രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ലഖ്നോ സൂപ്പർ ജെയിന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക. വൈഭവിന്റെ ആറാം വയസിലുള്ള ചിത്രം പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ ആശംസ. കുഞ്ഞു വൈഭവ് അച്ഛനോടൊപ്പം ഐ.പി.എൽ മത്സരം കാണാനെത്തിയപ്പോഴെടുത്ത ചിത്രമാണ് ഗോയങ്ക പങ്കുവെച്ചിരിക്കുന്നത്.
അന്ന് റൈസിങ് പൂണെ സൂപ്പർ ജെയിന്റ്സിന്റെ മത്സരം കാണാനായാണ് വൈഭവ് പിതാവിനൊപ്പം എത്തിയത്. അന്ന് പൂണെ ടീമിന്റെ ഉടമസ്ഥൻ സഞ്ജീവ് ഗോയങ്കയായിരുന്നു. അന്ന് കളി കാണാനെത്തിയ വൈഭവിന് നന്ദി പറഞ്ഞ അദ്ദേഹം കൗമാരതാരത്തിന് ആശംസകൾ നേരുകയും ചെയ്തു. എക്സിലൂടെയായിരുന്നു സഞ്ജീവ് ഗോയങ്കയുടെ പ്രതികരണം.
മാലപ്പടക്കം പോലെ സിക്സറുകൾ ഒരോന്നായി ഗാലറിയിലേക്ക് പറത്തിയ 14കാരൻ വൈഭവ് സൂര്യവംശിയുടെ മുന്നിൽ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിന് മുന്നിൽ അടിയറവ് പറഞ്ഞിരുന്നു. ഐ.പി.എല്ലിൽ പുറത്തേക്കുള്ള വഴിയിൽ നിന്നും രാജസ്ഥാൻ റോയൽസിന് കിട്ടിയൊരു കച്ചിത്തുരുമ്പായി തകർപ്പൻ ജയം. ടേബിൾ ടോപ്പേഴ്സാകാൻ കച്ചമുറുക്കി ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിനെയാണ് എട്ടു വിക്കറ്റിന് രാജസ്ഥാൻ കീഴടക്കിയത്.
35 പന്തിൽ സെഞ്ച്വറി തികച്ച വൈഭവ് സൂര്യവംശി 38 പന്തിൽ 11 സിക്സും ഏഴു ഫോറും സഹിതം 101 റൺസെടുത്താണ് മടങ്ങിയത്. ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ രണ്ടാമത്ത സെഞ്ച്വറിയാണിത്. 30 പന്തിൽ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്‍ലിന്റെ പേരിലാണ് റെക്കോഡ്. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഐ.പി.എൽ സെഞ്ച്വറിയാണ് വൈഭവ് നേടിയത്. 2010ൽ 37 പന്തിൽ സെഞ്ച്വറി നേടിയ യൂസഫ് പത്താന്റെ റെക്കോഡാണ് മറികടന്നത്.
ജയ്പൂരിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സൂര്യവംശിക്കൊപ്പം തകർപ്പൻ ഇന്നിങ്സുമായി കളംനിറഞ്ഞ യശസ്വി ജയ്സ്വാളിന്റെ ഇന്നിങ്സ് രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.