പള്ളിയിലെത്തി പ്രാർഥിച്ച് അമ്പലത്തിലേക്ക് പോകുന്ന 'ചെറുക്കപ്പൻ ചേട്ടൻ'; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

കേരളത്തിന്റെ മണ്ണിൽ പരസ്പര സ്നേഹവും മതസൗഹാർദ്ദവും ഇന്നും കാറ്റേൽക്കാത്ത വിളക്കുപോലെ ശോഭിക്കുന്നുവെന്ന് ഓർമിപ്പിച്ച് സോഷ്യൽ മീഡിയയിൽ ഹൃദയം തൊടുന്ന ഒരു വീഡിയോ ശ്രദ്ധനേടുന്നു. അതിരാവിലെ സുബ്ഹി നമസ്കാര സമയത്ത് പള്ളിയിലെത്തി പ്രാർത്ഥനയിൽ പങ്കുചേരുകയും ശേഷം നേരെ ക്ഷേത്രത്തിലേക്ക് നടന്നുനീങ്ങുകയും ചെയ്യുന്ന ഒരു വയോധികന്റെ നിഷ്കളങ്കമായ കാഴ്ചയാണ് സൈബർ ലോകത്ത് വൈറലാകുന്നത്. 

ഇൻസ്റ്റാഗ്രാമിൽ മുഹമ്മദ് ഫസൽ എന്ന യുവാവ് പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഈ ദൃശ്യം പുറംലോകമറിഞ്ഞത്. 'സുബ്ഹിക്ക് പള്ളിയിൽ പോവുമ്പോൾ മനസ്സിൽ സന്തോഷം തോന്നാറുള്ള ഒരു കാഴ്ച... ഞങ്ങളുടെ നാട്ടിലെ ചെറുക്കപ്പൻ ചേട്ടൻ. മുടങ്ങാതെ അതിരാവിലെ കുളിച്ചു പള്ളിയിൽ വരും... നിസ്കാര സമയം ഒരുപാട് നേരം നിന്ന് പ്രാർത്ഥിക്കും... അതിന് ശേഷം നേരെ അമ്പലത്തിലേക്ക്...' എന്ന കുറിപ്പോടെയാണ് പള്ളിയുടെ അകത്തളത്തിൽ നിന്നുള്ള ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. 

പരമ്പരാഗതമായി വസ്ത്രം ധരിച്ച്, കുളിച്ച് ശുദ്ധിയോടെ പള്ളിയുടെ വരാന്തയിൽ ഭക്തിയോടെ കൈകൂപ്പി നിൽക്കുന്ന ചെറുക്കപ്പൻ ചേട്ടനാണ് വീഡിയോയിലുള്ളത്. മുന്നിൽ വിശ്വാസികൾ പ്രഭാത നമസ്കാരം നിർവ്വഹിക്കുമ്പോൾ, യാതൊരു വേർതിരിവുകളുമില്ലാതെ പ്രാർത്ഥനയിൽ ലയിച്ചുനിൽക്കുകയാണ് ഇദ്ദേഹം. പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞാലുടൻ അദ്ദേഹം നിത്യേന തൊഴാറുള്ള സമീപത്തെ ക്ഷേത്രത്തിലേക്ക് നടന്നുനീങ്ങും. ഈ കാഴ്ച മതത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മനുഷ്യത്വത്തിന്റെയും വിശ്വാസത്തിന്റെയും പരസ്പര ആദരവിന്റെയും ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണ്. 

നിരവധി ആളുകളാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ഹൃദ്യമായ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നത്. ചേരിതിരിവുകളും വിദ്വേഷങ്ങളും പടർത്താൻ ശ്രമിക്കുന്ന ഇക്കാലത്ത്, നാട്ടിൻപുറങ്ങളിലെ സാധാരണ മനുഷ്യരുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന നിഷ്കളങ്കമായ ഒരുമയും സ്നേഹവുമാണ് ഇത്തരം കാഴ്ചകളിലൂടെ പ്രതിഫലിക്കുന്നതെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - ‘Prays at Mosque, Then Visits Temple’: Cherukkappan Chettan’s Routine Wins Hearts on Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.