‘മോദിയല്ല, സുരേന്ദ്രൻ പ്രധാനമന്ത്രി ആയാലും പാകിസ്താനെ തോൽപിക്കാം’ -തള്ളുകാരായ മിത്രങ്ങളെ അപ്പച്ചൻ ഓടിച്ചത് വിവരിച്ച് താര ടോജോ അലക്സ്

കൊച്ചി: ഓപറേഷൻ സിന്ദൂറിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി.ജെ.പിക്കാരെ ചരിത്രവും വർത്തമാനവും ഓർമിപ്പിച്ച് സ്വന്തം അപ്പച്ചൻ വായടപ്പിച്ചത് രസകരമായി വിവരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ്. രാവിലെ ചായ കുടിക്കുന്നതിനിടെ ചായക്കടയിലെ മുഴുവൻ ആളുകളുടെയും ശ്രദ്ധ ആകർഷിക്കും വിധം രണ്ട് സംഘ്പരിവാറുകാർ നടത്തിയ സംഭാഷണത്തെയാണ് അപ്പച്ചൻ ഇടപെട്ട് പൊളിച്ച് കൈയിൽ കൊടുത്തത്.

മോദി ജി പാകിസ്താനെ പാഠം പഠിപ്പിച്ചുവെന്നും മോദിയെ പൊലൊരു ഭരണാധികാരിയെ ഇതിനു മുൻപ് നമ്മൾ കണ്ടിട്ടില്ലെന്നും അവകാശവാദമുന്നയിച്ച സംഘ്പരിവാറുകാരെ നെഹ്റു, ലാൽബഹദൂർ ശാസ്ത്രി, ഇന്ദിര എന്നിവരുടെ നീക്കങ്ങൾ ഓർമിപ്പിച്ച് ഉത്തരംമുട്ടിക്കുകയായിരുന്നു. അരുണാചലിൽ ചൈന കൈയേറിയ ഭാഗങ്ങൾ അവരോട് യുദ്ധം ചെയ്ത് തിരിച്ച് പിടിക്കാൻ ദേശസ്നേഹ തള്ള് നടത്തുന്നവർ വേഗം ചെന്ന് മോദിജിയോട് പറയണമെന്ന് ആവശ്യപ്പെട്ടതോടെ രണ്ട് മിത്രങ്ങളും അവിടെനിന്ന് പതിയെ എഴുന്നേറ്റുപോയതായും ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

രാവിലെ പ്രഭാത സവാരിയും അല്ലറ ചില്ലറ വ്യായാമ കസർത്തെല്ലാം കഴിഞ്ഞ് ഫ്രണ്ട്സിനൊപ്പം അടുത്തുള്ള ചായക്കടയിൽ നിന്ന് ഒരു ചായ കുടിക്കുന്ന ശീലമുണ്ട് എൻ്റെ അപ്പച്ചന്..

ഇന്നും പതിവ് പരിപാടികൾക്ക് ശേഷം അപ്പച്ചനും സുഹൃത്തുക്കളും ഇരുന്നു താത്വികാവലോകനം ചെയ്യുകയായിരുന്നു..

അപ്പോഴാണ് കഥാനായകരായ രണ്ട് ട്രൗസർവാലാ സംഘിസ് അവിടെ കടന്ന് വരുന്നത്...

വിഴിഞ്ഞം പോർട്ട് ഉദ്ഘാടനത്തിന് മുൻ നിരയിൽ സീറ്റ് കിട്ടിയ രാജീവ് ചന്ദ്രശേഖർ ജിയുടെ മുഖം പോലെ സന്തോഷമുണ്ട് രണ്ടാൾക്കും..

ചായക്കടയിലെ മുഴുവൻ ആളുകളുടെയും ശ്രദ്ധ ആകർഷിക്കും വിധം ഉച്ചത്തിൽ ഒന്നാമത്തെ സംഘി രണ്ടാമത്തെ സംഘിയോട്..

"മോദി ജി ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ രാജ്യത്തിൻ്റെ അവസ്‌ഥ!! മോദി പാക്കിസ്ഥാനെ പാഠം പഠിപ്പിച്ചു.."

രണ്ടാമൻ : "സത്യം, മോദി ജിയെ പൊലേയൊരു ഒരു ഭരണാധികാരിയെ ഇതിനു മുൻപ് നമ്മൾ കണ്ടിട്ടില്ല.. മോദിജി ഭാരതത്തിന്റെ അഭിമാനമാണ്.."

ഇതു കേട്ട അപ്പച്ചൻ : " അതെന്താ അങ്ങനെയൊരു ടോക്? ഇന്ത്യ ആദ്യമായണോ പാക്കിസ്ഥാനെ നേരിടുന്നത്?

1947 ഒക്ടോബറിൽ പാകിസ്ഥാൻ പിന്തുണയുള്ള ഗോത്ര സായുധ സേന ജമ്മു-കശ്മീർ നാട്ടുരാജ്യം ആക്രമിച്ചതോടെയാണല്ലോ ഒന്നാം ഇന്ത്യ-പാക് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധത്തിൽ പാക്കിസ്ഥാനെ തുരത്തി ഓടിച്ച് ജമ്മുകശ്മീരിനെ ഇന്ത്യയിലേക്ക് ലയിപ്പിച്ചത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ്.

സംഘി: "അതൊക്കെ ജാംബവാന്റെ കാലത്തെ കഥയല്ലേ ചേട്ടാ.."

അപ്പച്ചൻ: "എന്നാൽ ഇനിയുമുണ്ട്...

രണ്ടാമത്തെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം,

1965 ൽ ഓപ്പറേഷൻ ജിബ്രാൾട്ടർ എന്ന പേരിൽ പാകിസ്ഥാൻ പട്ടാളം കാശ്മീരിലേക്ക് നുഴഞ്ഞ് കയറിയപ്പോൾ അവരെ തുരത്തി ഓടിച്ചിരുന്നു ഇന്ത്യൻ സൈന്യം... അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ആണ്.."

സംഘി : "അതൊക്കെ അന്നല്ലേ കഥ ചേട്ടാ.."

അപ്പച്ചൻ: " അനിയാ.. സ്കൂളിൽ പോകാതെ ശാഖയിൽ പോയി ദണ്ട് കറക്കിയാൽ ചരിത്രം അറിയാൻ സാധ്യമല്ല...സാരമില്ല...

1971-ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധസമയത്ത് അമേരിക്ക, പാക്കിസ്ഥാനെ സഹായിക്കാൻ ഏഴാം കപ്പൽപ്പടയെ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു...

ഏത് അമേരിക്ക?! മൈ പ്രണ്ട്... ഇന്ത്യാസ് പ്രണ്ടിൻ്റെ അമേരിക്ക തന്നെ ..

അന്ന് ലോകം മൊത്തം കൈപ്പിടിയിൽ ഒതുക്കാൻ ശക്തിയുണ്ടായിരുന്ന

അമേരിക്കയുടെ ഏഴാം കപ്പൽപ്പടയോട് ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ചാൽ വന്ന പോലെ തിരിച്ചുപോവില്ലെന്ന് ആർജ്ജവത്തോടെ പറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരാണ് ഇന്ദിരാ ഗാന്ധി.

അതോടെ അമേരിക്ക പിന്മാറുകയും

പാക്കിസ്ഥാനെ രണ്ടായി വിഭജിച്ച്, ബംഗ്ലാദേശിൽ ഇന്ത്യയോട് വിധേയത്തമുള്ള ഒരു സർക്കാരിനെ ഭരണം ഏൽപ്പിച്ച ശേഷമാണ് നമ്മൾ പിൻവാങ്ങിയത്.

ലോകയുദ്ധ ചരിത്രങ്ങളിൽ ഇന്ത്യയുടെ ഭൗമരാഷ്ട്രീയ ചലനാത്മകത എഴുതി ചേർക്കപ്പെടുകയും ചെയ്തു.."

സംഘി : അന്നത്തെ പോലെ അല്ലല്ലോ ചേട്ടാ , ഇന്ന് സാഹചര്യം മാറിയില്ലേ.."

അപ്പച്ചൻ : "എന്താണ് മാറിയ സാഹചര്യം?!

എല്ലാ മേഖലകളിലും ലോകത്തിലേക്ക് വെച്ച് ഏറ്റവും താഴെക്കിടയിൽ തകർന്ന് കിടക്കുന്ന പാക്കിസ്‌ഥാനെന്ന തീവ്രവാദ രാജ്യത്തിന് രണ്ടടി കൊടുക്കുന്നത്, ഇന്ത്യ എന്ന ലോകത്തിലെ മഹാസൈനിക ശക്തിക്ക് വെറും നിസ്സാരമായ കാര്യമല്ലേ?

അതിപ്പോ നരേന്ദ്രമോദി അല്ല, ഇനി കെ സുരേന്ദ്രൻ പ്രധാനമന്ത്രി ആയാലും എളുപ്പമുള്ള കാര്യമാണത്..

ഇന്ത്യയുടെ പ്രതിരോധ മേഖല ലോകോത്തരമായതെങ്ങനെ എന്ന് പറയണമെങ്കിൽ 1947 മുതലുള്ള ചരിത്രം നിങ്ങളെ പഠിപ്പിക്കേണ്ടിവരും.."

സംഘി: "നിങ്ങളെപ്പോലെ ദേശസ്നേഹം ഇല്ലാത്തവരോട് അല്ലെങ്കിലും തർക്കിച്ചിട്ട് കാര്യമില്ല..."

അപ്പച്ചൻ: "എന്നാൽ ദേശസ്നേഹ തള്ള് നടത്തുന്ന നിങ്ങൾ ആദ്യം ഒരു കാര്യം ചെയ്യ്... അങ്ങ് വടക്ക് കിഴക്കുള്ള നമ്മുടെ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ, ചൈന കേരളത്തോളം വലിപ്പമുള്ള ഇന്ത്യൻ പ്രദേശം കയ്യേറി, അവിടെ ബിൾഡിംഗ് ഒക്കെ പണിയുന്നുണ്ടല്ലേ,

ദേശസ്നേഹികൾ വേഗം ചെന്ന് മോദിജിയോട് ചൈനയോട് യുദ്ധം ആ പ്രദേശങ്ങൾ തിരിച്ച് പിടിക്കാൻ പറ.."

ക്രിക്കറ്റ് മാച്ച് കാണുമ്പോൾ പവർ കട്ട് വന്ന അവസ്‌ഥയായിലായ രണ്ട് മിത്രങ്ങളും അവിടെനിന്ന് പതിയെ എഴുന്നേറ്റു.....

സംഘി : ചേട്ടാ .. ചേട്ടനോട് ആരെങ്കിലും അഭിപ്രായം ചോദിച്ചോ? ഞങ്ങൾ പരസ്പരം തള്ളിക്കോളാം , ചേട്ടനേ ഇങ്ങോട്ട് ആരും ക്ഷണിച്ചില്ല..."

അപ്പനും കൂട്ടുകാരും ഇന്ന് ചായയ്ക്ക് കടിയായി രണ്ട് സംഘികളെ കിട്ടിയതായിരുന്നു...

പക്ഷെ അപ്പോഴേക്കും സമ്പൂർണ്ണ സാക്ഷരതയുള്ളതാണ് നമ്മുടെ നാടിൻറെ കുഴപ്പം എന്ന് അപലപിച്ചുകൊണ്ട് അവർ അവിടെ നിന്നും സ്കൂട്ടായി..

Tara Tojo Alex

Full View

Tags:    
News Summary - tara tojo alex against politicalization of operation sindoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.