ബീഡിക്കവറിൽ 'ബാബു ബംഗാളി'യായി തിളങ്ങി സിദ്ദീഖ്; താരത്തെ തിരിച്ചറിയാതെ ബീഡി കമ്പനി, ചിരിയോടെ സോഷ‍്യൽ മീഡിയ

കൊൽക്കത്ത: പ്രമുഖരുടെ ചിത്രങ്ങൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ചെറുകിട കച്ചവട മേഖലകളിൽ പുതിയ സംഭവമല്ല. എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു ബീഡിക്കവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും മലയാളി സിനിമാപ്രേമികൾക്കിടയിലും തരംഗമാകുന്നത്. 'ബാബു ബംഗാളി ബീഡി' എന്ന പേരിൽ മുർഷിദാബാദ് ജില്ലയിലെ ചചന്ദയിലുള്ള നസീബ് ബീഡി ഫാക്ടറി പുറത്തിറക്കുന്ന നീലയും വെള്ളയും കലർന്ന പാക്കറ്റിലാണ് മലയാളത്തിന്റെ പ്രിയ നടൻ സിദ്ദീഖിന്റെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. തങ്ങൾ കവറിൽ അച്ചടിച്ചുവെച്ചിരിക്കുന്നത് മലയാള സിനിമയിലെ പ്രശസ്തനായ ഒരു അഭിനേതാവിന്റെ ചിത്രമാണെന്ന കാര്യം നിർമാതാക്കൾ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.

കവറിലുള്ളത് കമ്പനി ഉടമയോ അതല്ലെങ്കിൽ സങ്കൽപ്പ കഥാപാത്രമായ 'ബാബു'വോ ആണെന്നാണ് പ്രാദേശിക ഉപഭോക്താക്കൾ കരുതുന്നത്. എന്നാൽ ബംഗാളിലെത്തുന്ന ഏതൊരു മലയാളിക്കും ഒറ്റനോട്ടത്തിൽ തന്നെ ആളെ തിരിച്ചറിയാനാകും.

പകർപ്പവകാശ നിയമങ്ങളെക്കുറിച്ചോ പ്രശസ്ത വ്യക്തികളുടെ അനുമതിയെക്കുറിച്ചോ ധാരണയില്ലാതെ ഗൂഗിളിൽ നിന്ന് ലഭിച്ച ചിത്രം യാദൃച്ഛികമായി ഉപയോഗിച്ചതാകാനാണ് സാധ്യത. സ്വന്തം ചിത്രം അതിർത്തി കടന്ന് ബംഗാളിലെ ബീഡിക്കവറിൽ പ്രത്യക്ഷപ്പെട്ട വാർത്തയോട് നടൻ സിദ്ദീഖ് എങ്ങനെയാവും പ്രതികരിക്കുക എന്നറിയാനുള്ള കൗതുകത്തിലാണ് ആരാധകരും സിനിമാ ലോകവും. ഇതിനുമുമ്പും നിരവധി പ്രമുഖ താരങ്ങളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ ഉത്തരേന്ത്യയിലെ പ്രാദേശിക ബ്രാൻഡുകൾ ഉപയോഗിച്ചത് സോഷ‍്യൽ മീഡിയയിൽ വല്ല‍്യ ചർച്ചയായിരുന്നു.

Tags:    
News Summary - Malayalam Actor Siddique's Photo Used on Bengal Bidi Pack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.