മൂന്നാം കിരീടമാണ് നമ്മുടെ സ്വപ്നം...; ഇന്ത്യയുടെ ലോകകപ്പ് ജഴ്സി പുറത്തിറക്കി -വിഡിയോ

രാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ജഴ്സി പുറത്തിറക്കി. ‘ത്രീകാ ഡ്രീം’ എന്ന തീം സോങ്ങിന്‍റെ അകമ്പടിയോടെയാണ് പുതിയ ജഴ്സി സ്പോൺസർമാരായ അഡിഡാസ് പുറത്തിറക്കിയത്. ഇതിന്‍റെ വിഡിയോ എക്സ് പ്ലാറ്റ്ഫോമിലും പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, രവീദ്ര ജദേജ, കുല്‍ദീപ് യാദവ് എന്നീ താരങ്ങളാണ് തീം സോങ്ങില്‍ പുതിയ ജഴ്സിയിൽ പ്രത്യക്ഷപ്പെടുന്നത്. 1983നും 2011നും ശേഷം മൂന്നാം ലോക കിരീടം സ്വപ്നം കാണുന്ന ഇന്ത്യൻ ടീമിന് പിന്തുണ നൽകുന്നതാണ് വിഡിയോ. ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ ധരിച്ച നീല ജഴ്സിയും പുതിയ ജഴ്സിയും തമ്മിൽ പ്രത്യക്ഷത്തിൽ കാര്യമായ മാറ്റങ്ങളില്ല.

തോളിലെ മൂന്ന് വെള്ള വരകൾക്കു പകരമായി ദേശീയ പതാകയിലെ നിറങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് പ്രധാന മാറ്റം. ജഴ്‌സിയിൽ ഇടതുവശത്ത് ബി.സി.സി.ഐ ലോഗോയും അതിന് മുകളിലായി രണ്ട് നക്ഷത്രങ്ങളും കാണാം. ഇന്ത്യയുടെ ലോകകപ്പ് കിരീടങ്ങളെ സൂചിപ്പിക്കുന്നതാണ് ഈ രണ്ട് നക്ഷത്രങ്ങൾ.

ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നത്. എട്ടിന് ചെന്നൈയില്‍ ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇത്തവണ ഇന്ത്യ മൂന്നാം കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Tags:    
News Summary - Adidas Unveils Team India's World Cup Jersey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.