കോഴിക്കോട്: കണ്ണൂരിൽ കെ. സുധാകരനെ സ്ഥാനാർഥിയായി നേതൃത്വം പ്രഖ്യാപിച്ചാൽ ആഹ്ലാദത്തോടെ തങ്ങൾ ഏറ്റെടുക്കുമെന്ന് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. അല്ലെങ്കിൽ അങ്ങ് നയിക്കണം, കണ്ണൂരിനെ മാത്രമല്ല കേരളത്തിലെ പ്രവർത്തകരെയൊന്നാകെയെന്നും ഈ ദുർഭരണം നമ്മുക്ക് വലിച്ചെറിയണമെന്നും രാഹുൽ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.
എത്രയോ മനുഷ്യർ കോൺഗ്രസിന്റെ മൂവർണക്കൊടി പിടിച്ചതിന്റെ പേരിൽ രക്തം തേവി ജീവൻ വെടിഞ്ഞാണ് ഈ പ്രസ്ഥാനത്തിന് ജീവൻ നൽകിയത്. കണ്ണൂരിലെ ആ രക്തസാക്ഷികളുടെ നേതാവാണ് പ്രിയപ്പെട്ട സുധാകരേട്ടൻ. കേരളത്തിലെ ഉശിരുള്ള പ്രവർത്തകരുടെ ഊർജമാണ്. കണ്ണൂർ എം.എൽ.എ എന്നല്ല കേരള മുഖ്യമന്ത്രി എന്നത് പോലും കേവലം പദവികൾ മാത്രമാണ്. അതിലൊക്കെ എത്രയോ വലുപ്പമുള്ള സ്ഥാനത്താണ് പ്രിയ കെ.എസ് നിങ്ങൾ ഇന്ന് ഇരിക്കുന്നതെന്നും രാഹുൽ കുറിപ്പിൽ പറയുന്നു.
ജീവന് തുല്യം സ്നേഹിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ സുധാകരൻ സങ്കടപ്പെടുത്തരുത്. അങ്ങേക്കെതിരെ പ്രവർത്തിക്കേണ്ടി വരുന്ന ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചാൽ തന്നെ ഈ വാർത്തകളിൽ കേൾക്കുന്നത് ഒക്കെ കള്ളമാണ് എന്ന് അങ്ങേക്ക് പറയേണ്ടി വരും. പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്. രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ലെന്നും രാഹുൽ വ്യക്തമാക്കി. കണ്ണൂരിൽ സ്ഥാനാർഥിത്വം തഴഞ്ഞതിനു പിന്നാലെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്നും പാർട്ടി വിടുമെന്നുമുള്ള അഭ്യൂഹങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് രാഹുലിന്‍റെ പോസ്റ്റ്.
ഒടുവിൽ കെ. സുധാകരന്‍റെ സമ്മർദത്തിനു മുന്നിൽ കോൺഗ്രസ് ഹൈകമാൻഡ് വഴങ്ങിയെന്നും കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നുമുള്ള വിവരമാണ് പുറത്തുവരുന്നത്. എം.പിമാർ മത്സരിക്കേണ്ടെന്ന ഹൈകമാൻഡ് തീരുമാനത്തിനെതിരെ സുധാകരൻ നിലപാട് കടുപ്പിച്ച് രംഗത്തുവന്നത് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. മുതിർന്ന നേതാക്കളോടടക്കം ഗുഡ് ബൈ പറഞ്ഞ സുധാകരൻ, സ്വതന്ത്രനായി മത്സരിക്കുമെന്നും ഭീഷണി ഉയർത്തി. നിലപാട് പ്രഖ്യാപിക്കാനായി ഉച്ചക്ക് 12ന് വാർത്തസമ്മേളനവും വിളിച്ചുചേർത്തു. മുതിർന്ന നേതാക്കളടക്കം ഇടപെട്ടിട്ടും സുധാകരനെ അനുനയിപ്പിക്കാനായില്ല. ഒടുവിൽ പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനാണ് സുധാകരന് സീറ്റ് നൽകാനുള്ള തീരുമാനത്തിൽ ഹൈകമാൻഡ് എത്തിയത്.
ഷുഹൈബും സജിത്ത് ലാലും ലോനാപ്പിയും ബെന്നിയും ദാസനും വസന്തനും തൊട്ട് കണ്ണൂരിൽ മാത്രം എത്രയോ മനുഷ്യർ കോൺഗ്രസിന്റെ മൂവർണക്കൊടി പിടിച്ചതിന്റെ പേരിൽ രക്തം തേവി ജീവൻ വെടിഞ്ഞാണ് ഈ പ്രസ്ഥാനത്തിന് ജീവൻ നല്കിയ്ത്.
കണ്ണൂരിലെ ആ രക്തസാക്ഷികളുടെ നേതാവാണ് പ്രിയപ്പെട്ട സുധാകരേട്ടൻ. ആ രക്തസാക്ഷികളുടെ മാത്രമല്ല കേരളത്തിലെ ഉശിരുള്ള പ്രവർത്തകരുടെ ഊർജ്ജമാണ് നിങ്ങൾ.
കണ്ണൂർ MLA എന്നല്ല കേരള മുഖ്യമന്ത്രി എന്നത് പോലും കേവലം പദവികൾ മാത്രമാണ്. അതിലൊക്കെ എത്രയോ വലുപ്പമുള്ള സ്ഥാനത്താണ് പ്രിയ KS നിങ്ങൾ ഇന്ന് ഇരിക്കുന്നത്.
പേരിനു പിന്നിലുള്ള അക്ഷരങ്ങൾ അല്ലല്ലോ ഒരു രാഷ്ട്രീയക്കാരന്റെ പദവി. ഇതൊക്കെ ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ KS നിങ്ങൾക്കറിയാൻ.
“ജീവൻ വേണേൽ തന്നേക്കാം ” എന്ന് പ്രവർത്തകർ താങ്കൾക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചത് ആലങ്കാരികം അല്ലല്ലോ, അത് അർത്ഥവത്തായത് അല്ലേ?
ഒരു പദവിയും ഇല്ലാതെ ഒരു മൂവർണ്ണക്കൊടിയും പിടിച്ച് KS നിങ്ങൾ കാസർഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാൽ ആ യാത്ര തിരുവനതപുരത്തു എത്തുമ്പോൾ ഒരു ജനസാകരമാകും. നിങ്ങൾക്ക് പ്രാണൻ പകുത്ത് നല്കിയ പ്രവർത്തകരെ നിങ്ങൾക്ക് അറിയില്ലേ KS?
അതൊക്കെയും പക്ഷേ കോൺഗ്രസുകാരനായ ഞങ്ങളുടെ സുധാകരട്ടനോടുള്ള സ്നേഹമാണ്...
അങ്ങനെ ജീവന് തുല്യം അങ്ങയെ സ്നേഹിക്കുന്ന ഞങ്ങൾ കോൺഗ്രസ് പ്രവർത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്. അങ്ങേക്കെതിരെ പ്രവർത്തിക്കേണ്ടി വരുന്ന ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചാൽ തന്നെ ഈ വാർത്തകളിൽ കേൾക്കുന്നത് ഒക്കെ കള്ളമാണ് എന്ന് അങ്ങേക്ക് പറയേണ്ടി വരും….
കണ്ണൂരിൽ അങ്ങാണ് സ്ഥാനാർഥി എന്ന് നേതൃത്വം പ്രഖ്യാപിച്ചാൽ ആഹ്ലാദത്തോടെ ഞങ്ങൾ അത് ഏറ്റെടുക്കും. അത് അല്ലെങ്കിൽ അങ്ങ് നയിക്കണം, കണ്ണൂരിനെ മാത്രമല്ല കേരളത്തിലെ പ്രവർത്തകരെ. അങ്ങ് കേരളം മുഴുവൻ നടന്നു പ്രസംഗിച്ചു പ്രവർത്തകരെ ആവേശപ്പെടുത്തണം. ഈ ദുർഭരണം നമ്മുക്ക് വലിച്ചെറിയണം, ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം.
പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്.
രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ല തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.