അടിയോടടി..12 പന്തിൽ 50*, 32 പന്തിൽ 100*..റെക്കോർഡുകൾ കടപുഴക്കിയ റണ്ണഭി​ഷേകം

ഹൈദരാബാദ് ജിംഖാന ഗ്രൗണ്ടിൽ ഞായറാഴ്ച രാവിലെ അഭിഷേക് ശർമയുടെ സംഹാര താണ്ഡവമായിരുന്നു. ബംഗാളിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ പഞ്ചാബ് ക്യാപ്റ്റന്റെ റണ്ണഭിഷേകം ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ വാർത്തയായിക്കഴിഞ്ഞു. 52 പന്തിൽ എട്ടു ഫോറും 16 കൂറ്റൻ സിക്സറുകളടക്കമാണ് അഭിഷേക് 148 റൺസ് അടിച്ചെടുത്തത്. ചാമ്പ്യൻഷിപ്പി​ലെ ഒരുപിടി റെക്കോർഡുകൾ ചാമ്പലാക്കിയായിരുന്നു ക്രീസിൽ അഭിഷേകിന്റെ പടയോട്ടം. മത്സരത്തിൽ 112 റൺസിന്റെ തകർപ്പൻ ജയവും പഞ്ചാബ് സ്വന്തമാക്കി.


ബംഗാളിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ അഭിഷേക് ശർമ തകർത്ത റെക്കോർഡുകൾ

  • 12 പന്തിൽ 50: ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ട്വന്റി20 അർധശതകമാണിത്.അരുണാചൽ പ്രദേശിനെതിരെ റെയിൽവേസിനു വേണ്ടി അശുതോഷ് ശർമ 11 പന്തിൽ നിന്ന് 50 റൺസ് നേടിയതാണ് പട്ടികയിൽ ഒന്നാമത്.
  • 32 പന്തിൽ സെഞ്ച്വറി: ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ ട്വന്റി20 സെഞ്ച്വറി.
  • ഓപണിങ് കൂട്ടുകെട്ട്: പ്രഭ്സിമ്രാൻ സിങ്ങിനൊപ്പം ഒന്നാം വിക്കറ്റിൽ ചേർത്തത് 205 റൺസ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ഓപണിങ് കൂട്ടുകെട്ട്.
  • 52 പന്തിൽ 148 റൺസ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോറാണിത്.
  • 16 സിക്സറുകൾ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരിന്നിങ്സിൽ ബാറ്റർ നേടുന്ന രണ്ടാമത്തെ ഏറ്റവും കൂടുതൽ സിക്സറുകളാണിത്.
  • വർഷത്തിൽ കൂടുതൽ സിക്സറുകൾ: ട്വന്റി20യിൽ ഒരു കലണ്ടർ വർഷം കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന സ്വന്തം റെക്കോർഡ് അഭിഷേക് പഴങ്കഥയാക്കി. 33 ഇന്നിങ്സിൽ 91 സിക്സറുകളാണ് ഈ വർഷം ഇതുവരെ നേടിയത്. 2024ൽ 38 ഇന്നിങ്സുകളിൽനിന്ന് അഭിഷേക് അടിച്ചെടുത്ത 87 സിക്സറുകളായിരുന്നു ഇതിനു മുമ്പുള്ള റെക്കോർഡ്.
  • പഞ്ചാബ് അഞ്ചിന് 310: അഭി​ഷേകിന്റെ കരുത്തിൽ പഞ്ചാബ് അടിച്ചെടുത്തത് 310 റൺസ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു ടീം 300ലധികം റൺസ് നേടിയത് ഇത് രണ്ടാം തവണ മാത്രം. 2023ൽ സിക്കിമിനെതിരെ ബറോഡ നേടിയ 349 റൺസാണ് ഇതിനുമുമ്പത്തേത്.
  • ട്വന്റി20 സെഞ്ച്വറികൾ: 157 ട്വന്റി20 ഇന്നിങ്സിൽ അഭിഷേകിന്റെ എട്ടാമത് സെഞ്ച്വറിയാണിത്. രോഹിത് ശർമയുടെ എട്ട് ട്വന്റി20 സെഞ്ച്വറി എന്ന നേട്ടത്തിനൊപ്പമെത്തി. ഒമ്പതു സെഞ്ച്വറി നേടിയ വിരാട് കോഹ്‍ലി മാത്രമാണ് ഇനി മുന്നിലുള്ളത്. 
Tags:    
News Summary - Abhishek Sharma break records during Syed Mushtaq Ali Trophy match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.