ഞായറാഴ്ച ജോലിക്ക് പോയി, തിങ്കളാഴ്ച പണിമുടക്കും പോയി! സോഷ്യൽ മീഡിയയിൽ ട്രോൾമഴ
ന്യൂഡൽഹി: രാജ്യവ്യാപകമായി തിങ്കളാഴ്ച മുതൽ നടക്കാനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചതോടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ട്രോളുകൾ. ഞായറാഴ്ച രാത്രി വൈകി നടന്ന നിർണായകമായ ചർച്ചയിലാണ് സമരം താൽക്കാലികമായി നീട്ടിവെക്കാൻ ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് തീരുമാനിച്ചത്. എന്നാൽ നേരെത്തെ തീരുമാനിച്ചതനുസരിച്ച് ഞായറാഴ്ചയും ബാങ്കിലെത്തി ജോലി ചെയ്യേണ്ടി വന്ന ജീവനക്കാരാണ് ഇപ്പോൾ പണിമുടക്ക് മാറ്റിവച്ചതോടെ കടുത്ത നിരാശയിലായിരിക്കുന്നത്.
സമരം മാറ്റിവെച്ചതോടെ ജീവനക്കാർ ഈ ആഴ്ച തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങൾക്ക് പുറമെ ഒക്ടോബർ മൂന്ന് ശനിയാഴ്ചയും ജോലി ചെയ്യേണ്ടി വരും. ഞായറാഴ്ച ഉൾപ്പെടെ തുടർച്ചയായി ഏഴ് ദിവസമാണ് ഇവർക്ക് വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വരിക.ഞായറാഴ്ച ജോലി ചെയ്ത ശേഷം സമരം മാറ്റിവെച്ചെന്ന വാർത്തയറിഞ്ഞ ജീവനക്കാരുടെ അവസ്ഥയെ ട്രോളിക്കൊണ്ടാണ് ഇന്റർനെറ്റിൽ മീമുകൾ നിറയുന്നത്. 'ജയിലർ' സിനിമയിലെ രജനീകാന്തിന്റെയും 'ജാൻ-ഇ-മൻ' സിനിമയിലെ സൽമാൻ ഖാന്റെയും സങ്കടപ്പെടുന്ന ഭാവങ്ങൾ ഉൾപ്പെടുത്തി ജീവനക്കാരുടെ നിരാശയെ ഉപമിക്കുന്ന പോസ്റ്റുകൾ ഇതിനകം വൈറലായിക്കഴിഞ്ഞു. ഞായറാഴ്ച രാത്രി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാനുള്ള ഒത്തുതീർപ്പ് ഫോർമുല രൂപപ്പെട്ടത്.
ചർച്ചയിൽ ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാ ശനിയാഴ്ചകളും ബാങ്ക് അവധിയാക്കുന്ന കാര്യം അടിയന്തരമായി പരിശോധിക്കാൻ ഐ.ബി.എയുടെയും യു.എഫ്.ബി.യുവിന്റെയും പ്രതിനിധികൾ അടങ്ങുന്ന ഒരു സംയുക്ത സമിതി രൂപീകരിക്കാൻ തീരുമാനമായി. കൂടാതെ, സ്കെയിൽ നാലിന് മുകളിലുള്ള ഓഫീസർമാരുടെ പി.എൽ.ഐ പദ്ധതിയിലെ മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, 2024 മാർച്ച് എട്ടിലെ മിനിറ്റ്സ് പ്രകാരമുള്ള മറ്റ് തർക്കവിഷയങ്ങൾ ഉടൻ പരിഹരിക്കുമെന്നും അസോസിയേഷൻ ഉറപ്പുനൽകിയതോടെയാണ് പണിമുടക്ക് താൽക്കാലികമായി ഒഴിവാക്കാൻ യൂണിയനുകൾ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.