ന്യൂഡൽഹി: മഹത്തായ സാംസ്കാരിക വൈവിധ്യമുള്ള ഒരു രാജ്യമായിട്ടും വിനോദസഞ്ചാര കേന്ദ്രങ്ങൾ നിരവധി ഉണ്ടായിട്ടും വിദേശ വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിക്കാൻ വിസമ്മതിക്കുകയും മറ്റിടങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. യാത്രികയും ഇന്ത്യൻ വ്ലോഗറുമായ ഷെനാസിന്റെ വിഡിയോയാണ് ചർച്ചക്ക് തുടക്കമിട്ടത്.
അടുത്തിടെ ശ്രീലങ്കയിലെ എല്ലയിലേക്ക് പോയ ഷെനാസ്, ശ്രീലങ്കയിലെയും ഇന്ത്യയിലെയും പൊതു ശുചിത്വ നിലവാരം താരതമ്യം ചെയ്യുന്ന ഒരു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ശ്രീലങ്കയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ഷെനാസ് അവിടെയുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കാണിക്കുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്. ഇന്ത്യക്ക് തൊട്ടടുത്താണെങ്കിലും, വിദേശ വിനോദസഞ്ചാരികൾ അവിടെ കൂടുതലാണെന്ന് ഷെനാസ് വ്യക്തമാക്കുന്നു. അതിനു കാരണം ഇന്ത്യയുടെ വൃത്തിയില്ലായ്മയാണെന്നും അവർ വിഡിയോയിൽ പറയുന്നു.
‘സ്റ്റേഷനിൽ അവർ വച്ചിരിക്കുന്ന മാലിന്യ ബോക്സുകൾ നോക്കൂ. വിദേശികൾ എത്ര യാത്ര ചെയ്യുന്നു എന്ന് നോക്കൂ. നമ്മൾ വൃത്തിയെക്കുറിച്ച് ശ്രദ്ധിക്കാത്തതിനാൽ ഇന്ത്യയുടെ ടൂറിസം ഇല്ലാതാവുകയാണ്. ലോകത്തിലെ ഏറ്റവും വൃത്തികുറഞ്ഞ രാജ്യമാവുകയാണ് നമ്മൾ’ ഷെനാസ് നിരാശയോടെ വിഡിയോയിൽ പറയുന്നു.
നമ്മൾ ദേശസ്നേഹമുള്ള ഒരു രാജ്യമായി മാറുന്നത് പതാകകളെയും മുദ്രാവാക്യങ്ങളെയും ബഹുമാനിക്കുമ്പോൾ മാത്രമല്ല, ഭൂമിയെ ബഹുമാനിക്കുമ്പോൾ കൂടിയാണെന്നും അവർ പറയുന്നു. ‘എല്ലായിടത്തും മാലിന്യം വലിച്ചെറിയുന്നതിനും തുപ്പുന്നതിനും നമ്മുടെ സർക്കാർ പിഴ ചുമത്താത്തത് എന്തുകൊണ്ട്? നദികൾ പ്ലാസ്റ്റിക് കൊണ്ട് നിറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? വിനോദസഞ്ചാരികൾ യാത്രക്കിടെ പർവതങ്ങൾക്കും ബീച്ചുകൾക്കും ക്ഷേത്രങ്ങൾക്കും സമീപം മാലിന്യം കാണാനിടവരുന്നത് എന്തുകൊണ്ട്?’ തുടങ്ങിയ ചോദ്യങ്ങളും അവർ ചോദിക്കുന്നു.
ചെറിയ രാജ്യമാണെങ്കിലും ശ്രീലങ്കയിലെ പൗരബോധം ശ്രദ്ധേയമാണെന്നും അവർ പറയുന്നു. ‘ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറിയ രാജ്യമായ ശ്രീലങ്ക 2025ൽ ഏകദേശം 2.36 ദശലക്ഷം വിനോദസഞ്ചാരികളെയാണ് സ്വാഗതം ചെയ്തത്. ഇതവർക്ക് 3.2 ബില്യൺ ഡോളറിലധികം വരുമാനം നേടിക്കൊടുത്തു.’ ഇന്ത്യയുടെ ടൂറിസം റിപ്പോർട്ടുകളിൽ ശുചിത്വക്കുറവ്, ശുചീകരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് വിനോദസഞ്ചാരികളുടെ തിരക്ക് കുറയുന്നതിന് പ്രധാന കാരണമെന്ന് പരാമർശിക്കുന്നുണ്ടെന്നും ഷെനാസ് ചൂണ്ടിക്കാട്ടുന്നു.
ഷെനാസിന്റെ വിഡിയോക്ക് പിന്തുണയുമായി ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ ധാരാളമെത്തി. ഷെനാസിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ പോസ്റ്റുകളിട്ടു. ‘വസ്തുതകൾ പറഞ്ഞതിനാൽ ദേശവിരുദ്ധൻ എന്ന വിളികേൾക്കാൻ തയാറാകൂ’ എന്നും ചിലർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.