ഹൃദയശസ്ത്രക്രിയ ഇനി റോബോട്ടുകൾ ചെയ്യുമോ‍?

ഹൃദയശസ്ത്രക്രിയ നടത്തുന്നത് മനുഷ്യനോ റോബോട്ടോ? വൈദ്യശാസ്ത്രരംഗത്തെ അതിവേഗ സാങ്കേതിക മുന്നേറ്റങ്ങൾക്കിടെ ഉയരുന്ന പ്രധാന ചോദ്യമാണിത്. റോബോട്ടിക് സംവിധാനങ്ങളും നിർമിതബുദ്ധിയും (എ.ഐ) ശസ്ത്രക്രിയാരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമ്പോഴും ചികിത്സയുടെ നിയന്ത്രണം ഡോക്ടർമാരുടെ കൈകളിൽതന്നെയായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.

പരമ്പരാഗത ഹൃദയ ബൈപാസ് ശസ്ത്രക്രിയയിൽ നെഞ്ചിൽ വലിയ മുറിവുണ്ടാക്കുകയും ചില സന്ദർഭങ്ങളിൽ നെഞ്ചെല്ല് പിളർക്കുകയും ചെയ്യേണ്ടിവരും. എന്നാൽ, റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് വാരിയെല്ലുകൾക്കിടയിൽ ചെറിയ ദ്വാരങ്ങളുണ്ടാക്കി ശസ്ത്രക്രിയ നടത്താനാകും. ഇതിലൂടെ ശരീരത്തിലുണ്ടാകുന്ന മുറിവുകളുടെ വലുപ്പം കുറക്കാനും രോഗികൾക്ക് വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കുമെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.

റോബോട്ടിക് ശസ്ത്രക്രിയയിൽ ഡോക്ടർ പ്രത്യേക കൺസോളിലിരുന്നാണ് റോബോട്ടിന്റെ കൈകളെ നിയന്ത്രിക്കുന്നത്. കൈകളിലുണ്ടാകുന്ന നേരിയ വിറയൽപോലും ഒഴിവാക്കി അതിസൂക്ഷ്മമായ ചലനങ്ങൾ നടത്താൻ ഈ സംവിധാനം സഹായിക്കുന്നു. ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തിന്റെ വലുതാക്കിയ ദൃശ്യങ്ങളും ഡോക്ടർക്ക് ലഭിക്കും.

ഏകദേശം എട്ട് മുതൽ പത്ത് മില്ലിമീറ്റർ വരെ വലുപ്പമുള്ള ദ്വാരങ്ങളിലൂടെയാണ് ഉപകരണങ്ങൾ ശരീരത്തിനുള്ളിലേക്ക് കടത്തുന്നത്. റോബോട്ടിക് ഹൃദയശസ്ത്രക്രിയാരംഗത്തെ വിദഗ്ധനും എസ്.എസ്. ഇന്നൊവേഷൻസ് ഇന്റർനാഷനൽ സ്ഥാപകനുമായ ഡോ. സുധീർ ശ്രീവാസ്തവയുടെ അഭിപ്രായത്തിൽ, ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബൈപാസ് ശസ്ത്രക്രിയകൾ രോഗികളുടെ ആശുപത്രിവാസം കുറക്കാൻ സഹായിക്കും. അമേരിക്കയിൽ താൻ നടത്തിയ ഇത്തരം ശസ്ത്രക്രിയകളിൽ ചില രോഗികൾക്ക് 24 മണിക്കൂറിനുള്ളിലും മറ്റു നിരവധി പേർക്ക് രണ്ടുദിവസത്തിനുള്ളിലും ആശുപത്രി വിടാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റോബോട്ടിക് ശസ്ത്രക്രിയയിൽ അഞ്ച് കൈകളും രണ്ട് നിയന്ത്രണ കൺസോളുകളുമുള്ള പുതിയ സംവിധാനമാണ് ശ്രദ്ധേയമായ മറ്റൊരു മുന്നേറ്റം. സാധാരണ റോബോട്ടിക് സംവിധാനങ്ങളിൽ നാല് കൈകൾ ഒരു സർജനാണ് നിയന്ത്രിക്കുന്നത്. പുതിയ സംവിധാനത്തിൽ ഒരു ഡോക്ടർ നാല് കൈകൾ നിയന്ത്രിക്കുമ്പോൾ മറ്റൊരു ഡോക്ടർക്ക് അഞ്ചാമത്തെ കൈ ഉപയോഗിച്ച് ശസ്ത്രക്രിയയിൽ സഹായിക്കാനാകും.

ശരീരത്തിലെ കലകളെ ആവശ്യമായ സ്ഥാനത്ത് പിടിച്ചുനിർത്താനും ശസ്ത്രക്രിയ നടക്കുന്ന ഭാഗം കൂടുതൽ വ്യക്തമായി കാണാനും തുന്നൽ ഉൾപ്പെടെയുള്ള സൂക്ഷ്മ പ്രവർത്തനങ്ങളിൽ സഹായിക്കാനും അധിക റോബോട്ടിക് കൈ പ്രയോജനപ്പെടും. സങ്കീർണമായ ശസ്ത്രക്രിയകളിൽ ഡോക്ടർമാരുടെ കൂട്ടായ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഒരു നഗരത്തിലെ ആശുപത്രിയിൽ നടക്കുന്ന ശസ്ത്രക്രിയയിൽ മറ്റൊരു നഗരത്തിലിരിക്കുന്ന വിദഗ്ധ ഡോക്ടർക്ക് റോബോട്ടിക് സംവിധാനം വഴി പങ്കാളിയാകാനുള്ള സാധ്യതയും വികസിച്ചുവരികയാണ്.

ഒരു സർജൻ രോഗിക്കരികിൽനിന്ന് ശസ്ത്രക്രിയ നിയന്ത്രിക്കുമ്പോൾ വിദൂരത്തുള്ള മറ്റൊരു വിദഗ്ധന് അഞ്ചാമത്തെ റോബോട്ടിക് കൈ ഉപയോഗിച്ച് സഹായിക്കാനാകും. ഇത്തരം 30ലധികം ഹൃദയ ടെലിസർജറികൾ തങ്ങളുടെ കമ്പനി നടത്തിയിട്ടുണ്ടെന്ന് ഡോ. സുധീർ ശ്രീവാസ്തവ അറിയിച്ചു.

Tags:    
News Summary - Will Robots Perform Heart Surgeries Now?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.