‘സംഘപരിവാറിന്റെ സോഷ്യൽ മീഡിയ വ്യാജ വാർത്ത നിർമ്മിതി’; വൈറലായി സ്ക്രീൻഷോട്ടുകൾ

സംഘപരിവാർ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ വ്യാജോക്​തികൾ പ്രചരിപ്പിക്കാൻ സ്ഥിരം സംവിധാനമുള്ള ഒരു സംഘമാണെന്നത്​ രഹസ്യമല്ല. ഉത്തരേന്ത്യയിലാണ്​ ഇവർ പ്രധാനമായും പ്രവർത്തിക്കുന്നത്​. എന്നാൽ പ്രാദേശിക ഭാഷകളിലും ഇവർ സജീവമാണ്​. ഇതിന്‍റെ തെളിവുകൾ നിരവധി ​സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ബി.ജെ.പി നേതാവും നടനുമായ സുരേഷ്​​ഗോപിക്കുവേണ്ടി ബി.ജെ.പി ഐ.ടി സെൽ നടത്തിയ ഇടപെടലുകളാണ്​ സോഷ്യൽമീഡിയയിൽ വൈറലായത്​.

‘സംഘ പരിവാറിന്റെ സോഷ്യൽ മീഡിയ / ഓൺലൈൻ വ്യാജ വാർത്ത നിർമ്മിതിയുടെ മറ്റൊരു ഉദാഹരണം.

വിലയ്ക്കെടുക്കപ്പെട്ട പേജുകൾ, ന്യൂസ് പോർട്ടലുകൾ എന്ന മട്ടിൽ പെയ്ഡ് വാർത്തകൾക്കുള്ള വില്പനയ്ക്ക് ബോർഡും കഴുത്തിലഞ്ഞിരിക്കുന്ന ഓൺലൈനുകൾ എന്നിങ്ങനെ സംഘപരിവാറിന് വേണ്ടി കണ്ടന്റ് ജനറേറ്റ് ചെയ്യുന്ന ഇടങ്ങൾക്ക് ഉദാഹരണങ്ങൾ. ഇത് 27 എണ്ണം മാത്രം. നൂറുകണക്കിനുണ്ടിവ. മാരക വൈറസുകളുടെ കാരിയേഴ്സ്.

ബ്ലോക്ക് ചെയ്തും ഇവയെല്ലാം എന്താണെന്ന് പരസ്പരം പറഞ്ഞുമൊക്കെ കഴിയുന്നത്ര പ്രതിരോധിക്കാം’-സ്ക്രീൻഷോട്ടുകൾ പങ്കുവച്ചുകൊണ്ട്​ ശ്രീജിത്​ ദിവാകരൻ ഫേസ്​ബുക്കിൽ കുറിച്ചു.

വ്യാജങ്ങളുടെ ലോകം

സംഘപരിവാറിന്റെ സോഷ്യൽ മീഡിയ വ്യാജ വാർത്ത നിർമ്മിതി ഏറെക്കാലമായി തുടരുന്നതാണ്​. വിലയ്ക്കെടുക്കപ്പെട്ട പേജുകൾ, ന്യൂസ് പോർട്ടലുകൾ എന്ന മട്ടിൽ പെയ്ഡ് വാർത്തകൾക്കുള്ള ഓൺലൈൻ പ്ലാറ്റ്​ഫോമുകൾ ആയിരക്കണക്കിന് വ്യാജ പ്രൊഫൈലുകൾ​ എന്നിങ്ങനെ സംഘപരിവാറിന് വേണ്ടി കണ്ടന്റ് ജനറേറ്റ് ചെയ്യുന്ന ഇടങ്ങൾ ധാരാളമുണ്ട്​.

കണ്ണൂര്‍ രാമന്തളിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സി.പി.ഐ.എമ്മിന്റേതെന്ന പേരില്‍ വ്യാജ വിഡിയോ പുറത്തുവിട്ടത് അന്നത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനായിരുന്നു.


കൊലപാതകത്തെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ പരിയാരം മെഡിക്കല്‍ കോളേജിനു മുന്നില്‍ നിന്നും ആര്‍.എസ്.എസുകാര്‍ ആംബുലന്‍സ് ആക്രമിക്കുകയും ആശുപത്രിയുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തപ്പോള്‍ സി.പി.ഐ.എം ഭീകരത എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റിന് റീ ട്വീറ്റ്​ ചെയ്തത് രാജ്യസഭാംഗവും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ എം.പിയായിരുന്നു.

മലപ്പുറത്ത് ക്ഷേത്രം തകര്‍ത്ത് അത് മുസ്‌ലിംകളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചതും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയിലായതും കേരളം കണ്ടതാണ്. പിന്നീട് മലപ്പുറത്ത് അമുസ്‌ലീങ്ങള്‍ക്ക് സ്വന്തമായി ഭൂമി വാങ്ങാന്‍ കഴിയുന്നില്ലെന്ന വാദവുമായി സംഘപരിവാരം എത്തിയപ്പോള്‍ നുണപ്രചരണത്തെ പൊളിച്ചടുക്കിയത് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവായിരുന്നു.

​ഐ.ടി സെൽ പണിമുടക്കി!

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ബി.ജെ.പിയുടെ ഐ.ടി സെല്ലിന്‍റെ കർണാടക വിഭാഗം പണിമുടക്കുന്ന വിചിത്ര കാഴ്​ച്ചയും 2022ൽ കാണാനിടയായി. ഐ.ടി സെല്ലിനെ നിയന്ത്രിക്കുന്ന ജീവനക്കാർ ഫോണും ലാപ്ടോപ്പും താഴെ വെച്ച് പണിമുടക്കിയതിനാൽ കർണാടക ബി.ജെ.പി കടുത്ത പ്രതിസന്ധി നേരിടുകയാണെന്നാണ്​ വാർത്ത പുറത്തുവന്നത്​. പാർട്ടിയുടെ സമൂഹമാധ്യമ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള പ്രതിഷേധം നടന്നത്.


ബി.ജെ.പി യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബീജാപൂർ, ബാഗൽകോട്ട് ജില്ലകളിൽ പ്രവർത്തിക്കുന്ന 166 ഐ.ടി സെൽ ജീവനക്കാർ രാജിക്കത്ത് നൽകിയിരുന്നു. കൊലപാതകത്തിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു ഇത്.

ബീജാപൂർ ജില്ലയിലെ ഐ.ടി സെൽ ജീവനക്കാരുടെ രാജി ബി.​ജെ.പിയിലെ ദുരന്തമാണെന്നാണ് ഇതിനു നേതൃത്വം നൽകുന്ന സന്ദീപ് പാട്ടീൽ പ്രതികരിച്ചത്. ഐ.ടി സെൽ ബി.ജെ.പിയുടെ മുഖമായിരുന്നു. ഞങ്ങളാണ് ബി.ജെ.പിയുടെ നട്ടെല്ല് എന്നും രണ്ടു വർഷമായി ബി.ജെ.പി സോഷ്യൽ മീഡിയ കൺവീനറായി ചുമതല വഹിക്കുന്ന സന്ദീപ് പാട്ടീൽ പറഞ്ഞു. ഐ.ടി സേവനം നടക്കു​ന്നില്ലെങ്കിൽ ബി.ജെ.പി ക്ക് കനത്ത തിരിച്ചടിയാണുണ്ടാവുകയെന്നും അയാൾ പറഞ്ഞുവച്ചു. കർണാടകയിലെ ബി.ജെ.പി ഐ.ടി സെല്ലിൽ 3300 ജീവനക്കാർ ജോലി ചെയ്യുന്നതായും അന്ന്​ വാർത്ത പുറത്തുവന്നിരുന്നു.

ഐ.ടി സെൽ ജീവനക്കാരിൽ ഭീകരരും

2022I ജമ്മുവിൽ പിടിയിലായ ലഷ്കറെ തയിബ ഭീകരവാദികളിലൊരാൾ ബി.ജെ.പി ഐ.ടി സെൽ അംഗമെന്ന് റിപ്പോർട്ട് വന്നിരുന്നു. മൈനോരിറ്റി മോർച്ചയുടെ ഐടി സെൽ മേധാവിയായിരുന്നു ഇയാളെന്നാണ്​ വിവരം. താലിബ് ഹുസൈൻ ഷാ എന്നയാളേയും മറ്റൊരാളെയും നാട്ടുകാരാണ് ജമ്മുവിൽ നിന്ന് പിടികൂടി പൊലീസിന് കൈമാറിയത്. ജമ്മുവിലെ റീസിയിൽനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.


താലിബ് ജമ്മുവിലെ ബി.ജെ.പി ന്യൂനപക്ഷ മോർച്ച ഐ.ടി സെൽ തലവനായിരുന്നുവെന്ന് എന്‍ഡിടിവി, ഇന്ത്യാടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽനിന്ന് ഗ്രനേഡുകളടക്കമുള്ള സ്‌ഫോടകവസ്തുക്കളും എ.കെ റൈഫിൾ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു.

രജൗരിയിലെ ബുധൻ സ്വദേശിയാണ് താലിബ് ഹുസൈൻ ഷാ. കഴിഞ്ഞ മേയ് ഒൻപതിനാണ് താലിബ് ഷാ ന്യൂനപക്ഷ മോർച്ചയുടെ സോഷ്യൽ മീഡിയ ചാർജ് ഏറ്റെടുത്തത്. പാർട്ടി നേതൃത്വം തന്നെയാണ് ചുമതല നൽകിയത്​. താലിബിന്റെ നിയമനം അറിയിച്ചുകൊണ്ടുള്ള ജമ്മു കശ്മീർ ന്യൂനപക്ഷ മോർച്ചയുടെ വാർത്താകുറിപ്പ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ബിജെപിയുടെ മുതിർന്ന നേതാക്കൾക്കൊപ്പമുള്ള താലിബിന്റെ ചിത്രങ്ങളും പുറത്തുവന്നു.


Tags:    
News Summary - 'Social Media Fake News Manufacture of Sangh Parivar'; Screenshots go viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.