ഇലോൺ മസ്‌കിന്റെ ബഹിരാകാശ എ.ഐ പദ്ധതിക്ക് ജർമൻ കമ്പനിയുടെ സൗരോർജ സെല്ലുകൾ; 60 ദശലക്ഷം യൂറോയുടെ കരാർ

ബഹിരാകാശത്ത് എ.ഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനുള്ള ഇലോൺ മസ്‌കിന്റെ പുതിയ പദ്ധതിക്ക് കരുത്തേകാൻ ജർമൻ ടെക് കമ്പനി. മസ്‌കിന്റെ സ്‌പേസ് എക്‌സുമായി 60 ദശലക്ഷം യൂറോയുടെ (ഏകദേശം 580 കോടി രൂപ) കരാറിൽ ഒപ്പുവച്ച് ജർമൻ കമ്പനിയായ സിംഗുലസ് ടെക്‌നോളജീസ്. പുതിയ ഉപഗ്രഹ പദ്ധതിയായ സ്റ്റാർമൈൻഡിനാവശ്യമായ സൗരോർജ സെല്ലുകൾ വിതരണം ചെയ്യുന്നതിനാണ് കരാർ.

ബുധനാഴ്ചയാണ് സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌ക് കമ്പനിക്ക് ഓർഡർ നൽകിയത്. ഇത്തരത്തിലുള്ള നിരവധി ഓർഡറുകളിൽ ആദ്യത്തേതാണ് ഇതെന്ന് മസ്‌ക് എക്‌സിലൂടെ വ്യക്തമാക്കി. കരാർ പ്രഖ്യാപനത്തിന് പിന്നാലെ സിംഗുലസ് ടെക്‌നോളജീസിന്റെ ഓഹരി വിലയിൽ വൻ കുതിപ്പുണ്ടായി. താൽക്കാലികമായി 65 മുതൽ 80 ശതമാനം വരെ ഉയർന്ന ഓഹരി വില കമ്പനിയുടെ വിപണി മൂല്യം ഏകദേശം 73 ദശലക്ഷം യൂറോയിലെത്തിച്ചു. 2025ൽ കമ്പനിയുടെ വാർഷിക വരുമാനം 48.3 ദശലക്ഷം യൂറോ മാത്രമായിരുന്നു.

തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായി കൂടുതൽ ഉൽപ്പാദന കേന്ദ്രങ്ങളും നിർമാണ ലൈനുകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. 100 ജിഗാവാട്ട് ശേഷിയുള്ള സൗരോർജ ഉൽപ്പാദന സംവിധാനമാണ് ലക്ഷ്യമിടുന്നത്. പത്ത് വലിയ ആണവ റിയാക്ടറുകളുടെ വാർഷിക ഉൽപ്പാദനത്തിന് തുല്യമായ ശേഷിയാണിത്.

ബവേറിയയിലെ കാഹ്ൽ ആം മെയിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിംഗുലസ് ടെക്‌നോളജീസ് ഹെറ്ററോജങ്ഷൻ സോളാർ സെല്ലുകളാണ് നിർമിക്കുന്നത്. ബഹിരാകാശ ഉപയോഗത്തിന് അനുയോജ്യമായ അടുത്ത തലമുറ സൗരോർജ സാങ്കേതികവിദ്യയാണിത്. സ്‌പേസ് എക്‌സുമായുള്ള പങ്കാളിത്തം ഈ സാങ്കേതികവിദ്യയുടെ വ്യാവസായിക ഉൽപ്പാദനം വിപുലീകരിക്കാൻ സഹായിക്കുമെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗം ലാർസ് ലീബർവിർത്ത് പറഞ്ഞു.

2027ന്റെ തുടക്കത്തിൽ ടെക്‌സാസിലെ സ്‌പേസ് എക്‌സ് നിർമാണ കേന്ദ്രത്തിലേക്കാണ് സൗരോർജ സെല്ലുകൾ വിതരണം ചെയ്യുക. ബഹിരാകാശത്ത് എ.ഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുകയെന്നതാണ് സ്റ്റാർമൈൻഡ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 'സെന്റിയന്റ് സൺ' അഥവാ ബോധമുള്ള സൂര്യൻ എന്ന ആശയമാണ് മസ്‌ക് ഈ പദ്ധതിയിലൂടെ മുന്നോട്ടുവക്കുന്നത്.

ഏകദേശം 75 മീറ്റർ നീളമുള്ള കൂറ്റൻ സോളാർ ചിറകുകളായിരിക്കും ഉപഗ്രഹങ്ങളുടെ പ്രധാന സവിശേഷത. ഇവ ഉപയോഗിച്ച് സൂര്യപ്രകാശത്തിൽനിന്ന് ഊർജം ശേഖരിച്ച് ബഹിരാകാശത്തുവെച്ചുതന്നെ എ.ഐ കണക്കുകൂട്ടലുകളും ഡാറ്റാ പ്രോസസിങ്ങും നടത്തും. തുടർന്ന് ലേസർ സാങ്കേതികവിദ്യയിലൂടെ വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറും. ഇത്തരത്തിൽ ബഹിരാകാശത്ത് വലിയൊരു കമ്പ്യൂട്ടിങ് ശൃംഖല സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

ഭൂമിയിലെ ഡാറ്റാ സെന്ററുകളെ അപേക്ഷിച്ച് പ്രവർത്തനച്ചെലവും അറ്റകുറ്റപ്പണികളും കുറക്കാൻ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് മസ്‌കിന്റെ അവകാശവാദം. ഏതാണ്ട് തുടർച്ചയായി ലഭിക്കുന്ന സൗരോർജം പ്രയോജനപ്പെടുത്തുന്നതിലൂടെ ഊർജക്ഷമത വർധിപ്പിക്കാനും ഭൂമിയിലെ ഡാറ്റാ സെന്ററുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം കുറക്കാനും കഴിയുമെന്നാണ് അദ്ദേഹം ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷനിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കിയത്.

പദ്ധതിയുടെ ഭാഗമായി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് പത്ത് ലക്ഷം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്. എന്നാൽ ഇത്രയധികം ഉപഗ്രഹങ്ങൾ യാഥാർഥ്യമാകുമോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. നിലവിൽ ഏകദേശം 15,000 ഉപഗ്രഹങ്ങളാണ് ഭൂമിയുടെ ഭ്രമണപഥത്തിലുള്ളത്. ഇതിൽ 9,500 എണ്ണവും മസ്‌കിന്റെ സ്റ്റാർലിങ്ക് ശൃംഖലയുടേതാണ്.

അതേസമയം, ബഹിരാകാശത്ത് എ.ഐ കണക്കുകൂട്ടലുകൾ നടത്താനുള്ള സാങ്കേതികവിദ്യ ഇതുവരെ പൂർണമായി പരീക്ഷിച്ച് വിജയിച്ചിട്ടില്ല. ഗൂഗ്ളും സമാനമായ ആശയങ്ങൾ പരിഗണിക്കുന്നുണ്ട്. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളെ എ.ഐ കണക്കുകൂട്ടലുകൾക്കുള്ള കമ്പ്യൂട്ടിങ് യൂണിറ്റുകളായി മാറ്റുകയാണ് ഈ പദ്ധതികളുടെയും ലക്ഷ്യം.

Tags:    
News Summary - German company's solar cells for Elon Musk's space AI project; €60 million contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.