ഗുമി (ദക്ഷിണ കൊറിയ): ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ നാലാം നാളും ഇന്ത്യയുടെ സ്വർണവേട്ട. വെള്ളിയാഴ്ച മൂന്ന് സ്വർണമാണ് അക്കൗണ്ടിലെത്തിയത്. പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഗുൽവീർ സിങ്ങും വനിത ഹൈജംപിൽ പൂജ സിങ്ങും ഹെപ്റ്റാത്തലണിൽ നന്ദിനി അഗസാരയും ജേതാക്കളായി. വനിത 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസിൽ പാരുൾ ചൗധരി ദേശീയ റെക്കോഡോടെ വെള്ളിയും കരസ്ഥമാക്കി. ആദ്യ ദിനം 10,000 മീറ്റർ ഓട്ടത്തിലും ഗുൽവീർ സ്വർണം നേടിയിരുന്നു.
അതേസമയം, പുരുഷ 4 x 100 മീറ്റർ റിലേ ടീമിനെ ബാറ്റൺ കൈമാറലിലെ പിഴവിനെത്തുടർന്ന് പ്രാഥമിക റൗണ്ടിൽ അയോഗ്യരാക്കി. ചാമ്പ്യൻഷിപ്പ് ശനിയാഴ്ച സമാപിക്കവെ എട്ട് സ്വർണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവുമായി 18 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. കഴിഞ്ഞ തവണ ആറ് സ്വർണമടക്കം 27 മെഡലുകളുണ്ടായിരുന്നു.
13 മിനിറ്റ് 24.77 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 5000 മീറ്ററിൽ ഗുൽവീർ ജേതാവായത്. ഹൈജംപിൽ പൂജ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമായ 1.89 മീറ്റർ ചാടി സ്വർണം പിടിച്ചെടുത്തു. 5941 പോയന്റ് നേടിയാണ് ഹെപ്റ്റാത്തലണിൽ നന്ദിനി പൊന്നണിഞ്ഞത്. 3000 മീറ്റർ സ്റ്റീപ്പ്ൾചേസിൽ കസാഖ്സ്താന്റെ നോറ ജെറൂട്ടോ തനൂയിക്ക് പിന്നിൽ ഫിനിഷ് ചെയ്ത പാരുൾ ഒമ്പത് മിനിറ്റ് 12.46 സെക്കൻഡിലാണ് വെള്ളി നേടിയത്.
വനിത 400 മീറ്റർ ഹർഡ്ൽസിൽ മലയാളി ആർ. അനുവും വിത്യ രാംരാജും ഫൈനലിലെത്തിയിട്ടുണ്ട്. പുരുഷന്മാരുടെ 200 മീറ്ററിൽ അനിമേഷ് കുജൂറും വനിതകളിൽ ജ്യോതി യാരാജിയും നിത്യ ഗാന്ധെയും മെഡൽ മത്സരത്തിന് ടിക്കറ്റെടുത്തു. നിലവിലെ ഒളിമ്പിക് ചാമ്പ്യൻ പാകിസ്താന്റെ അർഷദ് നദീം മത്സരിക്കുന്ന ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യയുടെ പ്രതിനിധികളായി സച്ചിൻ യാദവും യശ് വീർ സിങ്ങുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.