അബൂട്ടി
‘മരിച്ചിട്ടും ചിലർ കമന്റിട്ട് കൊല്ലുന്നു, അബൂട്ടി അത് അറിഞ്ഞിരുന്നോ എന്നത് പടച്ചവനും അവനും മാത്രമറിയാം..’ -വധശിക്ഷക്ക് വിധേയനായ മലയാളിയെ കുറിച്ച് സുഹൃത്ത്
കണ്ണൂർ: മയക്കുമരുന്ന് കേസിൽ സൗദി ദമാമിൽ വധശിക്ഷക്ക് വിധേയനായ കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി(41)യെ മരിച്ചിട്ടും ചിലർ വീണ്ടും വീണ്ടും കമന്റിട്ട് കൊല്ലുകയാണെന്ന് സുഹൃത്ത് കണ്ണൂർ സ്വദേശി ഫൈസൽ ചാവശ്ശേരി. വാഹനത്തിൽ മയക്കുമരുന്ന് ഉണ്ടായിരുന്നു എന്ന വിവരം അബൂട്ടി അറിഞ്ഞിരിക്കുമോ എന്നത് പടച്ചവനും അവനും മാത്രം അറിയുന്ന കാര്യമാണെന്നും വാർത്ത കണ്ടത് മുതൽ വല്ലാത്ത സങ്കടം തോന്നിയെന്നും അദ്ദേഹം ഫേസബുക് കുറിപ്പിൽ പറഞ്ഞു.
‘വാഹനത്തിൽ അങ്ങനെയൊരു സാധനം ഉള്ളത് അവൻ അറിയാതെ സംഭവിച്ചതാണെങ്കിൽ എന്നൊരു തോന്നൽ മനസ്സിനെ വല്ലാതെ അലട്ടുന്നു. ഈ വാർത്ത അറിഞ്ഞത് മുതൽ അവന്റെ സുഹൃത്തുക്കളിൽനിന്നും കേട്ടത് അബൂട്ടി ഇതിൽ പെട്ടുപോയതാണെന്നാണ്. കാരണം ഒമാനിൽ നിന്നും ഒരു വാഹനം സൗദിയിൽ എത്തിച്ചാൽ കിട്ടുന്ന തുകക്ക് വേണ്ടി അവൻ അതിനു തയ്യാറായെന്നാണ് അറിഞ്ഞത്. പക്ഷെ ഡബിൾ ടാങ്കുള്ള വാഹനത്തിന്റെ ഒരു ടാങ്ക് മുഴുവൻ മയക്കുമരുന്നാണെന്നും ഏകദേശം 43 കിലോയോളം ലഭിച്ചുമെന്നാണ് വാർത്തകളിൽ അറിയാൻ സാധിച്ചത്.അബൂട്ടി അത് അറിഞ്ഞിരിക്കുമോ അറിയാതെ പെട്ട് പോയതാണോ എന്നത് പടച്ചവനും അവനും മാത്രം അറിയുന്ന കാര്യമാണ്.
ഇങ്ങനെ ഒരു കേസിൽ പെട്ടത് കൊണ്ട് തന്നെ ഇവിടത്തെ നിയമം വെച്ച് അതിന്റെ പിന്നാലെ പോവാൻ ആരും തയ്യാറാവില്ല. കാരണം പോവുന്നവരും പിന്നെ അകത്തു കിടക്കേണ്ട അവസ്ഥ വരും. സൗദിയിലെ നിയമമനുസരിച്ചു അവരുടെ രാജ്യത്തു നിരോധിക്കപ്പെട്ട വസ്തുക്കൾ ഇത്രയും അധികം കടത്താൻ ശ്രമിച്ചാൽ പിന്നെ വധ ശിക്ഷ തന്നെയാണ്.
പ്രിയപ്പെട്ട പ്രവാസികളോടാണ്. നാട്ടിൽ നിന്ന് ആയാലും വിദേശത്തു നിന്നായാലും എന്തൊരു സാഹചര്യം മുന്നിൽ വന്നാലും ഇത്തരം സാഹചര്യങ്ങളിൽപെടാതിരിക്കാൻ ശ്രദ്ധിക്കുക. നാട്ടിൽ ഒരുപക്ഷെ നിങ്ങൾക്ക് കുറച്ചു കാലം ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങാൻ സാധിച്ചേക്കാം. വിദേശത്തു
ഇതിനു ഇറങ്ങുന്നത് ആത്മഹത്യക്ക് തുല്യമാണ്. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ പല വഴികളും മുന്നിൽ വരും. അതിൽ നേരായ മാർഗത്തിൽ മാത്രം മുന്നോട്ട് പോയാൽ ജീവിതത്തിൽ സമാധാനം ലഭിക്കും. വീട്ടിൽ കാത്തിരിക്കുന്ന മാതാപിതാക്കൾ, സഹോദരങ്ങൾ, ഭാര്യ, മക്കൾ ഇവരൊക്കെ അത്തരം സാഹചര്യത്തിൽ മനസ്സിൽ വരട്ടെ. പെട്ടെന്ന് ക്യാഷ് ഉണ്ടാക്കാൻ പലവഴികളും നമ്മെ തേടി വരുമ്പോ അതിൽ ഒളിഞ്ഞിരിക്കുന്ന ചതികളും ചിലപ്പോൾ നമ്മൾ അറിയാതെ വരും. സൂക്ഷിക്കുക’ -അദ്ദേഹം ഓർമിപ്പിച്ചു.
2023-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒമാനിൽ നിന്ന് റോഡ് മാർഗം സൗദി അറേബ്യയിലേക്ക് അതിർത്തി കടന്നെത്തിയ അബൂട്ടിയുടെ ലാൻഡ് ക്രൂയിസർ കാറിൽ നിന്ന് 43 കിലോഗ്രാം മാരക ലഹരിമരുന്നുകളുടെ ശേഖരം സുരക്ഷാസേന പിടിച്ചെടുക്കുകയായിരുന്നു. സാധനങ്ങൾ കേവലം ഒരു പാഴ്സൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാൾ തനിക്ക് നൽകിയതാണെന്നും അതിൽ മയക്കുമരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അബൂട്ടി വിചാരണവേളയിൽ വാദിച്ചെങ്കിലും തെളിവുകൾ ശക്തമായിരുന്നു. തുടർന്ന് സൗദി കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. വിധി ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഉന്നതതല ഹരജികളും നേരത്തെ തള്ളിയിരുന്നു. തുടർന്ന് ദമ്മാമിലെ ജയിൽ വളപ്പിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
വളരെ സങ്കട കരമായ വാർത്ത..... മയക്കു മരുന്ന് കേസിൽ സൗദി ദമാമിൽ വധ ശിക്ഷക്ക് വിധേയനായ അബൂട്ടിയെ അറിയാമായിരുന്നു. ഒമാനിലെ റൂവിയിൽ
ഞാൻ ജോലി ചെയുന്ന ഷോപ്പിനടുത്തായിരുന്നു ഇദ്ദേഹം ജോലി ചെയുന്ന മൊബൈൽ കമ്പനി.. കൂടുതൽ ഒന്നും സംസാരിക്കാത്ത ഒരു പാവം മനുഷ്യനായിട്ടാണ് തോന്നിയത്. അത് കൊണ്ട് തന്നെ വലിയ അടുപ്പമോ പരിചയപ്പെടലോ ഉണ്ടായില്ല. പിന്നീട് അവിടെ നിന്ന് വിട്ടു മറ്റൊരു ജോലിയിൽ പ്രവേശിച്ചതയാണ് അറിയാൻ കഴിഞ്ഞത്. ഇങ്ങനെ ഒരു കേസിൽ പിടിക്കപ്പെട്ട വാർത്ത അറിഞ്ഞിരുന്നു. അത് ഇങ്ങനെ വധ ശിക്ഷയിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
ഇങ്ങനെ ഒരു കേസിൽ പെട്ടത് കൊണ്ട് തന്നെ ഇവിടത്തെ നിയമം വെച്ച് അതിന്റെ പിന്നാലെ പോവാൻ ആരും തയ്യാറാവില്ല. കാരണം പോവുന്നവരും പിന്നെ അകത്തു കിടക്കേണ്ട അവസ്ഥ വരും. ഈ വാർത്ത അറിഞ്ഞത് മുതൽ അവന്റെ സുഹൃത്തുക്കളിൽനിന്നും കേട്ടത് അബൂട്ടി ഇതിൽ പെട്ടുപോയതാണെന്നാണ്.
കാരണം ഒമാനിൽ നിന്നും ഒരു വാഹനം സൗദിയിൽ എത്തിച്ചാൽ കിട്ടുന്ന തുകക്ക് വേണ്ടി അവൻ അതിനു തയ്യാറായെന്നാണ് അറിയാൻ സാധിച്ചതും. പക്ഷെ ഡബിൾ ടാങ്കുള്ള വാഹനത്തിന്റെ ഒരു ടാങ്ക് മുഴുവൻ മയക്കുമരുന്നാണെന്നും ഏകദേശം 43 കിലോയോളം ലഭിച്ചുമെന്നാണ് വാർത്തകളിൽ അറിയാൻ സാധിച്ചത്.
അബൂട്ടി അത് അറിഞ്ഞിരിക്കുമോ അറിയാതെ പെട്ട് പോയതാണോ എന്നത് പടച്ചവനും അവനും മാത്രം അറിയുന്ന കാര്യമാണ്.
സൗദിയിലെ നിയമമനുസരിച്ചു അവരുടെ രാജ്യത്തു നിരോധിക്കപ്പെട്ട വസ്തുക്കൾ ഇത്രയും അധികം കടത്താൻ ശ്രമിച്ചാൽ പിന്നെ വധ ശിക്ഷ തന്നെയാണ്.
നിരപരാധിയാണെങ്കിൽ പോലും തെളിവുകൾ ഇയാൾക്ക് എതിരാണെങ്കിൽ പിന്നെ അത് അനുഭവിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലലോ. എന്തായാലും അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ.
ഇന്ന് വാർത്ത കണ്ടത് മുതൽ വല്ലാത്ത ഒരു സങ്കടം തോന്നി. കാരണം മരിച്ചിട്ടും ചിലർ വീണ്ടും വീണ്ടും കമന്റിട്ട് കൊല്ലുകയാണ്. വാഹനത്തിൽ അങ്ങനെയൊരു സാധനം ഉള്ളത് അവൻ അറിയാതെ സംഭവിച്ചതാണെങ്കിൽ എന്നൊരു തോന്നൽ മനസ്സിനെ വല്ലാതെ അലട്ടുന്നു. അറിഞ്ഞു കൊണ്ട് ഇതിനു തയ്യാറായതാണെങ്കിലും
ജീവിതത്തിന്റെ പ്രയാസങ്ങളിൽ സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടെന്ന് കരകയറാനുള്ള ശ്രമം തന്നെയാവും, അതിനു ഒരു ന്യായികരണവും അർഹിക്കുന്നില്ല.
പ്രിയപ്പെട്ട പ്രവാസികളോടാണ്. നാട്ടിൽ നിന്ന് ആയാലും വിദേശത്തു നിന്നായാലും എന്തൊരു സാഹചര്യം മുന്നിൽ വന്നാലും ഇത്തരം സാഹചര്യങ്ങളിൽപെടാതിരിക്കാൻ ശ്രദ്ധിക്കുക. നാട്ടിൽ ഒരുപക്ഷെ നിങ്ങൾക്ക് കുറച്ചു കാലം ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങാൻ സാധിച്ചേക്കാം. വിദേശത്തു
ഇതിനു ഇറങ്ങുന്നത് ആത്മഹത്യക്ക് തുല്യമാണ്.
സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ പല വഴികളും മുന്നിൽ വരും. അതിൽ നേരായ മാർഗത്തിൽ മാത്രം മുന്നോട്ട് പോയാൽ
ജീവിതത്തിൽ സമാധാനം ലഭിക്കും. വീട്ടിൽ കാത്തിരിക്കുന്ന മാതാപിതാക്കൾ, സഹോദരങ്ങൾ , ഭാര്യമക്കൾ ഇവരൊക്കെ അത്തരം സാഹചര്യത്തിൽ മനസ്സിൽ വരട്ടെ . പെട്ടെന്ന് ക്യാഷ് ഉണ്ടാക്കാൻ പലവഴികളും നമ്മെ തേടി വരുമ്പോ അതിൽ ഒളിഞ്ഞിരിക്കുന്ന ചതികളും ചിലപ്പോൾ നമ്മൾ അറിയാതെ വരും. സൂക്ഷിക്കുക.
ഹലാലായ മാർഗത്തിൽ ലഭിക്കുന്ന പത്തു രൂപക്ക് അതിന്റെ വിലയുണ്ട്. നമ്മുടെ മക്കളും അത് ഭക്ഷിക്കുമ്പോ മാത്രമാണ് അവരും നേരായ മാർഗത്തിലേക്ക് മുന്നോട്ട് പോവുന്നത്. അല്ലെങ്കിൽ ഭാവിയിൽ അവരും ഇതുപോലുള്ള വഴികൾ സ്വീകരിക്കും ...... അബൂട്ടിയുടെ കുടുംബത്തിന് റബ്ബ് ക്ഷമ നൽകട്ടെ (ആമീൻ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.