മീൻ കഴിച്ചാൽ ആസ്ത്മ മാറുമോ? ആശ്വാസം തേടി ആയിരങ്ങൾ ഹൈദരാബാദിൽ; ചരിത്രപ്രസിദ്ധമായ 'ഫിഷ് പ്രസാദം' വിതരണം സമാപിച്ചു

ഹൈദരാബാദ്: ആസ്ത്മക്കും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും പരിഹാരമെന്ന് വിശ്വസിക്കപ്പെടുന്ന ഹൈദരാബാദിലെ പ്രസിദ്ധമായ 'ഫിഷ് പ്രസാദം' വിതരണം നാമ്പള്ളിയിലെ എക്സിബിഷൻ ഗ്രൗണ്ടിൽ സമാപിച്ചു. മൃഗശിര കാർത്തി (മഴക്കാലത്തിന്റെ തുടക്കം) ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും നടക്കുന്ന ഈ ചടങ്ങ് ഇത്തവണയും പതിനായിരക്കണക്കിന് ഭക്തരെയാണ് ആകർഷിച്ചത്. 1845 മുതൽ ഹൈദരാബാദിലെ ബത്തിന കുടുംബമാണ് ഈ പരമ്പരാഗത ഔഷധ വിതരണം നടത്തിവരുന്നത്.

ഒരു ചെറിയ വരാൽ മത്സ്യത്തിന്റെ വായിൽ പ്രത്യേക ഔഷധക്കൂട്ട് (ഹെർബൽ പേസ്റ്റ്) നിറച്ച് രോഗിയുടെ തൊണ്ടയിലേക്ക് ഇറക്കുന്നതാണ് ഈ ചടങ്ങ്. ആസ്ത്മ രോഗികൾക്ക് ഇത് വലിയ ആശ്വാസം നൽകുന്നുവെന്നാണ് വർഷങ്ങളായുള്ള വിശ്വാസം. ‘ആദ്യം അല്പം പേടി തോന്നിയിരുന്നെങ്കിലും, പ്രസാദം കഴിച്ചപ്പോൾ ഇപ്പോൾ നല്ല സുഖം തോന്നുന്നുവെന്നാണ് ചടങ്ങിൽ പങ്കെടുത്ത ആറുവയസ്സുകാരനായ വ്രജ് പറഞ്ഞത്.

ബീഹാറിൽ നിന്ന് എത്തിയ നജ്മ എന്ന സ്ത്രീ കഴിഞ്ഞ മൂന്നു വർഷമായി ഈ ചടങ്ങിൽ മുടങ്ങാതെ പങ്കെടുക്കുന്നുണ്ട്. ശാസ്ത്രീയമായി ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയില്ലെങ്കിലും, പ്രസാദം കഴിക്കുമ്പോൾ തനിക്ക് വലിയ ആശ്വാസം ലഭിക്കാറുണ്ടെന്ന് അവർ പറയുന്നു.

ഈ ഔഷധക്കൂട്ടുകിട്ടിയതിനെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. 1845ൽ ഹിമാലയത്തിൽ നിന്നുള്ള ഒരു സന്യാസി ഹൈദരാബാദിലെ വീരണ്ണ ഗൗഡ് എന്ന വ്യക്തിയുടെ വീട്ടിലെത്തി. അദ്ദേഹത്തിന് വീരണ്ണ ഗൗഡ് നൽകിയ സഹായത്തിൽ സന്തുഷ്ടനായ സന്യാസി, ഈ അത്ഭുത ഔഷധത്തിന്റെ രഹസ്യക്കൂട്ടുകൾ അദ്ദേഹത്തിന് പകർന്നു നൽകുകയായിരുന്നു എന്നാണ് കഥ. അന്നു മുതൽ ബത്തിന കുടുംബം തലമുറകളായി ഈ ചികിത്സാ രീതി തുടർന്നുവരുന്നു.

ഈ പ്രസാദം കഴിക്കുന്നതിന് ചില കർശനമായ ചിട്ടകളുണ്ട്. പ്രസാദം കഴിച്ചതിന് ശേഷം 30 മിനിറ്റ് യാതൊരു വിധ ദ്രാവകങ്ങളും കുടിക്കാൻ പാടില്ല. കൃത്യമായ ഫലം ലഭിക്കാൻ തുടർച്ചയായി മൂന്നു വർഷം ഈ പ്രസാദം കഴിക്കണമെന്നാണ് വിശ്വാസം. മത്സ്യം കഴിക്കാൻ താല്പര്യമില്ലാത്തവർക്ക് ശർക്കരയിൽ പൊതിഞ്ഞ ഔഷധക്കൂട്ടും ലഭ്യമാണ്. പ്രസാദത്തിന് പുറമെ, 45 ദിവസത്തേക്ക് ഒഴിഞ്ഞ വയറ്റിൽ കഴിക്കേണ്ട പ്രത്യേക ഗുളികകളും ഇവർ നിർദേശിക്കുന്നുണ്ട്.

ഈ വർഷത്തെ ചടങ്ങിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതായി ബത്തിന ശിവശങ്കർ ഗൗഡ് വ്യക്തമാക്കി. തെലങ്കാന സർക്കാരിന്റെ സഹകരണത്തോടെയാണ് ബത്തിന കുടുംബം ഈ പരിപാടി സംഘടിപ്പിച്ചത്. ഭക്തർക്കായി 124 പ്രത്യേക ബസുകളും അധികൃതർ ക്രമീകരിച്ചിരുന്നു. രോഗശാന്തിക്ക് വേണ്ടിയും വിശ്വാസത്തിന്റെ ഭാഗമായും കൗതുകം കൊണ്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് ഹൈദരാബാദിൽ ഒത്തുചേർന്നത്. ജാതിമത ഭേദമന്യേ എല്ലാവർക്കും പ്രസാദം ലഭ്യമാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

മോഹൻലാലിന്‍റെ വാമനപുരം ബസ്റൂട്ടിലും സലിം കുമാറിന്‍റെ ഗുരു ശിഷ്യൻ എന്ന ചിത്രത്തിലും ഇത്തരത്തിൽ ആസ്ത്മക്കായി മീനിനെ കഴിക്കുന്ന സീനുകളുണ്ട്. ഇതിന് പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് വ്യക്തമല്ലെങ്കിലും ഇങ്ങനെ ചെയ്താൽ ആസ്ത്മകക്ക് ശമനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരും കൂടുതലാണ്. 

Tags:    
News Summary - Fish, faith and hope: Inside Hyderabad's annual fish prasadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.