‘ക്രിസ്ത്യാനികളില്ല, ആദിവാസികളില്ല, സിഖുകാരില്ല, പാഴ്സികളില്ല... ഏക സിവിൽ കോഡിൽ അവശേഷിക്കുന്നത് മുസ്‍ലിംകൾ മാത്രമാണോ?’​ -സീതാറാം യെച്ചൂരി

ന്ത്യയിൽ എക്കാലത്തും വർഗീയമായൊരു അന്തർധാര സജീവമായിരു​െന്നന്നും നാല്​ ചുവരുകൾക്കുള്ളിൽ പറഞ്ഞിരുന്നത്​ ഇപ്പോൾ പരസ്യമായി പറയുന്നു എന്നതാണ്​ വ്യത്യാസമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ‘ദ ക്വിന്‍റി’ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കമ്യൂണിസ്റ്റ്​ പാർട്ടികൾക്ക്​ പാർലമെന്‍ററി ജനാധിപത്യത്തിൽ ഏറ്റ തിരിച്ചടികളെപ്പറ്റിയും നരേന്ദ്ര മോദി കാലത്തെ പ്രവർത്തന രീതികളെപ്പറ്റിയും അദ്ദേഹം അഭിമുഖത്തിൽ മനസുതുറന്നു. ഇൻഡ്യ സഖ്യത്തിന്‍റെ രൂപവത്കരണ പശ്​ചാത്തലത്തിലായിരുന്നു രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കമ്യൂണിസ്റ്റ്​ പാർട്ടികളിലൊന്നിന്‍റെ നേതാവ്​ സംസാരിച്ചത്​.

​ 44ൽ നിന്ന്​ മൂന്നിലേക്ക്​ ലോക്സഭ​ പ്രാതിനിധ്യം കുറഞ്ഞതിനെപ്പറ്റി?

‘അതെ, പാർലമെന്റിൽ ഞങ്ങളുടെ അംഗബലം ഗണ്യമായി കുറഞ്ഞുവെന്നത് ശരിയാണ്. എന്നാൽ ജനാധിപത്യത്തിലെ ശക്​തിയുടെ മറ്റൊരു മാനദണ്ഡം ജനകീയ സമരങ്ങളിലൂടെ ദേശീയ അജണ്ടയെ സ്വാധീനിക്കാനുള്ള കഴിവ് കൂടിയാണ്. അങ്ങിനെ  നോക്കുകയാണെങ്കിൽ, കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രസക്​തി ഇന്ത്യയിൽ വർധിച്ചിരിക്കുകയാണ്​. ഇടതുപക്ഷ പാർട്ടികളും അനുബന്ധ സംഘടനകളും പ്രഖ്യാപിച്ച കർഷക പ്രതിഷേധം തന്നെ ഉദാഹരണം. നരേന്ദ്ര മോദി സർക്കാറിനെ അടിയറവ്​ പറയിക്കാൻ കഴിഞ്ഞ സമരമാണത്​. വേറെ നിരവധി സമരങ്ങളും പാർട്ടി കാർമികത്വത്തിൽ നടക്കുകയുണ്ടായി.

വർഗീയതയുടെ അന്തർധാര എന്നും ഇന്ത്യയിൽ സജീവമായിരുന്നു​. വെറുപ്പിന്‍റെ കടന്നുകയറ്റം ഇന്ന്​ രൂക്ഷമാണ്​?

‘ശരിയാണ്​, വർഗീയതയുടെ അന്തർധാര എല്ലായ്‌പ്പോഴും നമ്മുടെ രാജ്യത്ത്​ ഉണ്ടായിരുന്നു. അതിന്‍റെ ശക്​തി പലപ്പോഴും വ്യത്യാസപ്പെട്ടിരുന്നു. പക്ഷേ, അത്​ ഏറിയോ കുറഞ്ഞോ മാറ്റമില്ലാതെ തുടർന്നിരുന്നു. ചരിത്രത്തിന്റെ ഭാഗമാണത്​. ബ്രിട്ടീഷുകാരാണ്​ അത്​ ഭരിക്കാനായി ഉപയോഗിക്കാം എന്ന്​ കണ്ടെത്തിയത്​. ഇപ്പോൾ നടക്കുന്നത്​ വർഗീയതയുടെ അനുസ്​മരണങ്ങളാണ്​. വർഗീയതയുടെ ചരിത്രത്തെ ആളുകളെ ഓർമപ്പെടുത്തികൊണ്ടേയിരിക്കുന്നു. മറക്കേണ്ട കാര്യങ്ങളെ നിർബന്ധിച്ച്​ ഓർമിപ്പിക്കുകയാണ്​. അത്​ വലിയ വ്യത്യാസമാണ്​. വെറുപ്പിന്‍റെ ശത്രുതയുടെ കനൽ കെടാതെ നിലനിർത്താൻ ചിലർ ശ്രമിക്കുകയാണ്​. വിദ്വേഷവും വെറുപ്പും സാധാരണ പ്രവർത്തികളായി മാറിയിരിക്കുകയാണ്​.

യൂനിഫോം സിവിൽ കോഡിനെപ്പറ്റി എന്താണ്​ അഭിപ്രായം?

‘നോക്കൂ, നിങ്ങൾ പറയുന്ന ഈ ഏകീകൃത സിവിൽ കോഡ് എന്താണ്? എന്ത് ഏകീകൃതമാണ്​? സ്ത്രീകൾക്ക് തുല്യാവകാശം, ലിംഗനീതി, ലിംഗാവകാശം തുടങ്ങിയ വിഷയങ്ങളിൽ സി.പി.എം നിരന്തരം പ്രചാരണം നടത്തിവന്നിരുന്നതാണ്​. എന്നാൽ,  യു.സി.സി അതിൽനിന്നൊക്കെ വിഭിന്നമാണ്​. ഏകരൂപം എന്നാൽ സമത്വമല്ല. എന്തിന്റെ കാര്യത്തിൽ ഏകീകരണമാണ്​ ഭരണകൂടം ഉദ്ദേശിക്കുന്നത്​?

നാം ഹിന്ദുക്കൾ എന്ന് വിളിക്കുന്ന വലിയ വിഭാഗത്തിൽപ്പോലും, അവരുടെ സാമൂഹിക സാഹചര്യങ്ങളനുസരിച്ച്​ വ്യക്തിഗത അവകാശങ്ങളും നിയമങ്ങളും വ്യത്യസ്തമാണ്​. ഞാനൊരു ഹിന്ദു കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. എന്റെ അമ്മാവന് തന്റെ സഹോദരിയുടെ മകളെ വിവാഹം കഴിക്കാൻ കഴിയും. എന്നാൽ, അതേ സമൂഹത്തിലെ ഞങ്ങളുടെ അയൽവാസികൾക്ക് ഇത് അനുവദനീയമല്ല.

ഇതിനെല്ലാം ഏകരൂപം കൊണ്ടുവരാൻ പോവുകയാണോ? ഖാപ് പഞ്ചായത്തുകൾ ഉണ്ടാകില്ല എന്നാണോ നിങ്ങൾ പറയാൻ പോകുന്നത്? വടക്കുകിഴക്കൻ സംസ്ഥാനത്തിലെ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട്​ പുറത്തിറങ്ങിയശേഷം, ആദിവാസികൾക്ക് ഏകീകൃത സിവിൽ കോഡ് ബാധകമാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയതായി പറയുന്നു.

ഇപ്പോൾ, ക്രിസ്ത്യാനികൾക്കും യു.സി.സി ബാധകമല്ലെന്ന്​ പറയുന്നു. ഇത് തങ്ങൾക്ക് ബാധകമല്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് സിഖുകാരും പാഴ്‌സികളും പറഞ്ഞു. അപ്പോൾ, അത് ആർക്ക് ബാധകമാണ്? ആരാണ് അവശേഷിക്കുന്നത്? ക്രിസ്ത്യാനികളല്ല, ആദിവാസികളല്ല, സിഖുകാരല്ല, പാഴ്സികളല്ല. അപ്പോൾ, ആരാണ് ഇതിനുള്ളിൽ വരുന്നത്​? അവശേഷിക്കുന്നത് മുസ്‍ലിംകൾ മാത്രമാണ്​. ഭരണക്കാർക്ക് എന്താണ് വേണ്ടതെന്നത്​ വ്യക്തമാണ്. 2024 വരെ ധ്രുവീകരണത്തിന് ഊന്നൽ നൽകാനാണ് അവർ ആഗ്രഹിക്കുന്നത്. അതിനാൽ, വ്യക്തമായ കരട് രൂപരേഖയില്ലാതെ അവർ വീണ്ടും ഈ പ്രശ്നം ഉന്നയിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് ആദ്യം വ്യക്​തമായൊരു ഡ്രാഫ്റ്റ് തരൂ, പിന്നെ എന്താണ്​ വേണ്ടതെന്ന്​ ആ​ലോചിക്കാം.

Tags:    
News Summary - Not Christians, not tribals, not Sikhs, not Parsis. Then, who is it? Only Muslims that are left -Sitaram Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.