'പശുക്കളെ കശാപ്പ് ചെയ്യുന്നവരിൽ നിന്ന് എന്റെ ആളുകൾ അവയെ രക്ഷിക്കുന്നു'; വൈറലായി ആനന്ദ് അംബാനിയുടെ പ്രസ്താവന

മൃഗസംരക്ഷണത്തിനായി താൻ ചെയ്തുവരുന്ന കാര്യങ്ങളെക്കുറിച്ചും പശുപരിപാലനത്തിലെ തന്റെ നിത്യജീവിതത്തെക്കുറിച്ചും അനന്ത് അംബാനി സംസാരിച്ച ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. പാലുൽപ്പാദിപ്പിക്കാത്ത ഏഴ് ലക്ഷം പശുക്കൾ ഉൾപ്പെടെ ഏകദേശം ഒൻപത് ലക്ഷത്തോളം പശുക്കളുടെ സംരക്ഷണ ചുമതല താൻ ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ ആനന്ദ് അംബാനി ഈ വിഡിയോയിൽ വ്യക്തമാക്കുന്നത്.

അപകടങ്ങളിൽ പരിക്കേറ്റവയും, വിവിധ കാരണങ്ങളാൽ പാലുൽപ്പാദനം നിലച്ചവയും, രക്ഷപ്പെടുത്തിയെടുത്തവയുമായ പശുക്കൾ ഇതിൽ ഉൾപ്പെടുന്നു. പശുക്കളെ രക്ഷപ്പെടുത്തുന്നതിനായി എട്ട് സംസ്ഥാനങ്ങളിലായി 100 ആംബുലൻസുകളുടെ ഒരു വലിയ ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതുവരെ ഏകദേശം 50,000-ത്തോളം പശുക്കളെ ഇത്തരത്തിൽ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് ആനന്ദ് അംബാനി പറയുന്നത്.

പശുക്കളെ കശാപ്പ് ചെയ്യുന്നത് നിയമപരമായി അനുവദിച്ചിട്ടുള്ള രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ നിന്ന് തന്റെ ആളുകൾ പശുക്കളെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നുണ്ടെന്ന് അനന്ത് അംബാനി വെളിപ്പെടുത്തുന്നു. കശാപ്പ്ശാലകളിൽ എത്തിപ്പെടുന്നതിൽ നിന്നും പശുക്കളെ രക്ഷിക്കാനായി തന്റെ സംഘം ഇത്തരം പ്രദേശങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

തന്റെ വ്യക്തിപരമായ ദിനചര്യകളെക്കുറിച്ച് സംസാരിക്കവേ തനിക്ക് സ്വന്തമായി 6 പശുക്കളുണ്ടെന്നും ഓഫീസിലേക്ക് പോകുന്നതിന് മുൻപ് ദിവസവും അവയെ തലോടുകയും പരിചരിക്കുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം പറയുന്നു. പശുസംരക്ഷണ രംഗത്ത് പ്രധാനമന്ത്രി ചെയ്തുവരുന്ന പ്രവർത്തനങ്ങളാണ് തനിക്ക് പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇത്തരം അനുമതിയുള്ള സംസ്ഥാനങ്ങളിൽ അത് ഭക്ഷിക്കുന്ന ആളുകളെ ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് നിയമപരമായി അനീതിയാണ്. തമിഴ്നാട്ടിൽ ബീഫ് കഴിക്കുന്നതിന്റെ പേരിൽ ക്ലാസിൽ എഴുന്നേറ്റുനിർത്തി പരിഹസിക്കുകയും ജാതിയുടെ പേരിൽ നിരന്തരം അധിക്ഷേപിക്കുകയും ചെയ്തതാണ് ദലിത് വിദ്യാർഥി എ. അഖിലന്റെ (16) മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

രണ്ട് മാസം മുമ്പ് ബീഫ് കഴിക്കുന്നവരാണോയെന്ന് ചോദിച്ച് അധ്യാപകൻ ക്ലാസിൽ വിദ്യാർഥികളെ എഴുന്നേൽപിച്ചെന്നും പിന്നാലെ സഹപാഠികളിൽനിന്ന് ജാതിവിവേചനം നേരിട്ടെന്നും മാതാവ് എ. കൗസല്യാദേവി പറയുന്നു. സംഭവത്തിൽ അധ്യാപകൻ, പ്രിൻസിപ്പൽ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

ഇന്ത്യയിൽ പശുവിനെയും കന്നുകാലികളെയും കശാപ്പ് ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യസ്ത നിയമങ്ങളാണുള്ളത്. കേരളം, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ കന്നുകാലി കശാപ്പിന് നിരോധനങ്ങളില്ല. തമിഴ്നാട്ടിലും ബീഫ് (പോത്ത്/എരുമ ഇറച്ചി) പൊതുവെ നിയമപരമാണ്.

Tags:    
News Summary - My people saving cows from states that slaughter them says Anand Ambani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.