ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് വിഡിയോ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ച സോണിയ ഗാന്ധി
ഇൻസ്റ്റഗ്രാമിൽ പുതിയ ചുവടുവെപ്പുമായി സോണിയ ഗാന്ധി; ആദ്യ പോസ്റ്റിൽ ആത്മകഥയുടെ വിശേഷം...
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നു. തന്റെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പങ്കുവെച്ചാണ് സോണിയ ഇൻസ്റ്റഗ്രാമിലേക്ക് ചുവടുവെച്ചത്.
"എല്ലാവർക്കും നമസ്കാരം, 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് നിങ്ങളുമായി പങ്കുവെക്കുന്നതിൽ വലിയ സന്തോഷമുണ്ട്. പ്രണയത്തിന്റെയും കടമകളുടെയും വേർപാടിന്റെയും അതോടൊപ്പം സ്വന്തമായൊരിടം കണ്ടെത്തിയതിന്റെയും കഥയാണിത്. ഇത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ കാത്തിരിക്കുന്നു," എന്ന് സോണിയ ആദ്യ പോസ്റ്റിൽ കുറിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഇറ്റലിയിലെ ബാല്യകാലം, കേംബ്രിഡ്ജ് പഠനകാലത്തെ രാജീവ് ഗാന്ധിയുമായുള്ള പ്രണയം, ഇന്ത്യയിലേക്കുള്ള വരവ്, മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധം സൃഷ്ടിച്ച വ്യക്തിപരമായ ആഘാതങ്ങൾ, ദത്തെടുത്ത നാടുമായുള്ള ആത്മബന്ധം എന്നിവയെല്ലാം 79-കാരിയായ സോണിയ ഗാന്ധി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
ആൽഫ്രഡ് എ നോഫ് പ്രസിദ്ധീകരിക്കുന്ന പുസ്തകം നവംബർ 10-ന് പുറത്തിറങ്ങും. അമ്മയുടെ ആത്മകഥ പുറത്തുവരുന്നതിൽ സന്തോഷവും അഭിമാനമുണ്ടെന്നും പ്രണയവും ത്യാഗവും നിറഞ്ഞ ഈ കഥ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.