ആൻഡി പൈക്രോഫ്റ്റ്, ഇന്ത്യ-പാക് മത്സരത്തിലെ ടോസിങ്ങിനിടെ ക്യാപ്റ്റൻമാർ
ദുബൈ: ഏഷ്യാകപ്പിലെ ഇന്ത്യ - പാകിസ്താൻ മത്സരത്തിനിടെ ഉയർന്ന ഹസ്തദാന വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മത്സരത്തിന്‍റെ ടോസിന് നാല് മിനിറ്റ് മുമ്പ് മാത്രമാണ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിന് ‘നോ ഹാൻഡ്ഷേക്ക്’ പ്രോട്ടോക്കാളിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഇ.എസ്.പി.എൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു. ടോസിങ്ങിനായി ഫീൽഡിലേക്ക് ഇറങ്ങവെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) വെന്യൂ മാനേജർ, പ്രോട്ടോക്കാൾ പാലിക്കണമെന്ന നിർദേശം പൈക്രോഫ്റ്റിന് നൽകുകയായിരുന്നു. ഇന്ത്യൻ സർക്കാർ നിർദേശിച്ചതുപ്രകാരം എ.സി.സി മാനേജരോട് ബി.സി.സി.ഐ ഇക്കാര്യം അറിയിക്കുകയായിരുന്നു.
അത്തരത്തിൽ ‘നോ ഹാൻഡ്ഷേക്ക്’ പ്രോട്ടോക്കാൾ ഉണ്ടായിരുന്നെങ്കിൽ അക്കാര്യം നേരത്തെ തന്നെ ഐ.സി.സിയെ അറിയിക്കാനുള്ള ഉത്തരവാദിത്തം പൈക്രോഫ്റ്റിന് ഉണ്ടെന്ന് വിവാദത്തിന് പിന്നാലെ പാക് ക്രിക്കറ്റ് ബോർഡ് പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിൽ എന്തെങ്കിലും ചെയ്യാനുള്ള സമയം പൈക്രോഫ്റ്റിന് ഉണ്ടായിരുന്നില്ല. ഐ.സി.സിയെ അറിയിക്കാനുള്ള സമയം ലഭിക്കാഞ്ഞതിനാൽ പൈക്രോഫ്റ്റ് ഇക്കാര്യം പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് നേരിട്ട് പറയുകയാണുണ്ടായത്. സാധാരണയായി പിന്തുടരുന്ന ഹസ്തദാന രീതിയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാറിനെ സമീപിച്ച് പാക് ക്യാപ്റ്റൻ നിരാശപ്പെടേണ്ടിവരരുത് എന്ന ഉദ്ദേശ്യത്തോടെയാണ് പൈക്രോഫ്റ്റ് ഇത്തരത്തിൽ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
ടോസിന് പുറമെ മത്സരശേഷവും കൈകൊടുത്തു പിരിയാൻ ഇന്ത്യൻ താരങ്ങൾ സന്നദ്ധത കാണിച്ചിരുന്നില്ല. ഇതോടെ പൈക്രോഫ്റ്റിനെ മാച്ച് റഫറി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി പാകിസ്താൻ രംഗത്തെത്തി. ഇല്ലെങ്കിൽ ടൂർണമെന്‍റിലെ ശേഷിക്കുന്ന മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും പി.സി.ബി വ്യക്തമാക്കി. ഐ.സി.സിക്ക് പി.സി.ബി രണ്ടുതവണ കത്തുനൽകിയെങ്കിലും ആവശ്യം തള്ളി. പിന്നീട് പൈക്രോഫ്റ്റ് ക്യാപ്റ്റനോടും ടീം മാനേജരോടും മാപ്പ് പറഞ്ഞെന്ന് അവകാശപ്പെട്ട് പാകിസ്താൻ ബഹിഷ്കരണ ഭീഷണി പിൻവലിച്ചു. യു.എ.ഇക്കെതിരെ ഒരു മണിക്കൂർ വൈകിയാണ് പാക് ടീം കളത്തിലിറങ്ങിയത്.
അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. ഇന്ത്യയും പാകിസ്താനും സൂപ്പർ ഫോറിൽ പ്രവേശിച്ചതിനാൽ ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. ശനിയാഴ്ചത്തെ ശ്രീലങ്ക -ബംഗ്ലാദേശ് പോരാട്ടത്തോടെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് തുടക്കമാകും. ഞായറാഴ്ച ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. 23ന് പാകിസ്താൻ -ശ്രീലങ്ക, 24ന് ഇന്ത്യ -ബംഗ്ലാദേശ്, 25ന് പാകിസ്താൻ -ബംഗ്ലാദേശ്, 26ന് ഇന്ത്യ -ശ്രീലങ്ക മത്സരങ്ങളാണ് സൂപ്പർ ഫോറിൽ അരങ്ങേറുന്നത്. മൂന്ന് വീതം മത്സരങ്ങളാണ് ഓരോ ടീമിനും ലഭിക്കുക. ഏറ്റവും മികച്ച രണ്ട് ടീമുകൾ 28ന് നടക്കുന്ന കലാശപ്പോരിനിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.