തലച്ചോർ ഒറ്റ അവയവമല്ല, രണ്ട് വ്യത്യസ്ത അവയവങ്ങൾ ചേർന്നത്; സുപ്രധാന കണ്ടെത്തലുമായി ഗവേഷകർ
മനുഷ്യന്‍റെ മസ്തിഷ്കം ഒരു ഒറ്റ അവയവമല്ലെന്നും മറിച്ച് അത് രണ്ട് വ്യത്യസ്ത അവയവങ്ങൾ ചേർന്നതാണെന്നുമുള്ള കണ്ടെത്തലുമായി സ്റ്റാൻഫോർഡ് മെഡിസിൻ ഗവേഷകർ. കോടാനുകോടി വർഷങ്ങൾക്ക് മുമ്പ് സ്വതന്ത്രമായി വികസിച്ച രണ്ട് പുരാതന നാഡീവ്യൂഹങ്ങൾ കൂടിച്ചേർന്നാണ് മനുഷ്യ മസ്തിഷ്കം രൂപപ്പെട്ടിരിക്കുന്നത്. നേച്ചർ ന്യൂറോ സയൻസ് എന്ന ജേണലിലാണ് ഈ സുപ്രധാന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയ ജീവൽപ്രധാനമായ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രിമിറ്റീവ് ഭാഗവും, ചിന്തയും സർഗ്ഗാത്മകതയും നൽകുന്ന ആധുനിക ഭാഗവും വ്യത്യസ്തമായ പ്രോജനിറ്റർ കോശങ്ങളിൽ നിന്നാണ് രൂപപ്പെടുന്നത്. ഗർഭാവസ്ഥയുടെ ആദ്യ ഘട്ടങ്ങളിൽ ഒരൊറ്റ മാതൃകോശത്തിൽ നിന്നാണ് മുഴുവൻ മസ്തിഷ്കവും ഉണ്ടാകുന്നത് എന്ന പതിറ്റാണ്ടുകളായുള്ള ശാസ്ത്രീയ ധാരണയാണ് ഈ പഠനത്തിലൂടെ തിരുത്തപ്പെട്ടിരിക്കുന്നത്.
ഭ്രൂണവളർച്ചയുടെ തുടക്കത്തിൽ തന്നെ മസ്തിഷ്കത്തിന്‍റെ മുൻഭാഗവും പിൻഭാഗവും തികച്ചും വ്യത്യസ്തമായ ജനിതക പാതകളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. എൽ.എസ് (ALS), സ്പൈനൽ മസ്കുലർ അട്രോഫി (SMA) തുടങ്ങിയ മസ്തിഷ്ക തണ്ട് സംബന്ധമായ മാരകമായ രോഗങ്ങൾക്കുള്ള ചികിത്സാ ഗവേഷണങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ വഴിത്തിരിവാകും. തലച്ചോറിന്‍റെ പിൻഭാഗമായ ഹിൻബ്രെയിൻ കോശങ്ങൾ ലബോറട്ടറിയിൽ വളർത്തിയെടുക്കാൻ ഇതുവരെ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നില്ല.
എന്നാൽ പുതിയ കണ്ടെത്തലിലൂടെ ലബോറട്ടറിയിൽ ഇത്തരം കോശങ്ങൾ വളർത്തി ഈ രോഗങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്താൻ സാധിക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. സ്റ്റാൻഫോർഡ് മെഡിസിനിലെ ഡെവലപ്‌മെന്റൽ ബയോളജി അസോസിയേറ്റ് പ്രൊഫസർ കൈൽ ലോ നേതൃത്വം നൽകിയ ഈ പഠനത്തിൽ ബിരുദ വിദ്യാർത്ഥികളായ കരോളിൻ സി ഡണ്ടേസ്, റയ്യാൻ ജോഖായി എന്നിവരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.