90 കോടി ഗാലക്സികൾ യൂക്ലിഡിന്റെ വിസ്മയലോകം!

രാത്രിയിൽ ആകാശത്തേക്ക് നോക്കുമ്പോൾ കാണുന്ന നക്ഷത്രങ്ങൾക്കും അപ്പുറം എണ്ണമറ്റ ഗാലക്സികളും അത്ഭുതങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. അവയുടെ രഹസ്യങ്ങൾ തേടിയുള്ള യാത്രയിലാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ESA) യൂക്ലിഡ് ബഹിരാകാശ ദൂരദർശിനി. 2023ൽ വിക്ഷേപിച്ച യൂക്ലിഡ് പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ ത്രിമാന ഭൂപടം തയ്യാറാക്കാനുള്ള ദൗത്യത്തിലാണ്. അടുത്തിടെ പുറത്തുവിട്ട വിവരശേഖരത്തിൽ 90 കോടിയിലധികം ഗാലക്സികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളുണ്ട്! ഏകദേശം 17 ലക്ഷം ജിഗാബൈറ്റ് വരുന്ന ഈ വിവരങ്ങൾ പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനത്തിൽ വലിയ മുന്നേറ്റമാണ്.

യൂക്ലിഡിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഡാർക്ക് മാറ്ററിന്റെയും ഡാർക്ക് എനർജിയുടെയും രഹസ്യങ്ങൾ കണ്ടെത്തുകയാണ്. നാം കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉൾപ്പെടുന്ന സാധാരണ ദ്രവ്യം പ്രപഞ്ചത്തിന്റെ വെറും അഞ്ച് ശതമാനം മാത്രമാണ്. ഏകദേശം 27 ശതമാനം ഡാർക്ക് മാറ്ററും 68 ശതമാനം ഡാർക്ക് എനർജിയുമാണെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. ഇവയെ നേരിട്ട് കാണാനാവില്ലെങ്കിലും പ്രപഞ്ചത്തിൽ ഇവ ചെലുത്തുന്ന സ്വാധീനത്തിലൂടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയും.

ഗാലക്സികൾ നൂലുകൾപോലെയുള്ള വലിയ ഘടനകളിലൂടെ ബന്ധിക്കപ്പെട്ട് രൂപപ്പെടുത്തുന്ന പ്രപഞ്ചവലയെ കോസ്മിക് വെബ് എന്നു വിളിക്കുന്നു. ഇതിന്റെ രൂപവും വളർച്ചയും പഠിക്കുന്നതിലൂടെ ഡാർക്ക് മാറ്ററിനെയും ഡാർക്ക് എനർജിയെയും കുറിച്ച് കൂടുതൽ അറിയാനാകുമെന്നാണ് പ്രതീക്ഷ.

2031-ഓടെ ആകാശത്തിന്റെ മൂന്നിലൊന്നിലധികം ഭാഗം ഉൾക്കൊള്ളുന്ന പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ ത്രിമാന ഭൂപടം പൂർത്തിയാക്കുകയാണ് യൂക്ലിഡിന്റെ ലക്ഷ്യം. ഒരുപക്ഷേ, മനുഷ്യന് ഇന്നും അജ്ഞാതമായ പ്രപഞ്ചത്തിന്റെ പല രഹസ്യങ്ങളിലേക്കുമുള്ള വാതിലുകൾ തുറക്കാൻ ഈ കൊച്ചു ദൂരദർശിനിക്ക് കഴിഞ്ഞേക്കും!

Tags:    
News Summary - 900 million galaxies - Euclid's amazing world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.