'ചായകപ്പ് പിടിച്ചുള്ള ആ ചിരി'; ഒറ്റ വിഡിയോകൊണ്ട് വൈറലായ ബച്ചല അരുൺ എന്ന ലാഫിങ് ബോയ്

തെലങ്കാനയിലെ ജയശങ്കർ ഭൂപൽപ്പള്ളി ജില്ലയിലെ കോർലകുണ്ട ഗ്രാമത്തിൽ നിന്നുള്ള 18 കാരനായ ബച്ചല അരുൺ ഇന്ന് സോഷ്യൽ മീഡിയയിൽ വലിയൊരു സെൻസേഷനാണ്. വെറും 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു ചെറിയ വിഡിയോയിലൂടെയാണ് ഇയാൾ 'ലാഫിങ് ബോയ്' അഥവാ ചിരിയുടെ തോഴൻ എന്ന പേരിൽ ലോകപ്രശസ്തനായത്. ചായ കുടിക്കാൻ ശ്രമിക്കുന്നതിനിടയിൽ കപ്പ് കൈയിൽ പിടിച്ചുകൊണ്ട് കൂട്ടുകാരൻ തമാശ പറഞ്ഞപ്പോൾ പൊട്ടിച്ചിരിക്കുന്ന അരുണിന്റെ വൈറൽ ക്ലിപ്പ് ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.

തന്റെ ജീവിതത്തിൽ പെട്ടെന്നുണ്ടായ ഈ പ്രശസ്തിയെക്കുറിച്ച് അരുൺ ഏറെ സന്തോഷത്തോടെയാണ് സംസാരിക്കുന്നത്. സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച സാധാരണ കുടുംബത്തിൽ നിന്നെത്തിയ ഒരു കുട്ടിക്ക് ഇത്രയധികം ശ്രദ്ധ ലഭിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് അരുൺ പറയുന്നത്. 'ഇപ്പോൾ എവിടേക്ക് പോയാലും ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട്. ഞാൻ അത് ഏറെ ആസ്വദിക്കുന്നു,' അരുൺ പറയുന്നു.

ഈ വൈറൽ വീഡിയോക്ക് പിന്നിൽ അരുണിന്റെ സുഹൃത്ത് അലോത് നെഹ്രുവുമുണ്ട്. നെഹ്രുവും അരുണും ചേർന്ന് 'ബാവ ബമ്മാർധി' എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജ് നടത്തിവരുന്നുണ്ട്. ഇതിൽ ഇരുവരും ചേർന്ന് രസകരമായ വിഡിയോകൾ പങ്കുവെക്കാറുണ്ട്. ഒരു ട്രക്ക് ഡ്രൈവറായ നെഹ്രു ചിത്രീകരണത്തിനിടയിൽ പെട്ടെന്ന് ഒരു തമാശ പറയുകയും കപ്പ് താഴെ വീഴാതെ പിടിച്ചുനിൽക്കാൻ പാടുപെടുന്നതിനിടയിൽ അരുൺ ഹൃദ്യമായി പൊട്ടിച്ചിരിക്കുകയുമായിരുന്നു. നെഹ്രുവിന് ഇഷ്ടപ്പെട്ട ഈ കൊച്ചു വിഡിയോ പിന്നീട് ഇൻറർനെറ്റും ഏറ്റെടുക്കുകയായിരുന്നു. ജീവിതത്തിന്റെ പ്രയാസങ്ങൾക്കിടയിലും സാധാരണക്കാരായ ഈ യുവാക്കളുടെ സന്തോഷം നിറഞ്ഞ കൂട്ടായ്മ ഇന്ന് സോഷ്യൽ മീഡിയയിലൂടെ വലിയ ആരാധകരെയാണ് നേടിയിരിക്കുന്നത്.

Tags:    
News Summary - That smile that holds a teacup Bachala Arun, the laughing boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.