതയില്ലാത്ത ബാറ്റിങ്ങിന്റെ വീഴ്ചകളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. മറുപടി ബാറ്റിങ്ങിൽ ഒമാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്ത്, ഇന്ത്യയെ ഞെട്ടിച്ചു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ സഞ്ജു സാംസൺ 45 പന്തിൽ 56 റൺസുമായി ടോപ് സ്കോററായി. ഓപണർ അഭിഷേക് ശർമ (38), അക്സർ പട്ടേൽ (26), തിലക് വർമ (29) എന്നിവരാണ് തിളങ്ങിയ മറ്റുള്ളവർ. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (5) രണ്ടാം ഓവറിൽ തന്നെ കീഴടങ്ങി. ഹാർദിക് പാണ്ഡ്യ (1) ഒരു പന്ത് നേരിട്ടതിനു പിന്നാലെ നോൺസ്ട്രൈക്കിങ് എൻഡി​ൽ റൺ ഔട്ടായി പുറത്തായി. ശിവം ദുബെ (5), അർഷ്ദീപ് സിങ് (1), കുൽദീപ് യാദവ് (1) എന്നിവരുടെ വിക്കറ്റുകളും ടീമിന് നഷ്ടമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്റെ മുൻനിര ബാറ്റർമാർ ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ്ങിനെ വെള്ളം കുടിപ്പിച്ചു. ഓപണർ ജതിന്ദർ സിങ് (32), ആമിർ ഖലീം (64), ഹമദ് മിർസ (51) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഒരുവേള ഒമാന്റെ വിജയവും പ്രതീക്ഷിച്ചു. രണ്ടാം വിക്കറ്റ് നഷ്ടമായത് 149 റൺസിലെത്തിയപ്പോൾ മാത്രമായിരുന്നു. ഒന്നിന് 145ലെത്തിയവർക്ക് പക്ഷേ, പത്ത് റൺസ് കൂട്ടിചേർക്കുന്നതിനിടെ അടുത്ത മൂന്ന് വിക്കറ്റുകൾ കൊഴിഞ്ഞത് തിരിച്ചടിയായി. ഇതോടെ, മത്സരം ഇന്ത്യ തിരികെ പിടിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഹർഷിദ് റാണ, കുൽദീപ് യാദവ്, ഹാർദിക് പണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ സ്ഥാനക്കയറ്റം നേടി മൂന്നാമനായി ക്രീസിലെത്തിയ അവസരത്തിനൊത്തുയർന്നു. മൂന്ന് സിക്സും മൂന്ന് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്. മൂന്നിൽ മൂന്നും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയുടെ സൂപ്പർ ഫോറിലേക്കുള്ള ആധികാരിക പ്രവേശനം. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഞായറാഴ്ച പാകിസ്താനെ നേരിടും. 24ന് ബംഗ്ലാദേശിനും, 26ന് ശ്രീലങ്കക്കും എതിരാണ് ഇന്ത്യയുടെ മത്സരങ്ങൾ. 28നാണ് ഫൈനൽ.

Tags:    
News Summary - Arshdeep becomes first India bowler to reach 100 T20I wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.