മുഖ്യമന്ത്രി വി.ഡി. സതീശൻ, കെ. സുരേന്ദ്രൻ 

'ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലത്'; വി.ഡി. സതീശന് മറുപടിയുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരുപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ കേരളത്തോട് മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫേസ്ബുക് കുറിപ്പിൽ കമന്റുമായി മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലതെന്നാണ് സുരേന്ദ്രൻ കമന്റ് ചെയ്തത്. കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ പാരമ്പര്യത്തിനും വി.സി പദവിയുടെ അന്തസിനും നിരക്കാത്ത നടപടിയാണിതെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനാണ് കെ. സുരേന്ദ്രൻ മറുപടിയുമായി എത്തിയത്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങൾക്ക് കുടപിടിക്കുന്ന രീതിയിൽ ആർ.എസ്.എസ് വേദി പങ്കിട്ട മൂന്ന് വൈസ് ചാൻസലർമാരും കേരളത്തിലെ പ്രബുദ്ധ ജനതയോട് മാപ്പ് പറയാൻ തയ്യാറാകണം. കേരളീയ പൊതുസമൂഹം വലിയ ആദരവോടെയാണ് വൈസ് ചാൻസലർ പദവിയെ കാണുന്നത്. എന്നാൽ, ആ പാരമ്പര്യത്തെയും അന്തസിനെയും പൂർണ്ണമായി കളങ്കപ്പെടുത്തുന്ന രീതിയിലാണ് തീവ്ര വർഗീയത പ്രസംഗിക്കുന്ന ആർ.എസ്.എസ് നേതാവിൻറെ പരിപാടിയിൽ ഇവർ മുഖ്യാതിഥികളായി പങ്കെടുത്തതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ആരോഗ്യ സർവകലാശാല വി.സി. ഡോ. മോഹൻ കുന്നുമ്മൽ, എം.ജി. സർവകലാശാല വി.സി ഡോ. ഡി. മാവൂത്ത്, മലയാളം സർവകലാശാല വി.സിയുടെ ചുമതലയുള്ള ഡോ. സി.ആർ. പ്രസാദ് എന്നിവരാണ് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ പങ്കെടുത്തത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പിൻറെ പൂർണ്ണ രൂപം

'ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.

കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം'.

ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടിയിലാണ് കേരളത്തിലെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തത്. 'സംഘ്പരിവാറിന്റെ നൂറു വർഷങ്ങൾ' എന്ന തലക്കെട്ടിൽ ഉദയ കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി.

കേരള സർവകലാശാലാ വി.സി മോഹനൻ കുന്നുമ്മൽ, എം.ജി സർവകലാശാലാ വി.സി ഡി. മാവൂത്ത്, മലയാളം സർവകലാശാലാ വി.സി സി.ആർ. പ്രസാദ് എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. കനത്ത സുരക്ഷയോടെയും മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും നടത്തിയ ആർ.എസ്.എസ് പരിപാടിയിലാണ് വി.സിമാർ പങ്കെടുത്തത്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തലവന്മാർ ഇത്തരം രാഷ്ട്രീയ പരിപാടികളിൽ പങ്കെടുത്തതിനെതിരെ വിവിധയിടങ്ങളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. വി.സിമാർ സർവകലാശാലകളിൽ കാവിവൽക്കരണ അജണ്ടയാണ് പിന്തുടരുന്നതെന്ന് മുമ്പ് സി.പി.എമ്മും വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയും ആരോപിച്ചിരുന്നു. ഈ ആരോപണം ശക്തമാക്കുന്നതാണ് കേരള, എം.ജി, മലയാളം സർവകലാശാലാ വി.സിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത്.

Tags:    
News Summary - K. Surendran responds to V.D. Satheesan's facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.