മുഖ്യമന്ത്രിയുടെ വാഴ്ത്തുപാട്ടിനിടെ ‘ചങ്കിലെ ചെ​ങ്കൊടി’ വിപ്ലവഗാനം പങ്കുവെച്ച് പി. ജയരാജൻ -VIDEO

കണ്ണൂർ: തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി 100 പേർ ചേർന്ന് വാഴ്ത്തുപാട്ട് അവതരിപ്പിക്കുന്ന അതേസമയം, ‘ചങ്കിലെ ചെങ്കൊടി’യെന്ന വിപ്ലവഗാനം ഫേസ്ബുക്കിൽ പങ്കുവെച്ച് സി.പി.എം നേതാവ് പി. ജയരാജൻ. രണ്ടുദിവസം മുമ്പ് എം. സ്വരാജ് പ്രകാശനം ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഗാനമാണ് ഇന്ന് ഉച്ച 12 മണിയോടെ ജയരാജൻ തന്റെ പേജിൽ പങ്കു​വെച്ചത്.

പാർട്ടി സമരവീര്യത്തിന്റെ ചരിത്രവും വർത്തമാനവും പങ്കുവെക്കുന്നതാണ് ‘ചങ്കിലെ ചെങ്കൊടി’യിലെ വരികൾ. അനീഷ് തലോറ രചിച്ച് ജയകാർത്തി സംഗീതം നൽകിയ ഗാനം ഗായകൻ സുരേഷ് പള്ളിപ്പാറയാണ് ആലപിച്ചത്. കണ്ണൂർ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ജനുവരി 14ന് വൈകീട്ട് അഞ്ചുമണിക്ക് മണിക്ക് പൂവ്വത്ത് നടന്ന സെമിനാർ വേദിയിൽ വെച്ചായിരുന്നു ഈ വിപ്ലവഗാനത്തിന്റെ പ്രകാശനം. തുടർന്ന് സോഷ്യൽ മീഡിയയിൽ പാർട്ടി അണികൾ വ്യാപകമായി ഷെയർ ചെയ്തിരുന്നു. എന്നാൽ, അ​ന്നൊന്നും ഇത് ഷെയർ വെക്കാതിരുന്ന പി. ജയരാജൻ, മുഖ്യമന്ത്രിയെ വാഴ്ത്തിയുള്ള ‘ചെ​മ്പ​ട​ക്ക് കാ​വ​ലാ​ള്‍ ചെ​ങ്ക​ന​ല്‍ ക​ണ​ക്കൊ​രാ​ള്‍’ എന്ന ഗാനം തിരുവനന്തപുരത്ത് സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ കെട്ടിടോദ്ഘാടന ചടങ്ങിൽ ഇന്ന് ആലപിക്കുന്ന അതേ സമയമാണ് പങ്കുവെച്ചത്.

2017ൽ ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ ‘കണ്ണൂരിന്റെ ഉദയസൂര്യൻ’ എന്ന സംഗീത ആൽബത്തിനെതിരെ പാർട്ടി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ‘കണ്ണൂരിൻ താരകമല്ലോ, ചെഞ്ചോരപ്പൊൻ കതിരല്ലോ, നാടിൻ നെടുനായകനല്ലോ, പി. ജയരാജൻ ധീരസഖാവ്’ എന്നു തുടങ്ങുന്നതായിരുന്നു ഗാനം. പുറച്ചേരി ഗ്രാമീണ കലാസമിതി പ്രവർത്തകർ പാർട്ടി വേദികളിൽ ഈ പാട്ട് അവതരിപ്പിച്ചിരുന്നു. ഈ ഗാനത്തിനൊപ്പം ജയരാജന്റെ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തി ആൽബം പുറത്തിറക്കിയതോടെയാണ് പാർട്ടി ഇടപെട്ടത്. തന്നോട് ആലോചിച്ചല്ല കലാസമിതികൾ ഇതൊക്കെ ചെയ്യുന്നതെന്നും ഇതുമായി ബന്ധമി​ല്ലെന്നും ജയരാജൻ പ്രതികരിച്ചിരുന്നു. ആൽബവുമായി ജയരാജന് ബന്ധമില്ലെന്ന് പുറച്ചേരി ഗ്രാമീണ കലാസമിതിയും പറഞ്ഞു. എങ്കിലും ഇത് പാർട്ടിയിൽ വൻ വിവാദമായിരുന്നു. 

ഇതിന് ശേഷം പിണറായിയെ പുകഴ്ത്തി പാറശ്ശാലയിൽ നടത്തിയ ‘കാരണഭൂതൻ’ മെഗാ തിരുവാതിരയും പാർട്ടിയിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു. സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാണ് പി​ണ​റാ​യി സ്തു​തി​യു​മാ​യി മെ​ഗാ തി​രു​വാ​തി​ര അ​വ​ത​രി​പ്പി​ച്ച​ത്. ഇതിനുപിന്നാലെയാണ് ഇപ്പോൾ ‘ചെ​മ്പ​ട​ക്ക് കാ​വ​ലാ​ള്‍’ സംഘഗാനം തിരുവനന്തപുരത്ത് പിണറായിയെ വേദിയിലിരുത്തി ആലപിച്ചത്. സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ പ്രസിഡന്റ് പി. ഹണി ആവശ്യപ്പെട്ടിട്ടാണ് താൻ ഇതെഴുതിയതെന്നാണ് കവി പൂവത്തൂർ ചിത്രസേനൻ പറയുന്നത്. ‘മാധ്യമങ്ങളടക്കം എല്ലാവരും സഖാവിനെ തള്ളിപ്പറഞ്ഞപ്പോൾ ആരെങ്കിലും ഒരാൾ പുകഴ്ത്താൻ വേണ്ടേ എന്നത് കൊണ്ടാണ് ഇത് രചിച്ചത്. മൂന്നുമണിക്കൂർ കൊണ്ടാണ് എഴുതിയത്. വെള്ളത്തിലെ തിര കണക്കെ വരികൾ ഇങ്ങനെ വരികയായിരുന്നു. ഒരു കോഴിക്ക് മുട്ടയിടണമെന്ന് തോന്നിയാൽ അത് എവിടെയെങ്കിലും പോയി മുട്ടയിടും. അതുപോലെ എനിക്ക് കവിത എഴുത​ണമെന്ന് തോന്നിയാൽ ഏത് ആൾക്കൂട്ടത്തിൽ വെച്ചാണെങ്കിലും അതെഴുതും’ -പൊതുഭരണ വകുപ്പിൽ ക്ലറിക്കൽ അസിസ്റ്റന്റായി വിരമിച്ച ചിത്രസേനൻ മാധ്യമങ്ങളോട് പറഞ്ഞു. ‘മുഖ്യമന്ത്രി പാട്ടി​നെ അഭിനന്ദിച്ചത് തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡാണ്. ഈ പാട്ട് മുഖ്യമന്ത്രിയെ പാടികേൾപ്പിക്കണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ, അതിന് നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ’ -ചിത്രസേനൻ പറഞ്ഞു.

‘പാട്ട് ഹിറ്റാവാൻ കാരണം, അത് ജീവിതമാണ്. മനുഷ്യരെ ഒരു ഭരണാധികാരി എങ്ങനെ സംരക്ഷിച്ചുനിർത്തണം എന്നതിന് മാതൃക കാണിക്കുന്ന ഭരണാധികാരിയെ പറ്റി എഴുതുക മാത്രമാണ് ഞാൻ ചെയ്തത്. ആദ്യം കേകാവൃത്തത്തിൽ എഴുതി. അതിന് ഉയിര് പോരെന്ന് തോന്നി. അപ്പോൾ മാറ്റിയെഴുതി. ഇപ്പോൾ അതിന്റെ ഉയിര് വർധിച്ചുകൊണ്ടിരിക്കുകയാണ്. പിണറായി സഖാവ് കൂടി ഇതേക്കുറിച്ച് പറഞ്ഞു. എല്ലാവരും സഖാവിനെ തള്ളിപ്പറഞ്ഞപ്പോൾ ആരെങ്കിലും ഒരാൾ പുകഴ്ത്താൻ വേണ്ടേ? പാട്ടി​നെ മുഖ്യമന്ത്രി അഭിനന്ദിച്ചത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡാണ്. ഒരുചിത്രത്തിലെന്ന പോലെ പിണറായിയുടെ ഭരണം ജനം കണ്ടു​കൊണ്ടിരിക്കുകയല്ലേ? ജനങ്ങളുടെ ഇല്ലായ്മകളും വല്ലായ്മകളും എന്തെന്ന് മനസ്സിലാക്കി അവരെ സഹായിക്കുന്ന ഭരണാധികാരി വേറെ ആരുണ്ടായിട്ടുണ്ട്. നല്ലൊരു വ്യക്തിയെ പുകഴ്ത്തുന്നതിൽ എന്താണ് പ്രശ്നം? എന്തിനാണ് വിമർശിക്കുന്നത്? കാലവർഷക്കെടുതിയിൽ ദുരിതമനുഭവിച്ചവരെ പാർട്ടി നോക്കിയാണോ പിണറായി സഖാവ് സഹായിച്ചത്? അല്ലല്ലോ? മുഖ്യമന്ത്രിയെന്നത് നമ്മുടെ കാരണവരാണ്, സംരക്ഷകനാണ്.. ’ -ചിത്രസേനൻ പറഞ്ഞു.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഭ​ര​ണ​പ​ക്ഷാ​നു​കൂ​ല സം​ഘ​ട​ന​യാ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ സു​വ​ര്‍ണ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നാ​യാ​ണ് ഗാ​നം ഒരുക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ ‘ചെ​മ്പ​ട​യു​ടെ കാ​വ​ലാ​ളാ’​യും പ​ട​യു​ടെ ന​ടു​വി​ൽ പ​ട​നാ​യ​ക​നാ’​യും ‘ഫി​നി​ക്‌​സ്‌ പ​ക്ഷി’​യാ​യു​മാ​യാ​ണ്‌ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്‌. ‘കാ​വ​ലാ​ള്‍’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ചത്രസേനൻ ഒ​രു​ക്കി​യ വ​രി​ക​ൾ​ക്ക്‌ സം​ഗീ​തം ന​ൽ​കി​യ​ത്‌ നി​യ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ്. അതേസമയം, ത​ന്നെ പ്ര​കീ​ർ​ത്തി​ച്ചു​കൊ​ണ്ട്​​ 100 പേ​ർ ആ​ല​പി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി തള്ളിപ്പറഞ്ഞില്ല. എന്നുമാത്രമല്ല, വേദിയിലിരുന്ന് ഗാനം മുഴുവൻ അദ്ദേഹം കേൾക്കുകയും ചെയ്തു.

വ​ല്ലാ​തെ അ​ധി​ക്ഷേ​പി​ക്കു​മ്പോ​ൾ ലേ​ശം പു​ക​ഴ്ത്ത​ൽ വ​ന്നാ​ൽ നി​ങ്ങ​ൾ അ​സ്വ​സ്ഥ​മാ​കു​മെ​ന്ന് ത​നി​ക്ക​റി​യാ​മെ​ന്നായിരുന്നു ഇന്നലെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മുഖ്യമന്ത്രി പറഞ്ഞത്. ‘സ​ക​ല​മാ​ന കു​റ്റ​ങ്ങ​ളും ത​ന്‍റെ ചു​മ​ലി​ൽ ചാ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​ർക്ക് ഇ​തൊ​ക്കെ കാ​ണു​മ്പോ​ൾ വ​ലി​യ വി​ഷ​മ​മു​ണ്ടാ​കും. വ​ലി​യ എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്നു​വ​രു​മ്പോ​ൾ അ​തി​ന്‍റെ​യൊ​ന്നും ഭാ​ഗ​മ​ല്ലാ​തെ ഒ​രു കൂ​ട്ട​ർ നി​ല​പാ​ടെ​ടു​ക്കു​ന്ന​തും കാ​ണ​ണം. ത​ങ്ങ​ളാ​രും വ്യ​ക്തി​പൂ​ജ​ക്ക്​ നി​ന്നു​കൊ​ടു​ക്കു​ന്ന​വ​ര​ല്ല. വ്യ​ക്തി​പൂ​ജ​യി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ നേ​ടാ​ൻ ഈ ​പാ​ർ​ട്ടി​യി​ൽ ക​ഴി​യി​ല്ലെ’ -അ​ദ്ദേ​ഹം പറഞ്ഞു.

‘ചെ​മ്പ​ട​ക്ക് കാ​വ​ലാ​ള്‍ ചെ​ങ്ക​ന​ല്‍

ക​ണ​ക്കൊ​രാ​ള്‍

ചെ​ങ്കൊ​ടി ക​ര​ത്തി​ലേ​ന്തി കേ​ര​ളം

ന​യി​ക്ക​യാ​യ്‌

തൊ​ഴി​ലി​നാ​യി പൊ​രു​തി​യും

ജ​യി​ല​റ​ക​ൾ നേ​ടി​യും

ശ​ക്ത​മാ​യ മ​ർ​ദ​ന​ങ്ങ​ളേ​റ്റ ധീ​ര സാ​ര​ഥി

സ​മ​ര ധീ​ര സാ​ര​ഥി പി​ണ​റാ​യി വി​ജ​യ​ൻ

പ​ട​യു​ടെ മു​ൻ​പി​ൽ പ​ട​നാ​യ​ക​ൻ

മ​ത​തീ​വ്ര​വാ​ദി​ക​ളേ ത​ച്ചു​ട​ച്ചു​നീ​ങ്ങ​വേ

പി​ൻ​തി​രി​ഞ്ഞു നോ​ക്കി​ടാ​തെ

മു​ന്നി​ലേ​ക്ക്‌ പോ​ക​യും

ഇ​രു​ള​ട​ഞ്ഞ​പാ​ത​യി​ൽ ജ്വ​ലി​ച്ച

സൂ​ര്യ​നാ​യീ​ടും

ചെ​ങ്കൊ​ടി പ്ര​ഭ​യി​ലൂ​ടെ ലോ​ക​രി​ക്ക്​

മാ​തൃ​ക​യാ​യ്‌...’

-എ​ന്നി​ങ്ങ​നെ പോ​കു​ന്നു പുതിയ പാട്ടി​ലെ വ​രി​ക​ൾ

Full View

Tags:    
News Summary - p jayarajan shares CPM party song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.