ലണ്ടൻ: ലോകം ആരാധിച്ച ഡയാന രാജകുമാരിക്ക് ഒരു പ്രൊഫഷണൽ നർത്തകിയാകാനായിരുന്നു ആഗ്രഹം എന്ന് വെളിപ്പെടുത്തുന്ന അപൂർവ്വ കത്ത് പുറത്ത്. 17-ാം വയസ്സിൽ ഡയാന എഴുതിയ ഈ കത്ത് ലണ്ടനിലെ ചിസ്വിക്ക് ലേലത്തിന് വെച്ചിരിക്കുകയാണ്. ഏകദേശം 4,000 പൗണ്ട് (ഏകദേശം 4.3 ലക്ഷം രൂപ) ഈ കത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1979 ഫെബ്രുവരി 1നാണ് കുടുംബ സുഹൃത്തായ മിൽഡ്രഡ് ലാസിക്ക് ഡയാന ഈ കത്തെഴുതിയത്. തന്റെ പിതാവ് ജോൺ സ്പെൻസറിന് പക്ഷാഘാതം വന്നപ്പോൾ സുഖവിവരങ്ങൾ അന്വേഷിച്ചെഴുതിയ മിൽഡ്രഡിന് മറുപടിയായാണ് ഡയാന ഇത് കുറിച്ചത്.
‘ഞാൻ നൃത്തം പഠിക്കാനുള്ള ഒരിടം തേടി പോവുകയാണ്. എനിക്ക് എപ്പോഴും അത് വേണമെന്നുണ്ടായിരുന്നു. എന്നെങ്കിലും അതിൽ ഒരു നിലയിൽ എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് ഡയാന കത്തിൽ വ്യക്തമാക്കുന്നു. തന്റെ ഇളയ സഹോദരൻ ചാൾസിനെക്കുറിച്ചും കത്തിൽ പരാമർശമുണ്ട്. അവൻ ബോർഡിങ് സ്കൂൾ ജീവിതം ആസ്വദിക്കുകയാണെന്നും ഇപ്പോൾ നന്നായി വളർന്നു വലിയ കുട്ടിയായെന്നും ഡയാന എഴുതി. ഈ കത്തെഴുതി ഒരു വർഷത്തിന് ശേഷമാണ് ഡയാന ചാൾസ് രാജകുമാരനുമായി പ്രണയത്തിലാകുന്നത്.
കുട്ടിക്കാലം മുതലേ ബാലെ നൃത്തത്തോട് ഡയാനക്ക് വലിയ താല്പര്യമായിരുന്നു. മണിക്കൂറുകളോളം പരിശീലനം നടത്തി 1976ൽ സ്കൂളിലെ നൃത്ത മത്സരത്തിൽ അവർ വിജയിച്ചിരുന്നു. ‘നൃത്തം എപ്പോഴും എന്റെ മാനസിക സമ്മർദം കുറക്കാൻ സഹായിച്ചിരുന്നു’ എന്ന് ഡയാന തന്റെ ജീവചരിത്രകാരൻ ആൻഡ്രൂ മോർട്ടനോട് പണ്ട് പറഞ്ഞിട്ടുണ്ട്. എന്നാൽ 5 അടി 10 ഇഞ്ച് ഉയരമുണ്ടായിരുന്ന ഡയാനക്ക്, ബാലെ നർത്തകിമാർക്ക് വേണ്ടുന്ന നിശ്ചിത ഉയരത്തേക്കാൾ കൂടുതൽ ആയതിനാൽ പ്രൊഫഷണൽ കമ്പനികളിൽ അവസരം ലഭിച്ചില്ല. പിന്നീട് ഉണ്ടായ ഒരു കാലിലെ പരിക്കും നർത്തകിയാകാനുള്ള ഡയാനയുടെ സ്വപ്നങ്ങൾക്ക് തടസ്സമായി.
നർത്തകിയാകാൻ കഴിഞ്ഞില്ലെങ്കിലും ഡയാനയുടെ നൃത്തം ലോകം പലപ്പോഴും അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. 1985 ഡിസംബറിൽ വൈറ്റ് ഹൗസിൽ വെച്ച് ജോൺ ട്രവോൾട്ടക്കൊപ്പം ഡയാന നൃത്തം ചെയ്തത്ചരിത്രപ്രസിദ്ധമാണ്. അതേവർഷം തന്നെ റോയൽ ഓപ്പറ ഹൗസിൽ വെച്ച് ചാൾസ് രാജകുമാരനെ ഞെട്ടിച്ചുകൊണ്ട് വെയ്ൻ സ്ലീപ്പിനൊപ്പം ബിള്ളി ജോയലിന്റെ അപ്‌ടൗൺ ഗേൾ എന്ന ഗാനത്തിന് ഡയാന ചുവടുവെച്ചിരുന്നു. ഇതിനായി ആഴ്ചകളോളം അവർ രഹസ്യമായി പരിശീലനം നടത്തിയിരുന്നു.
1997ൽ പാരീസിലുണ്ടായ വാഹനാപകടത്തിലാണ് ഡയാന അന്തരിച്ചത്. ഡയാനയുടെ മരണം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ കണ്ണീരിലാഴ്ത്തി. 'ജനങ്ങളുടെ രാജകുമാരി' എന്ന് വിളിക്കപ്പെട്ടിരുന്ന അവരുടെ ശവസംസ്കാരം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ചാണ് നടന്നത്. ഏകദേശം 250 കോടിയിലധികം ആളുകൾ ടെലിവിഷനിലൂടെ ഈ ചടങ്ങുകൾ തത്സമയം കണ്ടു എന്നാണ് കണക്കാക്കുന്നത്. ആ കൗമാരക്കാരിയുടെ സ്വപ്നങ്ങൾ ബാക്കിവെച്ച ഈ കത്ത് ഇപ്പോൾ ചരിത്രപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.