ജീവനക്കാർക്ക് ഐഫോൺ സമ്മാനിച്ചു; യു.എ.ഇയിലെ മലയാളികളുടെ കമ്പനിയുടെ വിഡിയോ വൈറൽ

മലയാളികൾ ഉടമകളായ യു.എ.ഇയിലെ ഒരു കമ്പനി സ്വന്തം ജീവനക്കാർക്കായി ഒരുക്കിയ അത്ഭുത സമ്മാനത്തിന്റെ അപൂർവ്വ ദൃശ്യങ്ങൾ സമൂഹിക മാധ്യമത്തിൽ തരംഗമാകുകയാണ്. മാൻപവർ സപ്ലൈ കമ്പനിയായ 'വേൾഡ് സ്റ്റാർ മാൻപവറി’ലെ ജീവനക്കാർക്കാണ് സമ്മാനം ലഭിച്ചത്.

കമ്പനി സ്ഥാപകൻ നിഷാദ് ഹുസൈനും ഭാര്യയും കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ഹസീന നിഷാദും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മേശപ്പുറത്ത് നിരത്തിവെച്ചിരുന്ന സമ്മാനപ്പെട്ടിയിൽനിന്ന് ഒരെണ്ണം തിരഞ്ഞെടുക്കാൻ ജീവനക്കാരോട് ആവശ്യപ്പെടുന്നതായിരുന്നു ആദ്യ ഘട്ടം. ചിലർ തുറന്ന പെട്ടികളിൽ ഐഫോണുകൾ കണ്ടപ്പോൾ, മറ്റു ചിലരുടെ ബോക്‌സിൽ ചോക്ലേറ്റുകളായിരുന്നു. ചോക്ലേറ്റ് ലഭിച്ചവർ ചെറിയ നിരാശയുണ്ടായെങ്കിലും ഹസീന നിഷാദ് ഐഫോണുകൾ സമ്മാനമായി നൽകുകയായിരുന്നു.

കമ്പനിയിലെ മുഴുവൻ ജീവനക്കാരും ഐഫോണുകളുമായി സന്തോഷം പങ്കുവെക്കുകയും ചെയ്തു. സന്തോഷത്താൽ അമ്പരന്ന ജീവനക്കാരുടെ വൈകാരികമായ പ്രതികരണങ്ങളാണ് വിഡിയോയിലൂടെ പറയുന്നത്. കമ്പനിയുടെ വിജയം ജീവനക്കാരുടെ കഠിനാധ്വാനത്തിലും കൂട്ടായ്മയിലുമാണെന്ന് ഹസീന നിഷാദ് വിഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ജീവനക്കാരുടെ ഓരോ പരിശ്രമവും ആശയവും കമ്പനിയെ മുന്നോട്ട് നയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

സ്വന്തം കഴിവുകളിൽ വിശ്വസിക്കാനും വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനുമാണ് ഇത്തരമൊരു സമ്മാനം ഒരുക്കിയതെന്നും തങ്ങളുടെ ജീവനക്കാരാണ് തങ്ങളുടെ കരുത്തെന്നും അവർ കൂട്ടിച്ചേർത്തു. സമൂഹികമാധ്യമത്തിൽ പ്രചരിക്കുന്ന ഈ വിഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags:    
News Summary - UAE Malayali Firm Gifts iPhones to Staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.