ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഡേ​വി​ഡ് മി​ല്ല​ർ ബാ​റ്റി​ങ്ങി​നി​ടെ

ഒന്നാം ഏകദിനം: ഇന്ത്യക്ക് ജയിക്കാൻ 250

ലഖ്നോ: ഇന്ത്യക്കെതിരായ   ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ. ഡേവിഡ് മില്ലറും (63 പന്തിൽ പുറത്താകാതെ 75) ഹെന്‍റിച്ച് ക്ലാസനും (65 പന്തിൽ പുറത്താകാതെ 74) തകർത്താടിയപ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 40 ഓവറിൽ 250 റൺസ്. മഴ മൂലം 40 ഓവറാക്കി ചുരുക്കിയ കളിയിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാലു വിക്കറ്റ് നഷ്ടത്തിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ 249 റൺസ്.

പരിചയം കുറഞ്ഞ ഇന്ത്യൻ ബൗളർമാരെ കണക്കിന് ശിക്ഷിച്ചാണ് മില്ലറും ക്ലാസനും ഇന്നിങ്സ് അവസാനിപ്പിച്ചത്. 23 ഓവറിൽ നാലിന് 110 എന്ന നിലയിൽനിന്നാണ് ഇരുവരും ചേർന്ന് ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ജാനേമൻ മലാനും (42 പന്തിൽ 22) ക്വിന്‍റൺ ഡികോക്കും (54 പന്തിൽ 48) ഓപണിങ് വിക്കറ്റിൽ 12 ഓവറിൽ സ്കോർ 49ലെത്തിച്ചശേഷമാണ് സന്ദർശകർക്ക് ഇടക്കിടെ വിക്കറ്റ് നഷ്ടമായത്. ഓപണർമാരും ക്യാപ്റ്റൻ തെംബ ബാവുമ (12 പന്തിൽ 8), എയ്ഡൻ മാർക്രം (0) എന്നിവരും അടുത്തടുത്ത് മടങ്ങിയത് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി.

ഓപണിങ് ബൗളർമാരായ മുഹമ്മദ് സിറാജും ആവേശ് ഖാനും താളംകണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ ചെയ്ഞ്ച് ബൗളറായെത്തിയ ശാർദുൽ ഠാകുറാണ് ഇരട്ട വിക്കറ്റുകളുമായി എതിരാളികൾക്ക് പ്രഹരമേൽപിച്ചത്. മലാനെ ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ച ഠാകുർ ബവുമയുടെ കുറ്റിയും തെറുപ്പിച്ചു. മാർക്രമിനെ കുൽദീപ് മടക്കിയതിനുപിന്നാലെ മറുവശത്ത് പിടിച്ചുനിന്ന ഡികോക് രവി ബിഷ്‍ണോയിക്കു മുന്നിലും വീണതോടെ ദക്ഷിണാഫ്രിക്ക പതറി.

എന്നാൽ, പിന്നീടങ്ങോട്ട് ക്ലാസൻ-മില്ലർ കൂട്ടുകെട്ടിന്റെ കൈകളിലായിരുന്നു കളി. പ്രതിരോധവും ആക്രമണവും സംയോജിപ്പിച്ച ബാറ്റിങ്ങിലൂടെ ഇരുവരും സ്കോർ ഉയർത്തി. അവസാന അഞ്ച് ഓവറിൽ മാത്രം നേടിയ 59 റൺസടക്കം 106 പന്തിൽ 139 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്.

Tags:    
News Summary - 250 to win for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.