ബോസ്റ്റൺ: ലോകകപ്പ് പ്രീ-ക്വാർട്ടറിലെ അർജന്‍റീന-ഈജിപ്ത് മത്സരത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങളും വാർ ഇടപെടലുകളുമാണ് ഈജിപ്ത് സംഘത്തെ പ്രകോപിപ്പിച്ചത്.
മത്സരത്തിന്‍റെ 78ാം മിനിറ്റുവരെ രണ്ടു ഗോളിനു മുന്നിലായിരുന്നു മുഹമ്മദ് സലാഹും സംഘവും പിന്നീടുള്ള സമയത്ത് മൂന്നു ഗോളുകൾ വഴങ്ങിയാണ് മത്സരം കൈവിട്ടത്. ലയണൽ മെസ്സിയുടെയും സംഘത്തിന്‍റെയും അവിശ്വസനീയ തിരിച്ചുവരിൽ തോൽവി സമ്മതിക്കേണ്ടി വന്നെങ്കിലും അഭിമാനത്തോടെയാണ് ഈജിപ്ത് ലോകകപ്പിൽനിന്ന് മടങ്ങിയത്. ലോക ചാമ്പ്യന്മാരെ മത്സരത്തിന്‍റെ അവസാനംവരെ വിറപ്പിച്ചു നിർത്താനായി. റഫറിയുടെ തീരുമാനങ്ങൾക്കെതിരെ മത്സരത്തിനിടയിൽ തന്നെ ഈജിപ്ത് പരിശീലകൻ ഹുസാം ഹസനും മറ്റു ഓഫിഷ്യലുകളും രൂക്ഷമായി വിമർശിച്ചിരുന്നു.
പ്രതിഷേധം അതിരുകടന്നതോടെ മത്സരം നിയന്ത്രിച്ചിരുന്ന റഫറി ഫ്രാങ്കോയിസ് ലറ്റക്സിയർ ഹുസാം ഹസന് മഞ്ഞ കാർഡും മറ്റൊരു ഒഫിഷ്യലിന് ചുവപ്പു കാർഡും നൽകി. അർജന്‍റീന പരിശീലകൻ ലയണൽ സ്കലോണിയോട് ആക്രോശിക്കുന്ന ഈജിപ്ത് പരിശീലകന്‍റെ പുതിയൊരു വിഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മത്സരം അവസാനിച്ച ശേഷം ഡ്രസ്സിങ് റൂമിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. ഡ്രസ്സിങ് റൂമിലേക്കുള്ള വഴിയിൽ വെച്ച് ഫിഫ ഒഫീഷ്യലുകളോട് ഹുസാം ഹസനും കോച്ചിങ് സ്റ്റാഫും തർക്കിക്കുന്നതിനിടെയാണ്, സ്കലോണി ഇതുവഴി വരുന്നത്. ഒന്നും കണ്ടില്ലെന്ന ഭാവത്തിൽ അതൊന്നും ശ്രദ്ധിക്കാതെ സ്കലോണി ഇവരെ കടന്നുപോകുന്നുണ്ട്. പിന്നാലെ സ്കലോണിക്ക് നേരെയും ഹസൻ ഉറക്കെ ആക്രോശിക്കുന്നത് വിഡിയോയിൽ കാണാനാകും.
എന്നാൽ, സ്കലോണി ഇതിനോട് പ്രതികരിക്കാതെ ശാന്തനായി അറ്റ്ലാന്റയിലെ മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിലെ ഡ്രസ്സിങ് റൂമിലേക്ക് നടന്നുപോയി. മത്സരത്തിനിടെ റഫറിമാർ അർജന്‍റീനക്ക് അനുകൂലമായി പക്ഷപാതം കാണിച്ചെന്ന് ആരോപിച്ച് ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ ഫിഫക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. മത്സരത്തിൽ റഫറിമാർ തങ്ങളോട് നീതികേട് കാണിച്ചെന്നും അർജന്റീനയെ സഹായിക്കാൻ ശ്രമിച്ചെന്നുമാണ് ഹുസാം ഹസൻ ആരോപിക്കുന്നത്.
ലോകകപ്പ് ചരിത്രത്തിൽ ഈജിപ്തിനെ ആദ്യമായി നോക്കൗട്ടിലെത്തിച്ച പരിശീലകൻ ഹുസാം ഹസന്റെ കരാർ ഫുട്ബാൾ അസോസിയേഷൻ നീട്ടി നൽകിയിരുന്നു. ഹുസാം ഹസന്റെയും ടീം ഡയറക്ടർ ഇബ്രാഹിം ഹസന്റെയും കരാറുകൾ 2030 വരെയാണ് നീട്ടിയത്. 2024 ഫെബ്രുവരിയിലാണ് 59കാരനായ ഹസൻ ഈജിപ്തിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന് കീഴിൽ 2025ലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഈജിപ്ത് സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. ഗ്രൂപ്പ് ജി-യിൽ ന്യൂസിലൻഡിനെ 3-1ന് തകർത്ത് ലോകകപ്പിലെ ആദ്യ ജയം ടീം സ്വന്തമാക്കി. ആദ്യ നോക്കൗട്ട് മത്സരത്തിൽ (റൗണ്ട് ഓഫ് 32) കരുത്തരായ ആസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് പ്രീ-ക്വാർട്ടറിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.