ഇന്തോനേഷ്യയിലെ ഗുഹാചിത്രം
സൗത്ത് സുലവേസി: ലോകത്തിലെ ഏറ്റവും പഴക്കമേറിയ 'നോൺ-ഫിഗറേറ്റീവ്' (രൂപരഹിതമായ) ഗുഹാചിത്രം ഇന്തോനേഷ്യയിലെ മുന ദ്വീപിൽ കണ്ടെത്തി. സൗത്ത് സുലവേസിയിലെ ലിയാങ് മെറ്റാൻഡുനോ ഗുഹയിൽ നിന്ന് ലഭിച്ച കൈപ്പത്തിയുടെ ചിത്രം ഏകദേശം 67,800 വർഷം പഴക്കമുള്ളതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ്സും ഇത് ലോകത്തിലെ ഏറ്റവും പഴക്കമുള്ള നോൺ-ഫിഗറേറ്റീവ് ചിത്രമായി ഔദ്യോഗികമായി അംഗീകരിച്ചു.
'നേച്ചർ' എന്ന ജേണലിലാണ് ഈ കണ്ടെത്തലിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്. പുരാവസ്തു ഗവേഷകരും ആർക്കിയോമെട്രി വിദഗ്ധരും ഉൾപ്പെട്ട സംഘമാണ് ഈ ചരിത്രപരമായ കണ്ടെത്തലിന് പിന്നിൽ. ഇന്തോനേഷ്യയിലെ നാഷണൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഏജൻസിയിലെ (BRIN) ഡോ. ആദി അഗസ് ഒക്താവിയാന, ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരായ ആദം ബ്രം, മാക്സിം ഓബെർട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
2012ൽ സുലവേസിയിലെ തെക്ക്-പടിഞ്ഞാറൻ പെനിൻസുലയിൽ ആരംഭിച്ച ഗുഹാചിത്ര പഠനം, പിന്നീട് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചപ്പോഴാണ് മുന ദ്വീപിലെ ഈ അപൂർവ്വ ഗുഹാചിത്രം ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. ഗവേഷണത്തിന്റെ ഭാഗമായി, പുതിയതും കൂടുതൽ കൃത്യതയാർന്നതുമായ ഡേറ്റിങ് രീതി വികസിപ്പിക്കാൻ ജിയോക്രോണോളജിസ്റ്റ് റെനോഡ് ജോനെസ്-ബോയുവുമായും സംഘം സഹകരിച്ചു. നേരത്തെയും സുലവേസിയിൽ നിന്ന് നിരവധി ഗുഹാചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, അവയൊന്നും തന്നെ ഈ കൈപ്പത്തി ചിത്രത്തിന്റെ അത്ര പഴക്കമുള്ളതായിരുന്നില്ല.
ദുർഘടമായ പ്രദേശങ്ങളിലെ ഈ ഗവേഷണം ഏറെ കടുപ്പമേറിയതായിരുന്നുവെന്ന് ഗവേഷകർ പറയുന്നു. ഗവേഷണത്തിനായുള്ള ഫണ്ട് കണ്ടെത്തുക, പുതിയ ഡേറ്റിങ് രീതി പരീക്ഷിക്കുന്നതിനായുള്ള വിപുലമായ ലാബോറട്ടറി പ്രവർത്തനങ്ങൾ എന്നിവയായിരുന്നു പ്രധാന തടസ്സങ്ങൾ. ലൊജിസ്റ്റിക്കൽ ബുദ്ധിമുട്ടുകളും ശാരീരികമായ പ്രയാസങ്ങളും നേരിടേണ്ടി വന്നെങ്കിലും, ഈ കണ്ടെത്തൽ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവമാണെന്ന് ഗവേഷകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.