ഈ നാണംകെട്ട വെടിനിർത്തൽ അംഗീകരിക്കാനാവില്ലെന്ന് സന്ദീപ് വാര്യർ: സംഘ് പരിവാറിനോട് ഏഴ് ചോദ്യങ്ങൾ
പാലക്കാട്: അമേരിക്കൻ പ്രസിഡന്റ് കണ്ണുരുട്ടിയപ്പോഴേക്കും പാതിവഴിയിൽ വെടിനിർത്തലിന് തയ്യാറായ നരേന്ദ്രമോദി ഈ നാടിന്റെ ആത്മാഭിമാനത്തെയാണ് മുറിവേൽപ്പിച്ചതെന്ന് കോൺഗ്രസ് വാക്താവ് സന്ദീപ് വാര്യർ. രാജ്യത്തെ സ്നേഹിക്കുന്ന ഒരാൾക്കും ഈ നാണംകെട്ട വെടിനിർത്തൽ അംഗീകരിക്കാൻ സാധിക്കില്ല. ഇതിനായിരുന്നെങ്കിൽ എന്തിനായിരുന്നു ഈ പടപ്പുറപ്പാടും കണ്ണുരുട്ടലും വാചകമടിയുമൊക്കെയെന്നും സന്ദീപ് വാര്യർ ചോദിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്താൻ ഭീകരവാദത്തിനെതിരായി താങ്കളുടെ സർക്കാർ എടുക്കുന്ന എല്ലാ നടപടികൾക്കും പ്രതിപക്ഷം പൂർണ്ണ പിന്തുണ നൽകിയതാണ്. 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി താങ്കളുടെ പിന്നിൽ അണിനിരന്നതാണ്. രാജ്യതാൽപര്യമുയർത്തിപ്പിടിച്ച് മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല എന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് കാത്തുസൂക്ഷിച്ച് പാകിസ്താൻ ഭീകരവാദത്തിന് ഒരു അവസാനമുണ്ടാക്കാൻ ഈ രാജ്യത്തെ ജനങ്ങൾ ആഗ്രഹിച്ചു. അതിനായി എന്തു ത്യാഗവും സഹിക്കാൻ അവർ തയ്യാറായിരുന്നു.
ഈ രാജ്യത്ത് യുവാക്കൾ സ്വമേധയാ രാജ്യത്തിനുവേണ്ടി സ്വജീവൻ ത്യജിക്കാൻ തയ്യാറായി മുന്നോട്ടുവന്നു. അതിർത്തിയിലേക്ക് പോകുന്ന പട്ടാളക്കാർക്ക് ഈ രാജ്യത്തെ അമ്മമാർ ആരതിയുഴിഞ്ഞു. പഹൽ ഗാമിൽ കൊല്ലപ്പെട്ട നിർദോഷികളായ നമ്മുടെ പൗരന്മാരുടെ ചോരയ്ക്ക് പ്രതികാരം ചെയ്യാൻ ഓരോ പൗരന്റെയും നെഞ്ചകം തുടിച്ചു. അതിർത്തിക്കപ്പുറത്തുനിന്നും വീണ ഷെല്ലുകളിൽ നിരവധി ഇന്ത്യക്കാരുടെ ജീവൻ നഷ്ടപ്പെട്ടു. കാശ്മീരിലെ ഉയർന്ന ഉദ്യോഗസ്ഥരടക്കം പാകിസ്താൻ ആക്രമണത്തിൽ രക്തസാക്ഷികളായി.
മറുവശത്ത് നമ്മുടെ സൈന്യം പാക്കിസ്ഥാൻ അതിക്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി മുന്നേറുകയായിരുന്നു. ചുണക്കുട്ടികളായ നമ്മുടെ ജവാന്മാർ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. പക്ഷേ ദൗർഭാഗ്യവശാൽ താങ്കളിൽ വിശ്വാസമർപ്പിച്ച ഈ രാജ്യത്തെയും രാജ്യത്തെ പൗരന്മാരെയും പ്രധാനമന്ത്രി താങ്കൾ വഞ്ചിച്ചിരിക്കുന്നു. അമേരിക്കൻ പ്രസിഡൻറ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിക്കുന്ന അത്യപൂർവമായ സാഹചര്യം ഉണ്ടായിരിക്കുന്നു. നമ്മുടെ സൈന്യം ആർജിച്ചെടുത്ത എല്ലാ മുന്നേറ്റങ്ങളും ഒറ്റ നിമിഷം കൊണ്ട് അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി, പ്രധാനമന്ത്രി മോദി താങ്കൾ അട്ടിമറിച്ചിരിക്കുന്നു.
ആരും യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ നമ്മുടെ രാജ്യത്തിൻ്റെ സ്വാഭിമാനം, നമ്മുടെ പൗരന്മാരുടെ നഷ്ടപ്പെട്ട ജീവനും സ്വത്തിനും ഉത്തരവാദികളായ ശത്രുവിനെ പാഠം പഠിപ്പിക്കൽ... ഇത് അത്യാവശ്യമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് കണ്ണുരുട്ടിയപ്പോഴേക്കും പാതിവഴിയിൽ വെടി നിർത്തലിന് താങ്കൾ തയ്യാറായപ്പോൾ ഈ നാടിൻ്റെ ആത്മാഭിമാനത്തെയാണ് നരേന്ദ്രമോദി താങ്കൾ മുറിവേൽപ്പിച്ചത്. ഇതിനായിരുന്നെങ്കിൽ എന്തിനായിരുന്നു ഈ പടപ്പുറപ്പാടും കണ്ണുരുട്ടലും വാചകമടിയുമൊക്കെ? ഈ രാജ്യത്തെ സ്നേഹിക്കുന്ന ഒരാൾക്കും ഈ നാണംകെട്ട വെടിനിർത്തൽ അംഗീകരിക്കാൻ സാധിക്കില്ല.
------------------
എന്നെ നിരന്തരമായി വിമർശിച്ചിരുന്ന പഴയ മിത്രങ്ങൾ പലരും അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി നടത്തിയ നാണംകെട്ട വെടിനിർത്തൽ പ്രഖ്യാപനത്തെ എതിർക്കുന്നതായി കണ്ടു. അത്രയും സന്തോഷം. ചില ചോദ്യങ്ങൾ ജനങ്ങളുടെ മനസ്സിലുണ്ട്. നരേന്ദ്രമോദി അന്ധഭക്തജന സംഘത്തിലെ ആർക്കെങ്കിലും തെറിവിളിക്കപ്പുറം കൃത്യമായ മറുപടി ഉണ്ടെങ്കിൽ പറയാം.
1) ഈ വെടി നിർത്തൽ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമുണ്ടായി ?
2) പാക്കധീന കാശ്മീർ തിരിച്ചുപിടിക്കും എന്ന അമിത് ഷായുടെയും രാജനാഥ് സിംഗിന്റെയും ഒക്കെ മുൻ അവകാശവാദങ്ങൾ എവിടെ പോയി ?
3) പഹൽഗാമിൽ സംഭവിച്ച സുരക്ഷാ വീഴ്ച ചർച്ച ചെയ്യപ്പെടാതിരിക്കാനായിരുന്നോ ഇക്കണ്ട നാടകമൊക്കെ ?
4) അതിർത്തിയിൽ പാക്ക് വെടിവെപ്പിലും ഷെല്ലിങ്ങിലും നഷ്ടപ്പെട്ട നിരവധി ജീവനുകൾക്കും വീടുകൾക്കും ജനങ്ങളുടെ സ്വത്ത് വഹകൾക്കും ആര് സമാധാനം പറയും ? ആ നഷ്ടങ്ങൾക്ക് പ്രതികാരം അർഹിക്കുന്നില്ലേ ?
5) അമേരിക്കൻ പ്രസിഡന്റിന്റെ ഇടപെടലിലാണ് വെടിനിർത്തൽ ഉണ്ടായത് എന്ന വ്യക്തമായിരിക്കുന്നു. മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല എന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് മാറ്റുന്നതിന് മുമ്പ് നരേന്ദ്രമോദി ഈ രാജ്യത്തെ പാർലമെന്റിനോടെങ്കിലും അത് ബോധ്യപ്പെടുത്തിയോ ?
6) ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ ശക്തമായ തിരിച്ചടി കൊടുക്കാൻ തയ്യാറായ സമയത്ത് ഒരാളോടും ആലോചിക്കാതെ നടത്തിയ ഈ വെടിനിർത്തൽ ഇന്ത്യൻ സൈനികരുടെ ആത്മവിശ്വാസത്തെ ചോർത്തി കളയുന്ന നടപടിയായില്ലേ ?
7) ഇന്ത്യയെ വിശ്വസിച്ച് പാക്കിസ്ഥാനോട് പോരടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ബലൂച് പോരാളികളെ മോദി പുറകിൽ നിന്ന് കുത്തിയില്ലേ ?
ഇന്ത്യ മഹാരാജ്യത്തെ പ്രധാനമന്ത്രി ജനാധിപത്യ മാർഗ്ഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആളാണ്. അതല്ലാതെ രാജഭരണം പോലെ അവകാശം കിട്ടിയതല്ല എന്ന് ഭക്തജന സംഘം മനസ്സിലാക്കണം. തെറ്റായ നടപടികളെ വിമർശിക്കാൻ ഈ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ട്. അസഭ്യവർഷം കൊണ്ട് നരേന്ദ്രമോദിയുടെ ഭരണ പരാജയം മറച്ചുവെക്കാൻ കഴിയില്ല. എം എൻ വിജയൻ മാസ്റ്റർ പറഞ്ഞതുപോലെ ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ് റൂമിൽ നിന്ന് പുറത്താക്കിയാലും കുട്ടി ഉന്നയിച്ച ചോദ്യം അവിടെ അവശേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.