മഞ്ചേരി: കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മുന്നേറ്റതാരം റിഷാദ് ഗഫൂറിനെ ലോണടിസ്ഥാനത്തിൽ ടീമിലെത്തിച്ച് മലപ്പുറം ഫുട്ബാൾ ക്ലബ്. ടീമിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയാണ് ഈ 18കാരനായ മലപ്പുറം പൊന്നാനി സ്വദേശി.
കഴിഞ്ഞ വർഷം സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാറിയേഴ്സിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. കണ്ണൂരിന് വേണ്ടി എട്ട് കളികളിൽ നിന്നും ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്. തിരൂരിലെ മൗലാന കൂട്ടായി ഫുട്ബാൾ അക്കാദമിയിലൂടെയാണ് താരം വളർന്നു വന്നത്. പിന്നീട് മുത്തൂറ്റ് എഫ്.എയുടെ ഭാഗമായി.
മുത്തൂറ്റിന് വേണ്ടി 2023-24 സീസൺ ഡെവലപ്പമെൻറ് ലീഗിൽ ആറ് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ നേടി മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു. യു.കെയിൽ വെച്ച് നടന്ന നെക്സ്റ്റ് ജെൻ കപ്പിന് അന്ന് ടീം യോഗ്യതയും നേടി. പിന്നീട് കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയ താരം 2024-25 സീസണിലെ ഡെവലപ്മെൻറ് ലീഗിലും കേരള പ്രീമിയർ ലീഗിലും ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയണിഞ്ഞു.
കൂടാതെ കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി റണ്ണർഅപ്പായ കേരളാ ടീമിലെ അംഗം കൂടിയായിരുന്നു ഈ കൗമാരക്കാരൻ. താരത്തിന്റെ വരവ് സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിന്റെ മുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ മുന്നേറ്റത്തിൽ ഐ.എസ്.എൽ താരം റോയ് കൃഷ്ണ അടക്കം ഒരുപിടി മികച്ച താരങ്ങളെ മലപ്പുറം സ്വന്തം കൂടാരത്തിലെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.