‘ഒരു നാട്ടിൽ മുസ്‌ലിംകൾ ജീവിക്കുന്നതാണോ അപകടം?’; വിദ്വേഷ വിഡിയോയെ പിന്തുണച്ച ദിയ കൃഷ്ണക്കെതിരെ താരാ ടോജോ അലക്‌സ്

കോഴിക്കോട്: ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ മുസ്‌ലിം വിരുദ്ധ വിദ്വേഷ വിഡിയോയെ പിന്തുണച്ച ദിയ കൃഷ്ണയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഓർഡിനേറ്റർ താരാ ടോജോ അലകസ്. ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിംകളാണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്രം ഇടപെടണമെന്നും ലിറ്റിചോക്കപ്പ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നുണ്ട്. ഇതിനു താഴെ “Sad reality” എന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണ കുമാറിന്‍റെ മകളുമായ ദിയ കമന്‍റ് ചെയ്തത്.

‘പ്രിയപ്പെട്ട ദിയ കൃഷ്ണ, ഒരു കാര്യം ചോദിക്കട്ടെ. ഒരു നാട്ടിൽ മുസ്‌ലിംകൾ ജീവിക്കുന്നതാണോ അപകടം? അതോ മനുഷ്യരെ മതത്തിന്റെ പേരിൽ വേർതിരിക്കാനും ഭയപ്പെടാനും പഠിപ്പിക്കുന്ന നിങ്ങളെപ്പോലുള്ളവരുടെ ഈ വർഗീയ ചിന്താഗതിയാണോ അപകടം? മതത്തിന്റെ പേരിൽ മനുഷ്യരെ സംശയിക്കണോ? അയൽക്കാരന്റെ വിശ്വാസത്തെ ഭയക്കണോ?

ഒരു മതവിഭാഗത്തിന്റെ സാന്നിധ്യം തന്നെ ഭീഷണിയാണെന്ന് വിശ്വസിക്കണോ? ഇതാണോ നിങ്ങളുടെ ‘Sad reality’?’ -താരാ ഫേസ്ബുക്കിൽ കുറിച്ചു.

ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കൾ കൂടുതലായി ജീവിക്കുന്നതുകൊണ്ട് അതിനെ അപകടമേഖലയെന്ന് വിളിക്കുമോ? ക്രിസ്ത്യാനികൾ കൂടുതലുള്ള പ്രദേശത്തെ ക്രിസ്ത്യൻ ജനസംഖ്യയുടെ പേരിൽ കേരളത്തിന് ഭീഷണിയെന്ന് വിശേഷിപ്പിക്കുമോ? മുസ്‌ലിംകൾ കൂടുതലുള്ള ഒരു പ്രദേശം നിങ്ങൾക്ക് അപകടമായി തോന്നുന്നുവെങ്കിൽ, അതിന്റെ അടിസ്ഥാനമെന്താണ്? അവിടെ ജീവിക്കുന്ന മനുഷ്യർ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ? അങ്ങനെ എന്തെങ്കിലും ആരോപണമുണ്ടെങ്കിൽ അതിന് തെളിവുകളുണ്ടോ?

അതോ അവരുടെ മതം മാത്രമാണോ നിങ്ങളുടെ ഭയത്തിന്റെ കാരണമെന്നും കുറിപ്പിൽ ചോദിക്കുന്നു.

സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകൾ നിങ്ങളെ പിന്തുടരുന്നുണ്ടെങ്കിൽ അതിനൊപ്പം ഒരു സാമൂഹിക ഉത്തരവാദിത്വവുമുണ്ട്. നിങ്ങളുടെ ഒരു വാക്ക് എത്രയോ ആളുകളുടെ ചിന്തകളെ സ്വാധീനിച്ചേക്കാം. ഒരു സമൂഹത്തെ കേരളത്തിന്റെ അപകടമായി ചിത്രീകരിക്കുന്ന വിദ്വേഷവീഡിയോയ്ക്ക് പിന്തുണ നൽകുമ്പോൾ, നിങ്ങൾ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്? ആ പാരമ്പര്യത്തെ തകർക്കാനുള്ള ശ്രമങ്ങളെ നിശ്ശബ്ദമായി അംഗീകരിക്കാനാവില്ല. ദിയ കൃഷ്ണ, സ്വന്തം കഴിവുകൾ ഒരു വ്യക്തിയെ ശ്രദ്ധേയയാക്കാം.

പക്ഷേ, മനുഷ്യരോടുള്ള സമീപനമാണ് ഒരാളെ ആദരണീയയാക്കുന്നത്. വിദ്വേഷത്തിന് പിന്തുണ നൽകുന്നതല്ല, വൈവിധ്യത്തെ ബഹുമാനിക്കുന്നതാണ് നല്ല സംസ്കാരം.

മതം മനുഷ്യന്റെ വ്യക്തിപരമായ വിശ്വാസമാണ്. മറ്റു വിശ്വാസങ്ങൾക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കാനുള്ള ലൈസൻസല്ലെന്നും താരാ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

ഫോർട്ട് കൊച്ചിയിൽ മുസ്‌ലിംകൾ കൂടുതലാണ്, അതുകൊണ്ട് കേരളം അപകടത്തിലാണത്രേ!

എന്ന് ഏതോ ഒരു ഉത്തരേന്ത്യൻ സംഘി.

അതിന് പിന്തുണയുമായി കേരളത്തിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ദിയ കൃഷ്ണയുടെ കമന്റ് “Sad reality”!

പ്രിയപ്പെട്ട ദിയ കൃഷ്ണ, ഒരു കാര്യം ചോദിക്കട്ടെ.

ഒരു നാട്ടിൽ മുസ്‌ലിംകൾ ജീവിക്കുന്നതാണോ അപകടം?

അതോ മനുഷ്യരെ മതത്തിന്റെ പേരിൽ വേർതിരിക്കാനും ഭയപ്പെടാനും പഠിപ്പിക്കുന്ന നിങ്ങളെപ്പോലുള്ളവരുടെ ഈ വർഗീയ ചിന്താഗതിയാണോ അപകടം?

മതത്തിന്റെ പേരിൽ മനുഷ്യരെ സംശയിക്കണോ?

അയൽക്കാരന്റെ വിശ്വാസത്തെ ഭയക്കണോ?

ഒരു മതവിഭാഗത്തിന്റെ സാന്നിധ്യം തന്നെ ഭീഷണിയാണെന്ന് വിശ്വസിക്കണോ?

ഇതാണോ നിങ്ങളുടെ ‘Sad reality’?

ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കൾ കൂടുതലായി ജീവിക്കുന്നതുകൊണ്ട് അതിനെ അപകടമേഖലയെന്ന് വിളിക്കുമോ?

ക്രിസ്ത്യാനികൾ കൂടുതലുള്ള പ്രദേശത്തെ ക്രിസ്ത്യൻ ജനസംഖ്യയുടെ പേരിൽ കേരളത്തിന് ഭീഷണിയെന്ന് വിശേഷിപ്പിക്കുമോ?

മുസ്‌ലിംകൾ കൂടുതലുള്ള ഒരു പ്രദേശം നിങ്ങൾക്ക് അപകടമായി തോന്നുന്നുവെങ്കിൽ, അതിന്റെ അടിസ്ഥാനമെന്താണ്?

അവിടെ ജീവിക്കുന്ന മനുഷ്യർ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ?

അങ്ങനെ എന്തെങ്കിലും ആരോപണമുണ്ടെങ്കിൽ അതിന് തെളിവുകളുണ്ടോ?

അതോ അവരുടെ മതം മാത്രമാണോ നിങ്ങളുടെ ഭയത്തിന്റെ കാരണം?

സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകൾ നിങ്ങളെ പിന്തുടരുന്നുണ്ടെങ്കിൽ അതിനൊപ്പം ഒരു സാമൂഹിക ഉത്തരവാദിത്വവുമുണ്ട്.

നിങ്ങളുടെ ഒരു വാക്ക് എത്രയോ ആളുകളുടെ ചിന്തകളെ സ്വാധീനിച്ചേക്കാം. ഒരു സമൂഹത്തെ കേരളത്തിന്റെ അപകടമായി ചിത്രീകരിക്കുന്ന വിദ്വേഷവീഡിയോയ്ക്ക് പിന്തുണ നൽകുമ്പോൾ, നിങ്ങൾ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?

ഒരു വ്യക്തിക്ക് പ്രശസ്തി കൂടുമ്പോൾ ഉത്തരവാദിത്വവും കൂടുകയാണ് വേണ്ടത്. സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലും പക്വത വേണം. മുൻവിധികൾക്ക് പൊതുസമ്മതി നേടിക്കൊടുക്കുകയല്ല ചെയ്യേണ്ടത്.

ഫോർട്ട് കൊച്ചിയുടെ ചരിത്രം അറിയാത്തവർക്കായി...

നൂറ്റാണ്ടുകളായി വിവിധ മതങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും മനുഷ്യർ ഒത്തുചേർന്ന് ജീവിച്ചുവന്ന ചരിത്രഭൂമിയാണത്.

കേരളത്തിന്റെ ഔദ്യോഗിക ടൂറിസം ചരിത്രരേഖകൾ തന്നെ ഫോർട്ട് കൊച്ചിയുടെ ചരിത്രത്തിൽ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതരും ഉൾപ്പെടെയുള്ള വിവിധ സമുദായങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നുണ്ട്.

ഫോർട്ട് കൊച്ചിയെയും മട്ടാഞ്ചേരിയെയും കുറിച്ചുള്ള സാംസ്കാരിക പഠനങ്ങൾ മുപ്പതിലധികം സമുദായങ്ങളും പതിനാറിലധികം ഭാഷകളും നിലനിന്നിരുന്ന ഈ പ്രദേശത്തിന്റെ ബഹുസ്വരതയെ അടയാളപ്പെടുത്തുന്നു. അവിടുത്തെ ആരാധനാലയങ്ങളും ചരിത്രസ്മാരകങ്ങളും ഭക്ഷണരീതികളും കലകളും ആ സാംസ്കാരിക വൈവിധ്യത്തിന്റെ സാക്ഷ്യങ്ങളാണ്.

അവിടെയുള്ള പള്ളികൾ, ക്ഷേത്രങ്ങൾ, ചർച്ചുകൾ, ചരിത്രപ്രസിദ്ധമായ, ജൂതപ്പള്ളി...

ഇതെല്ലാം കേരളത്തിന്റെ സാംസ്കാരിക സമ്പത്തിന്റെ ഭാഗമാണ്.

ഫോർട്ട് കൊച്ചിയുടെ അളവുകോൽ അവിടെ എത്ര മുസ്‌ലിംകളുണ്ട് എന്നതിലല്ല.

വ്യത്യസ്ത വിശ്വാസങ്ങളുള്ള മനുഷ്യർ ചേർന്ന് എങ്ങനെ ഒരു നാടിന്റെ ചരിത്രവും സംസ്കാരവും രൂപപ്പെടുത്തി എന്നതിലാണ്.

മതവൈവിധ്യമുള്ള ഒരു നാട്ടിലെ മനുഷ്യർ പരസ്പര ബഹുമാനത്തോടെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ അടയാളം.

കേരളം നൂറ്റാണ്ടുകളായി വിവിധ മതവിഭാഗങ്ങളുടെയും സംസ്കാരങ്ങളുടെയും സഹവർത്തിത്വത്തിലൂടെ വളർന്ന നാടാണ്.

ആ പാരമ്പര്യത്തെ തകർക്കാനുള്ള ശ്രമങ്ങളെ നിശ്ശബ്ദമായി അംഗീകരിക്കാനാവില്ല.

ദിയ കൃഷ്ണ, സ്വന്തം കഴിവുകൾ ഒരു വ്യക്തിയെ ശ്രദ്ധേയയാക്കാം.

പക്ഷേ, മനുഷ്യരോടുള്ള സമീപനമാണ് ഒരാളെ ആദരണീയയാക്കുന്നത്.

ഫാഷൻ മാറും. ട്രെൻഡുകൾ മാറും. സോഷ്യൽ മീഡിയയിലെ ജനപ്രീതിയും മാറും. എന്നാൽ മനുഷ്യരെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന ചിന്താഗതിക്ക് നൽകുന്ന പിന്തുണ സമൂഹത്തിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കും.

വിദ്വേഷത്തിന് പിന്തുണ നൽകുന്നതല്ല, വൈവിധ്യത്തെ ബഹുമാനിക്കുന്നതാണ് നല്ല സംസ്കാരം.

മതം മനുഷ്യന്റെ വ്യക്തിപരമായ വിശ്വാസമാണ്.

മറ്റു വിശ്വാസങ്ങൾക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കാനുള്ള ലൈസൻസല്ല!

Full View
Tags:    
News Summary - ‘Is It Dangerous for Muslims to Live in a Place?’: Tara Tojo Alex Slams Diya Krishna for Supporting Hate Video.”

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.