മാലയിടുന്നതിനിടെ കാമുകനെത്തി നവവധുവിന് സിന്ദൂരം ചാർത്തി; വിവാഹ വേദിയിൽ കൂട്ടത്തല്ല് -വിഡിയോ
വിവാഹ ചടങ്ങിനിടെ വധുവിന്‍റെ കാമുകൻ എത്തുന്നതും വിവാഹം അലങ്കോലമാക്കുന്നതുമെല്ലാം സിനിമയിൽ ഏറെ കണ്ടിട്ടുള്ളതാണ്. എന്നാൽ, യഥാർഥ ജീവിതത്തിലും അങ്ങനെ സംഭവിച്ചിരിക്കുകയാണ് യു.പിയിൽ. ഖൊരക്പൂരിലാണ് സംഭവം. കാമുകനെത്തി നവവധുവിന് സിന്ദൂരം ചാർത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
നവവരനും വധുവും പരസ്പരം മാല ചാർത്താനായി നിൽക്കുന്നത് വിഡിയോയിൽ കാണാം. വേദിയിൽ ഇരുവരുടെയും ബന്ധുക്കളുമുണ്ട്. ഇരുവരും മാല കൈയിലെടുത്ത് നിൽക്കേ, മുഖം മറച്ചുകൊണ്ട് ഒരാൾ വേദിയിലേക്ക് കയറുകയും വധുവിന്‍റെ നെറ്റിയിൽ സിന്ദൂരം അണിയിക്കുകയുമായിരുന്നു. പെൺകുട്ടി മുഖം മറച്ച് തടയാൻ ശ്രമിക്കുന്നുമുണ്ട്.
ഇതോടെ ബന്ധുക്കൾ യുവാവിനെ പിടിച്ചുമാറ്റുകയും കൈകാര്യം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ മുൻ കാമുകനാണ് വിവാഹദിവസം എത്തി സിന്ദൂരം ചാർത്തിയത്. ഡിസംബർ ഒന്നിനായിരുന്നു ഈ സംഭവം നടന്നത്.
ബന്ധുക്കൾ വിളിച്ചറിയിച്ചതോടെ പൊലീസും സ്ഥലത്തെത്തി. അതേസമയം, നിശ്ചയിച്ചുറപ്പിച്ച വിവാഹം തന്നെ മതിയെന്നായിരുന്നു വധുവിന്‍റെ തീരുമാനം. തൊട്ടടുത്ത ദിവസം തന്നെ വിവാഹം പൂർത്തിയാക്കുകയും ചെയ്തു. കാമുകനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.