വാട്ട് ആൻ ഐഡിയ സർജീ..; ആരാധകരുടെ ഫോൺ ഭ്രാന്ത് കുറക്കാൻ ബൊറൂസിയ ഡോർട്മുണ്ടിന്റെ ‘ഫാൻ മോഡ്’
ഡോർട്മുണ്ട്: ഫുട്ബാൾ മൈതാനത്ത് കളി ചൂടുപിടിക്കുമ്പോഴും ഗാലറിയിൽ ആരാധകർ മൊബൈലിൽ കുത്തിയിരുന്നാൽ ഏത് കളിക്കാരനും മാനേജ്മെന്റിനും ദേഷ്യം പിടിക്കും. അത്തരമൊരു മടിയൻ ഫാൻസിനെ മാറ്റിയെടുക്കാൻ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട് ആവിഷ്കരിച്ച പുതു തന്ത്രമാണ് ഇന്ന് ഫുട്ബാളിലെ ചർച്ചാ വിഷയം.
കിക്കോഫ് വിസിൽ മുഴങ്ങിയാൽ ഗാലറിയിലെ ആരാധകരുടെ കണ്ണും കാതും മൈതാനത്തുറപ്പിക്കാനുള്ളൊരു സുത്രപ്പണി. ആരാധക ആരവവും ആഘോഷവും കൊണ്ട് ശ്രദ്ധേയരായ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട് മാനേജ്മെന്റാണ് കാണികളുടെ മൊബൈൽ ഫോൺ ഉപയോഗം കുറക്കുന്ന ‘ഫാൻ മോഡ്’ ഐഡിയ അവതരിപ്പിച്ച് കൈയടി നേടിയത്. കാര്യം സിംപിൾ.
കളി തുടങ്ങിയാൽ ഫോൺ കൈകൊണ്ട് തൊടരുത്. ഏറ്റവും കൂടുതൽ നേരം, ഇങ്ങനെ ഫോൺ ഉപയോഗിക്കാതെ, സ്ക്രീൻ ടൈം കുറക്കുന്ന ആരാധകരെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ. ക്ലബിന്റെ മൊബൈൽ ആപ്പിലെ ‘ഫാൻ മോഡ്‘ സെറ്റിങ്സ് വഴിയാണ് പുതിയ സംവിധാനം ആരംഭിച്ചത്. ശനിയാഴ്ചത്തെ മത്സരത്തോടെ തന്നെ പദ്ധതിക്ക് തുടക്കം കുറിച്ചു.
ഏറ്റവും കുറവ് സ്ക്രീൻ ടൈമിന് അനുസരിച്ച് ലഭിക്കുന്ന പോയന്റിൽ നിന്നാണ് വിജയികളെ കണ്ടെത്തുന്നത്. അവരെ കാത്തിരിക്കുന്നത് ക്ലബിന്റെ ജഴ്സിയും, ഗിഫ്റ്റ് വൗച്ചറുകളുമെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.