അർധ സെഞ്ചഴി നേടിയ മിച്ചൽ സാർക്ക്
ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് 172 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. ആറിന് 378 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ആതിഥേയർ 511ന് പുറത്തായി. 77 റൺസ് നേടിയ മിച്ചൽ സ്റ്റാർക്കാണ് ഓസീസിന്‍റെ ടോപ് സ്കോറർ. ആകെ അഞ്ച് ബാറ്റർമാർ അർധ സെഞ്ച്വറി നേടി. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാഴ്സ് നാല് വിക്കറ്റ് നേടി. നേരത്തെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 334ൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച സന്ദർശകർ 18 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 93 എന്ന നിലയിലാണ്.
ജേക്ക് വെതർലാൻഡ് (72), മാർനസ് ലബൂഷെയ്ൻ (65), സ്റ്റീവൻ സ്മിത്ത് (61), അലക്സ് ക്യാരി (63) എന്നിവരാണ് സ്റ്റാർക്കിനു പുറമെ അർധ ശതകം നേടിയ ഓസീസ് ബാറ്റർമാർ. നേരത്തെ ഇംഗ്ലിഷ് നിരയിലെ ആറ് ബാറ്റർമാരെ പുറത്താക്കിയതിനു പിന്നാലെയാണ് സ്റ്റാർക്കിന്‍റെ ഫിഫ്റ്റിയെന്നത് ശ്രദ്ധേയമാണ്. 21 റൺസ് നേടിയ സ്കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു. ട്രാവിസ് ഹെഡ് (33), കാമറൂൺ ഗ്രീൻ (45)ജോഷ് ഇംഗ്ലിസ് (23), മൈക്കൽ നെസർ (16), ബ്രെൻഡൻ ഡോഗറ്റ് (13) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സ്കോർ. ഇംഗ്ലണ്ടിനായി കാഴ്സ് നാലും ബെൻ സ്റ്റോക്സ് മൂന്നും വിക്കറ്റുകൾ നേടി.
172 റൺസ് കടവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് ബെൻ ഡക്കറ്റ് (15), ഒലി പോപ് (26) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ഡക്കറ്റിനെ ബോളണ്ട് ബൗൾഡാക്കിയപ്പോൾ പോപ്പിനെ നെസർ സ്വന്തം ബോളിൽ ക്യാച്ചെടുത്ത് മടക്കി. രണ്ടാം സെഷൻ പുരോഗമിക്കവെ രണ്ടിന് 93 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഓസീസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡിനേക്കാൾ 84 റൺസ് പിന്നിലാണവർ. 42 റൺസ് നേടിയ സാക് ക്രൗളിക്കൊപ്പം ജോ റൂട്ടാണ് (3*) ക്രീസിലുള്ളത്. ഒന്നര ദിവസത്തെ കളി ശേഷിക്കേ, മത്സരം സമനിലയിൽ കലാശിക്കാനാണ് സാധ്യത കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.