കറിവെച്ചു കഴിച്ചത് വംശനാശ സാധ്യതയുള്ള വെള്ളസ്രാവിനെ; വ്ലോഗർക്കെതിരെ അന്വേഷണം

ബൈജിങ്: വെള്ളസ്രാവിനെ പാചകംചെയ്ത് കഴിച്ച ചൈനീസ് വ്ലോഗർക്കെതിരെ പൊലീസ് അന്വേഷണം. വംശനാശഭീഷണി സാധ്യതയുള്ള വെള്ളസ്രാവിനെ (ഗ്രേറ്റ് വൈറ്റ് ഷാർക്) പാചകം ചെയ്തതിനെ തുടർന്നാണ് അന്വേഷണം. സ്രാവിറച്ചി റോസ്റ്റ് ചെയ്യുന്നതിന്‍റെയും കഴിക്കുന്നതിന്‍റെയും വിഡിയോ വ്ലോഗർ അപ്ലോഡ് ചെയ്തിരുന്നു. ഇത് വൈറലായതിനെ തുടർന്നാണ് അധികൃതരുടെയും ശ്രദ്ധയിൽപെട്ടത്.

'ടിസി' എന്നറിയപ്പെടുന്ന ചൈനീസ് വ്ലോഗറാണ് സ്രാവിനെ കഴിച്ച് പുലിവാലു പിടിച്ചത്. ഏറെ ആരാധകരുള്ള ഇവർ ജൂലൈ പകുതിയോടെയാണ് സ്രാവിനെ കഴിക്കുന്ന വിഡിയോ പങ്കുവെച്ചത്.

സ്രാവിന്‍റെ ഇറച്ചി പാചകത്തിനൊരുക്കുന്നതിന്‍റെയും പാകംചെയ്യുന്നതിന്‍റെയും കഴിക്കുന്നതിന്‍റെയുമെല്ലാം വിഡിയോ പങ്കുവെച്ചിരുന്നു. തന്നേക്കാൾ വലിപ്പമുള്ള സ്രാവാണെന്ന് വ്യക്തമാക്കാൻ അതിനൊപ്പം കിടന്നുള്ള ദൃശ്യങ്ങളുമുണ്ടായിരുന്നു. ഏറെ സ്വാദിഷ്ടമായ ഇറച്ചിയാണെന്നാണ് കഴിച്ചുകൊണ്ട് അഭിപ്രായപ്പെട്ടത്. 



വിഡിയോ വൈറലായതോടെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. വംശനാശസാധ്യതയുള്ള സ്രാവിനെ കഴിക്കുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയതോടെ വിഡിയോ ഡിലീറ്റ് ചെയ്യേണ്ടിവന്നു. എട്ട് ദശലക്ഷം ഫോളോവേഴ്സാണ് വ്ലോഗർക്കുള്ളത്.

വംശനാശസാധ്യതയുള്ള സ്രാവുകളെയും മറ്റ് ജീവികളെയും പിടികൂടുന്നതോ ഭക്ഷണമാക്കുന്നതോ കുറ്റകരമാണ്. സമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇരപിടിയന്മാരായ സ്രാവുകൾക്ക് ഭക്ഷ്യശൃംഖലയിൽ നിർണായക സ്ഥാനമാണുള്ളത്. വർഷം തോറും എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന ഇവയെ സംരക്ഷിക്കാനായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. 

Tags:    
News Summary - China Vlogger Who Roasted, Ate Great White Shark On Camera Under Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.