പത്താം വയസ്സിൽ ലോകത്തെ ഏറ്റവും മികച്ച ഫാഷൻ ഷോയിലെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുക, ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കുക... മാക്സ് അലക്സാണ്ടർ എന്ന പ്രതിഭക്ക് പിന്നാലെയാണ് ഇന്ന് ഫാഷൻ പ്രേമികൾ. മറ്റുള്ള കുട്ടികൾ കളിച്ചുനടക്കുമ്പോൾ മാക്സ് ഫാഷൻ ലോകത്ത് റെക്കോർഡുകൾ കൊയ്യുകയായിരുന്നു. ഒടുവിൽ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും മാക്സ് തന്റെ പേരിലാക്കി.
അടുത്തിടെ നടന്ന പാരിസ് ഫാഷൻ വീക്കിനിടെയാണ് ഈ കുട്ടി ഡിസൈനർ വീണ്ടും ലോകശ്രദ്ധനേടുന്നത്. മുമ്പ്, 2023ൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കുന്ന സമയത്താണ് മാക്സ് ആഗോള ശ്രദ്ധനേടിയത്. ഇത്തവണത്തെ ഫാഷൻ വീക്കിൽ മാധ്യമങ്ങൾ വീണ്ടും മാക്സിനെ ആരാധകരുടെ മുന്നിലെത്തിച്ചു. പരിസ്ഥിതി സൗഹാർദപരമായ വസ്ത്രങ്ങൾ നിർമിക്കുന്നതിലാണ് മാക്സ് കൂടുതൽ ശ്രദ്ധകൊടുക്കുന്നത്. വെറും സ്റ്റൈൽകൊണ്ട് മാത്രം കാര്യമില്ലെന്നാണ് ഈ കുഞ്ഞു ഡിസൈനറുടെ കാഴ്ചപ്പാട്.
സെലിബ്രിറ്റികളാണ് മാക്സിന്റെ ഏറ്റവും വലിയ ആരാധകർ. ഷാരോൺ സ്റ്റോൺ തുടങ്ങി നിരവധി ഹോളിവുഡ് താരങ്ങളുടെ പ്രിയ ഡിസൈനർ കൂടിയാണ് ഈ മിടുക്കൻ. വെറും ഡ്രസ്സുകൾ മാത്രമല്ല, ഫാഷൻ ഷോകളിലെ എല്ലാ മെറ്റീരിയലുകളും ഡിസൈൻ ചെയ്യുന്നുണ്ട് മാക്സ്. 150ലേറെ ഡിസൈനുകളിലുള്ള വസ്ത്രങ്ങളും മറ്റും ഈ പ്രായത്തിനിടെ മാക്സിന്റെ ഡിസൈനിൽ പിറവിയെടുത്തു കഴിഞ്ഞു. ലോകമെമ്പാടുമുള്ള ആരാധകർ ഇപ്പോൾ മാക്സ് ഡിസൈൻ ചെയ്യുന്ന ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള തിരക്കിലാണ്. ഇറങ്ങുന്നവയെല്ലാം വളരെ പെട്ടന്നുതന്നെ തീർന്നുപോവുകയാണെന്നാണ് വിപണിയിലെ അവസ്ഥ. നാലാംവയസ്സിലാണ് ഫാഷനിൽ മാക്സ് താൽപ്പര്യം കാണിച്ചുതുടങ്ങിയതെന്ന് മാതാപിതാക്കൾ പറയുന്നു. കാലിഫോർണിയയിൽ ജാക്ക് അലക്സാണ്ടറിന്റെയും ഷെറി മാഡിസണിന്റെയും മകനായി ജനിച്ച മാക്സ്, ഇപ്പോൾ 14 വയസ്സുള്ള തന്റെ സഹോദരി സാമന്തയിലാണ് തന്റെ ആദ്യത്തെ ഡിസെനുകൾ പരീക്ഷിച്ചുതുടങ്ങിയത്.
‘ഞാൻ ആദ്യം തുന്നിയ വസ്ത്രങ്ങളെല്ലാം അവൾക്കുവേണ്ടിയായിരുന്നു, അവൾ അത് ധരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ശരിക്കും സന്തോഷം തോന്നി’ മാക്സ് പറയുന്നു.
2024 സെപ്റ്റംബറിൽ, എട്ട് വയസ്സുള്ളപ്പോൾ, ഫാഷൻ വ്യവസായത്തിലെ സുസ്ഥിരതയെക്കുറിച്ച് മാക്‌സ് ഐക്യരാഷ്ട്രസഭയിൽ സംസാരിച്ചിരുന്നു. വസ്ത്രങ്ങൾ പാഴാക്കുന്നതിനെക്കുറിച്ചും അമിത ഉപയോഗത്തെക്കുറിച്ചുമെല്ലാം പക്വതയോടെയുള്ള സംസാരമായിരുന്നു മാക്സിന്റേതെന്ന് പത്രറിപ്പോർട്ടുകൾ പറയുന്നു. മാക്സ് ഒരു സീരിയസ് ഡിസൈനർ ആണെങ്കിലും വീട്ടിൽ ഒരു പാവം കുട്ടിയാണെന്നും പാചകവും ടെന്നീസുമെല്ലാമാണ് അവന്റെ ഇഷ്ട വിനോദങ്ങളെന്നും മാതാപിതാക്കൾ പറയുന്നു. കാര്യം ഡിസൈനറാണെങ്കിലും ഭാവിയിൽ എൻജിനീയറാവാനാണ് മാക്സിനിഷ്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.