എ.എ. റഹീം

എ.ഐ.സി.സി ആസ്ഥാനത്തെ വന്ദേമാതര വിവാദം; പറഞ്ഞത് ഒന്ന് പാടുന്നത് വേറൊന്ന്! ക്ലാരിറ്റിയല്ല, കൺഫ്യൂഷനാണ് കോൺഗ്രസ്സിനെ എന്നും നയിക്കുന്നത് -എ.എ. റഹീം

കൊച്ചി: 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിൽ രൂക്ഷ വിമർശനവുമായി എ.എ റഹീം എം.പി. കോൺഗ്രസ് പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നെന്നും വിമർശിച്ച റഹീം ക്ലാരിറ്റിയല്ല കൺഫ്യൂഷനാണ് കോൺഗ്രസിനെ എന്നും നയിക്കുന്നതെന്നും ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. അത് വന്ദേമാതരത്തിന്റെ കാര്യത്തിലായാലും ബാബരി മസ്ജിദിന്റെ കാര്യത്തിലായാലും കോൺഗ്രസിന് ആ കൺഫ്യൂഷൻ ഉണ്ടെന്നും പോസ്റ്റിലൂടെ വിമർശിക്കുന്നുണ്ട്.

'ക്ലാരിറ്റിയല്ല കൺഫ്യൂഷനാണ് കോൺഗ്രസിനെ എന്നും നയിക്കുന്നത്. വന്ദേമാതരത്തിന്റെ കാര്യത്തിലായാലും, ബാബരി മസ്ജിദിന്റെ കാര്യത്തിലായാലും എല്ലാം കോൺഗ്രസിന് ഈ കൺഫ്യൂഷനുണ്ട്. വന്ദേ മാതരം പൂർണമായും പാടുന്നത് സംഘപരിവാർ അജണ്ടയാണെന്ന് പറഞ്ഞിട്ടുണ്ട് കോൺഗ്രസ്സ്. പറഞ്ഞത് ഒന്ന് പാടുന്നത് വേറൊന്ന്.

ഒന്നിലുറച്ചു നിൽക്കണം സർ!!

ഓർമ്മകൾ ഉണ്ടാകണം, സ്വാതന്ത്ര്യ സമര കാലത്ത്, 1937ൽ കൊൽക്കത്തയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗമാണ് വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് സ്റ്റാൻസകൾ മാത്രം ദേശസ്‌നേഹത്തിന്റെ അടയാളമായി ആലപിക്കാൻ തീരുമാനമെടുത്തത്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന ഇന്ത്യയെന്ന മഹത്തായ സങ്കൽപ്പത്തിന് മുറിവേൽക്കാതിരിക്കാനായിരുന്നു അന്ന് ആ നിലപാടെടുത്തത്', എ.എ റഹീം കുറിച്ചു.

Full View

എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിക്കുന്നത് സോണിയാഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും മൂന്ന് മിനിറ്റ് ഗാനം പൂർണമായും ചൊല്ലുകയായിരുന്നു. ആദ്യ രണ്ട് സ്റ്റാൻസ കഴിഞ്ഞ് പ്രത്യേക മതവിഭാഗത്തിലെ ദൈവങ്ങളെ പ്രകീർത്തിക്കുന്ന വരികൾ എത്തിയപ്പോൾ സോണിയാഗാന്ധി ഇടപെടുകയായിരുന്നു. എന്നാൽ, ഖർഗെ ആദ്യം എതിർക്കാൻ ശ്രമിച്ചെങ്കിലും വന്ദേമാതരം മുഴുവനായി ആലപിച്ചു.

അതേസമയം, കേരളമൊഴികെ രാജ്യത്തെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ 'വന്ദേമാതരം' പൂർണമായി ആലപിച്ചു. കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി ആലപിച്ചത്. എന്നാൽ, കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത യു.ഡി.എഫിന്റെ സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം ഒരു വരി പോലും ആലപിച്ചില്ല. 

Tags:    
News Summary - AA Rahim MP criticizes Congress over Vande Matara controversy at AICC headquarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.