'അവർ ചതിക്കപ്പെട്ടു'; ഈജിപ്തിന് പിന്തുണയുമായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി

ന്യൂയോർക്ക്: ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരെ റഫറിയിങ് പിഴവുകളാൽ പരാജയപ്പെട്ട ഈജിപ്തിന് പിന്തുണയുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. വിവാദമായ മത്സരത്തിൽ ഈജിപ്ത് കൊള്ളയടിക്കപ്പെട്ടുവെന്നും, വിജയം അവരിൽ നിന്ന് തട്ടിയെടുത്തതാണെന്നും അദ്ദേഹം തുറന്നടിച്ചു. ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലറ്റക്സിയറുടെ തീരുമാനങ്ങൾക്കെതിരെ ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ ഫിഫയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്നുൾപ്പെടെ ടീമിന് പരസ്യ പിന്തുണ ലഭിക്കുന്നത്.

ബുധനാഴ്ച ന്യൂയോർക്ക് നഗരത്തിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച "നെക്സ്റ്റ് സ്റ്റോപ്പ്: ബെറ്റർ ബസസ്, ഫാസ്റ്റർ സർവീസ്" എന്ന പദ്ധതിയെക്കുറിച്ച് സംസാരിക്കവേയായിരുന്നു അദ്ദേഹം ഈജിപ്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ബസ് സർവീസുകൾ വേഗത്തിലാക്കുന്നതിലൂടെ യാത്രാസമയം ലാഭിക്കാമെന്നും, ആ സമയം ജനങ്ങൾക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിന് ഉദാഹരണമായിട്ടായിരുന്നു ലോകകപ്പിലെ റഫറിയിങ് വിവാദത്തെ മേയർ ചൂണ്ടിക്കാണിച്ചത്.

"ആറ് മാസത്തിനുള്ളിൽ ബസ് യാത്രയിൽ നിന്ന് നിങ്ങൾക്ക് 24 മണിക്കൂറോളം ലാഭിക്കാനാകും. ഒരു വർഷം ആകുമ്പോഴേക്കും രണ്ട് ദിവസത്തിലധികം സമയമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. അതായത് നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിക്കാൻ നിങ്ങൾക്ക് സമയം കിട്ടും. അതുമല്ലെങ്കിൽ, 'കഴിഞ്ഞ ദിവസം ഈജിപ്തിനെ അവർ കൊള്ളയടിച്ചു' എന്ന് നിങ്ങളുടെ സുഹൃത്തുക്കളോട് തർക്കിക്കാൻ നിങ്ങൾക്ക് സമയം ലഭിക്കും," സൊഹ്‌റാൻ മംദാനി പറഞ്ഞു.

മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷമാണ് ഈജിപ്ത് 3-2 ന് പരാജയപ്പെട്ടത്. രണ്ടാം പകുതിയിൽ മൊസ്തഫ സിക്കോയിലൂടെ ഈജിപ്ത് നേടിയ ഗോൾ, പന്ത് വലയിലെത്തുന്നതിന് 20 സെക്കൻഡുകൾക്ക് മുൻപ് നടന്ന ഒരു ഫൗൾ ചൂണ്ടിക്കാട്ടി വാർ (VAR) റദ്ദാക്കിയതാണ് വലിയ വിവാദങ്ങൾക്ക് കാരണമായത്. മാച്ച് ഒഫീഷ്യലുകളുടെ പക്ഷപാതപരമായ ഈ തീരുമാനത്തിനെതിരെ ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർക്കിടയിൽ പ്രതിഷേധം പുകയുന്നതിനിടെയാണ് ന്യൂയോർക്ക് മേയറുടെ പ്രതികരണം ചർച്ചയാകുന്നത്.

Tags:    
News Summary - They Were Robbed": NYC Mayor Backs Egypt After Controversial World Cup Exit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.