ചണ്ഡീഗഡ്: ചണ്ഡീഗഡ് വിമാനത്താവളത്തിലെ രണ്ട് കൗണ്ടറുകളിൽ ബാഗിന്‍റെ ഭാരം നോക്കിയപ്പോൾ 2.3 കിലോയുടെ ഭാരവ്യത്യാസം. ഇൻഡിഗോ യാത്രക്കാരനാണ് ഇക്കാര്യം വിഡിയോ സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ജനുവരി 30നായിരുന്നു സംഭവം. ചണ്ഡീഗഡിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രികനായ ദക്ഷ് സേതിക്കാണ് ഈ അനുഭവമുണ്ടായത്. ഇദ്ദേഹത്തിന്‍റെ ബാഗ് ആദ്യം ഭാരം നോക്കിയപ്പോൾ 14.5 കിലോഗ്രാം ആയിരുന്നു കാണിച്ചത്. എന്നാൽ, ബാഗിന് ഇത്ര ഭാരമുണ്ടോയെന്ന് ഇദ്ദേഹത്തിന് സംശയമായി. ഇതോടെ, തൊട്ടടുത്ത കൗണ്ടറിലെ മെഷീനിലും ബാഗ് തൂക്കിനോക്കി. 12.2 കിലോയാണ് തൊട്ടടുത്ത മെഷീനിൽ കാണിച്ചത്. രണ്ടും തമ്മിൽ 2.3 കിലോ ഭാരവ്യത്യാസം.
ഒരേ ബാഗ് രണ്ട് മെഷീനിലും തൂക്കിനോക്കുന്നതിന്‍റെ വിഡിയോയും യാത്രക്കാരൻ പങ്കുവെച്ചു. തൂക്ക മെഷീനുകളിൽ ഇത്രയെളുപ്പം ക്രമക്കേടുകൾ കാണിക്കാനാകുമോയെന്ന് ഇദ്ദേഹം ചോദിക്കുന്നു. ഇതൊരു ചെറിയ കാര്യമായി തോന്നാമെങ്കിലും മൊത്തം സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇത്തരം വീഴ്ചകൾ കാരണമാകുമെന്ന് ദക്ഷ് സേതി പറയുന്നു.
വിഡിയോ വൈറലായതോടെ മറ്റ് പലരും സമാനമായ അനുഭവം പങ്കുവെച്ചു. ഒരാൾ പറഞ്ഞത്, മൂന്ന് ബാഗുകളുമായി നാല് വിമാനത്താവളങ്ങളിൽ യാത്ര ചെയ്തപ്പോൾ 12 കിലോ വരെ തൂക്കവ്യത്യാസമുണ്ടായെന്നാണ്.
സംഭവത്തിൽ ഇൻഡിഗോയും പ്രതികരിച്ചു. ഇത്തരമൊരു സംഭവം ചൂണ്ടിക്കാട്ടിയതിന് യാത്രക്കാരനോട് നന്ദി പറഞ്ഞ ഇൻഡിഗോ, തൂക്ക മെഷീനുകൾ കൃത്യമായ ഇടവേളകളിൽ വിമാനത്താവള ഏജൻസികൾ തന്നെ കൃത്യമാക്കി വെക്കുന്നതാണെന്നും, ഇപ്പോഴത്തെ സംഭവം അവരുടെ ശ്രദ്ധയിൽപെടുത്തുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.