ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കുന്ന പ്രഥമ ട്വന്‍റി20 ലീഗിലും കരുത്ത് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് 'മുംബൈ ഇന്ത്യൻസ്'.
ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ ഉടമകളായ റിലയൻസ് ഇൻഡസ്ട്രീസാണ് എം.ഐ കേപ്ടൗൺ ടീമിന്‍റെ ഉടമകൾ. ജനുവരിയിൽ ആരംഭിക്കുന്ന ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായി അഫ്ഗാൻ സ്പിന്നറും ദക്ഷിണാഫ്രിക്കൻ പേസറും ഉൾപ്പെടെ അഞ്ചു പ്രമുഖ താരങ്ങളെയാണ് ടീം ഇതിനകം സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കൻ താരങ്ങളായ പേസർ കഗിസോ റബാദ, ബാറ്റർ ഡെവാൾഡ് ബ്രെവിസ്, അഫ്ഗാനിസ്താൻ മുൻ നായകനും ലഗ് സ്പിന്നറുമായ റാഷിദ് ഖാൻ, ഇംഗ്ലീഷ് താരങ്ങളായ സാം കുറാൻ, ലിയാം ലിവിംഗ്സ്റ്റൺ എന്നിവരാണ് ടീമുമായി കരാർ ഒപ്പിട്ടത്. പുതിയ താരങ്ങൾ ഉടൻ ടീമിനൊപ്പം ചേരുമെന്നും ഐ.പി.എല്ലിലൂടെ പരിചിതമായ മുംബൈ ഇന്ത്യൻസിന്‍റെ നീല, സ്വർണ നിറങ്ങളിലുള്ള ജഴ്സി അണിയുമെന്നും ടീം പത്രക്കുറിപ്പിൽ അറിയിച്ചു.
ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗില്‍ ആറ് ടീമുകളാണ് മാറ്റുരക്കുന്നത്. ഓരോ ടീമിനും 17 അംഗ ടീമിനെ തെരഞ്ഞെടുക്കാം. ഇതില്‍ അഞ്ച് കളിക്കാരെ ലേലത്തിന് മുമ്പ് തന്നെ സ്വന്തമാക്കാം. അതില്‍ മൂന്ന് പേര്‍ വിദേശ താരങ്ങളും രണ്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ഉള്‍പ്പെടണം. ഈ അഞ്ചു താരങ്ങളുടെ വിവരങ്ങളാണ് ടീം അധികൃതർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
പ്ലെയിങ് ഇലവനില്‍ ഐ.പി.എല്ലിന് സമാനമായി പരമാവധി നാല് വിദേശ താരങ്ങളെ കളിപ്പിക്കാം. ലീഗിലെ ബാക്കിയുള്ള അഞ്ചു ടീമുകളെയും സ്വന്തമാക്കിയത് ഐ.പി.എൽ ടീമുകൾ തന്നെയാണ്. ജോഹന്നസ്ബര്‍ഗ് ഫ്രാഞ്ചൈസി വാങ്ങിയത് ചെന്നൈ സൂപ്പര്‍ കിങ്സാണ്. ലഖ്‌നോ സൂപ്പര്‍ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവയും ടീമുകളെ സ്വന്തമാക്കി.
ജനുവരിയിലാണ് മത്സരം ആരംഭിക്കുന്നത്. ക്രിക്കറ്റ് സൗത്താഫ്രിക്കയും ടെലിവിഷന്‍ കമ്പനി സൂപ്പര്‍സ്‌പോര്‍ട്‌സും സംയുക്തമായാണ് ടൂര്‍ണമെന്റ് നടത്തുക. പോര്‍ട് എലിസബത്ത്, ദര്‍ബന്‍, പാള്‍, പ്രിട്ടോറിയ എന്നിവയാണ് മറ്റു ഫ്രാഞ്ചൈസികള്‍. ട്വന്റി20 ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ക്രിക്കറ്റ് സൗത്താഫ്രിക്ക മുമ്പ് രണ്ടു തവണ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.