ബീജിങ്: ചൈനയിലെ ഗാൻസു പ്രവിശ്യയിൽ നിന്ന് കണ്ടെത്തിയ 120 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഫോസിൽ ശാസ്ത്രലോകത്ത് പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. മൈക്രോറാപ്റ്റർ എന്നറിയപ്പെടുന്ന ചെറിയ തൂവലുകളുള്ള മാംസഭോജികളായ ദിനോസറുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ കണ്ടെത്തൽ നൽകുന്നു. ചൈനയിലെ ചാങ്മ ബേസിനിൽ നിന്നാണ് അത്ഭുതകരമാംവിധം കേടുപാടുകൾ സംഭവിക്കാത്ത ഈ ഫോസിൽ കണ്ടെത്തിയത്.
ശാസ്ത്രജ്ഞർ ഇതിനെ 'ജിയാൻ ചാങ്മൻസിസ്' (Jian changmaensis) എന്ന് നാമകരണം ചെയ്തു. ചൈനീസ് പുരാണങ്ങളിലെ ഒറ്റ ചിറകുള്ള പക്ഷിയെയാണ് 'ജിയാൻ'. പക്ഷികളോട് വളരെയധികം സാമ്യമുള്ള ശരീരഘടനയായതിനാലാണ് ഈ പേര് നൽകിയത്. കണ്ടെത്തിയ സ്ഥലമായ ചാങ്മ ബേസിനെ സ്മരിച്ചുകൊണ്ടാണ് 'ചാങ്മൻസിസ്' എന്ന് കൂടി ചേർത്തത്. കാർണീഗി മ്യൂസിയത്തിന്റെ ജേണലിലാണ് ഈ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മൈക്രോറാപ്റ്ററുകളുടെ ഭൂമിശാസ്ത്രപരമായ സാന്നിധ്യം വടക്കുകിഴക്കൻ ചൈനയിൽ മാത്രമായിരുന്നില്ല എന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നു. വടക്കുകിഴക്കൻ ചൈനക്ക് പുറത്ത് കണ്ടെത്തുന്ന ആദ്യത്തെ ഉറപ്പുള്ള മൈക്രോറാപ്റ്റർ ഫോസിലാണിത്. ഫോസിൽ രേഖകളിൽ ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും പുതിയ കാലഘട്ടത്തിലുള്ള മൈക്രോറാപ്റ്റർ കൂടിയാണിത്. ഇത് ഈ ദിനോസറുകൾ ഭൂമിയിൽ എത്ര കാലം ജീവിച്ചിരുന്നു എന്നതിനെക്കുറിച്ചുള്ള ധാരണ തിരുത്തിയെഴുതുന്നു.
ഈ ദിനോസറുകളെക്കുറിച്ചുള്ള ഏറ്റവും കൗതുകകരമായ കാര്യം അവയുടെ രൂപമാണ്. ശരീരത്തിലുടനീളം തൂവലുകൾ നിറഞ്ഞ ഇവക്ക് നാല് ചിറകുകൾ ഉള്ളതുപോലെയാണ് തോന്നുക. മുൻകാലുകൾ പക്ഷികളുടെ ചിറകുകൾക്ക് സമാനമാണ്, കൂടാതെ പിൻകാലുകളിലും നീളമുള്ള തൂവലുകൾ കാണപ്പെടുന്നു.
പഠനത്തിന്റെ സഹ-രചയിതാവായ ഡോ. മാറ്റ് ലമന്നയുടെ അഭിപ്രായത്തിൽ, ഈ ജീവികൾക്ക് പറക്കാൻ ഒരു പരിധി വരെ സാധിച്ചിരുന്നു. ഇവ കരയിൽ ജീവിക്കുന്നതിനൊപ്പം മരങ്ങളിൽ കയറാനും, ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് പറന്നിറങ്ങാനും കഴിവുള്ളവയായിരുന്നു. ആധുനിക കാലത്തെ 'ഫ്ലൈയിങ് സ്ക്വിരലുകളെ' പോലെയാണ് ഇവ സഞ്ചരിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു.
ചാങ്മ ബേസിൻ പ്രദേശം പക്ഷികളുടെ ഫോസിലുകൾക്ക് പേരുകേട്ട സ്ഥലമാണ്. അവിടെ നിന്ന് നൂറിലധികം പക്ഷി ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, പക്ഷികളല്ലാത്ത ഒരു ദിനോസറിന്റെ ഫോസിൽ ലഭിക്കുന്നത് ഇതാദ്യമാണ്. ആധുനിക പക്ഷികളുടെ പൂർവ്വികർ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നും, അവയുടെ പരിണാമത്തിന്റെ തുടക്കത്തിൽ പറക്കാനുള്ള ശേഷി എങ്ങനെ രൂപപ്പെട്ടു എന്നും മനസ്സിലാക്കാൻ ഈ കണ്ടെത്തൽ വലിയൊരു മുതൽക്കൂട്ടാണ്. ചെറിയ ദിനോസറുകളിൽ നിന്ന് ആധുനിക പക്ഷികളിലേക്ക് പരിണമിച്ച പ്രക്രിയയുടെ നിർണ്ണായകമായ ഒരു കണ്ണിയാണ് ഈ പുതിയ കണ്ടെത്തൽ എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.