പ്രതീകാത്മക ചിത്രം

ആയിരക്കണക്കിന് ചെരുപ്പുകൾക്കിടയിൽ സ്വന്തം ചെരുപ്പ് കാണാതായി; കണ്ടെത്താൻ ചാറ്റ് ജി.പി.ടിയെ കൂട്ടുപിടിച്ചു, വിഡിയോ വൈറൽ

ന്യൂഡൽഹി: ആയിരക്കണക്കിന് ചെരുപ്പുകൾക്കിടയിൽ സ്വന്തം ചെരുപ്പ് കാണാതായി. ഏറെ നേരം തിരഞ്ഞിട്ടും കണ്ടെത്താനാകാതെ വന്നതോടെ ഒടുവിൽ ചാറ്റ് ജി.പി.ടിയുടെ സഹായം തേടി. ഈ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇൻസ്റ്റാഗ്രാം ഉപയോക്താവ് ശുഭാങ്ക് ബോർകർ പങ്കുവെച്ച വിഡിയോയിൽ ആയിരത്തിലേറെ ജോഡി ചെരുപ്പുകൾക്കിടയിലാണ് ഇയാളുടെ ഒരു ചെരുപ്പ് നഷ്ടപ്പെട്ടത്.

നേരിട്ട് ഓരോ ജോഡിയും പരിശോധിക്കുന്നതിന് പകരം, ചെരുപ്പുകൾ കൂട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രം അദ്ദേഹം മൊബൈൽ ഫോണിൽ പകർത്തി ചാറ്റ് ജി.പി.ടിക്ക് നൽകി. ചിത്രത്തിൽ നിന്ന് നഷ്ടപ്പെട്ട ചെരുപ്പ് കണ്ടെത്താൻ സഹായിക്കണമെന്നായിരുന്നു ആവശ്യം.

ചിത്രം പരിശോധിച്ച് നഷ്ടപ്പെട്ട ചെരുപ്പ് തിരിച്ചറിയാൻ ചാറ്റ് ജി.പി.ടിയെ സഹായിക്കുന്നുണ്ട്. പിന്നാലെ അദ്ദേഹം അത് കണ്ടെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന് സാക്ഷികളായിരുന്നവരിലും ഈ നീക്കം കൗതുകവും ചിരിയും ഉണർത്തി.

വിഡിയോ വൈറലായതോടെ കമന്റ് ബോക്സിലും രസകരമായ പ്രതികരണങ്ങൾ നിറഞ്ഞു. ചാറ്റ്ജിപിടിയെ ഇങ്ങനെയും ഉപയോഗിക്കാമെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു ഒരാളുടെ പ്രതികരണം. മറ്റൊരാൾ തമാശയായി ഏറ്റവും മനോഹരമായ ഒരു ജോഡി എടുത്ത് പോയാൽ മതിയായിരുന്നു എന്ന് കുറിച്ചു. എ.ഐ മൂലയിലിരുന്ന് കരയുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. ജെമിനി ലൈവ് ഉപയോഗിക്കാമായിരുന്നു എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.

ഇതിനിടെ, സമാനമായ അനുഭവവും ഒരാൾ പങ്കുവെച്ചു. തന്റെ ഭർത്താവ് ഒരിക്കൽ പുസ്തകമേളയിൽ പോയപ്പോൾ പുസ്തകങ്ങളുടെ അലമാരകളുടെ ചിത്രങ്ങൾ പകർത്തി, ആവശ്യമായ ഒരു പ്രത്യേക പുസ്തകം കണ്ടെത്താൻ ചാറ്റ് ജി.പി.ടിയുടെ സഹായം തേടിയെന്നും അത് വിജയകരമായി കണ്ടെത്തിയെന്നും അവർ പറഞ്ഞു. വിഡിയോക്ക് ഇതിനോടകം തന്നെ 20 ലക്ഷത്തിലേറെ വ്യൂസ് ലഭിച്ചിട്ടുണ്ട്.

എന്നാൽ വിഡിയോയുടെ ആധികാരികതയും സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ വിശദാംശങ്ങളും സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും, ദൈനംദിന ജീവിതത്തിലെ ചെറിയ ആവശ്യങ്ങൾക്കുപോലും ആളുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടുന്ന രീതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിയൊരുക്കിയിട്ടുണ്ട്. സങ്കീർണമായ ജോലികൾക്കൊപ്പം, നഷ്ടപ്പെട്ട ഒരു ചെരുപ്പ് കണ്ടെത്തുന്നതുപോലുള്ള ലളിതമായ കാര്യങ്ങൾക്കും എ.ഐ ഉപയോഗിക്കാമെന്നതാണ് ഈ വൈറൽ സംഭവത്തിലെ കൗതുകം.

Tags:    
News Summary - ChatGPT Finds Lost Shoe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.