ചരിത്രം രചിച്ച ചുവടുവെപ്പ്

‘That's one small step for [a] man, one giant leap for mankind’

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ചരിത്രനിമിഷത്തിന്റെ പ്രതീകമാണ് ഈ വാക്കുകൾ. 1969 ജൂലൈ 20ന് അമേരിക്കൻ സമയം (ETD) രാത്രി 10.56ഓടെ ദൗത്യത്തിന്റെ കമാൻഡർ നീൽ ആംസ്ട്രോങ് ചന്ദ്രോപരിതലത്തിൽ ആദ്യമായി കാലുകുത്തി. അന്താരാഷ്ട്ര സമയക്രമം (UTC) അനുസരിച്ച് 1969 ജൂലൈ 21 പുലർച്ചെ 2.56. ഇന്ത്യൻ സമയം ജൂലൈ 21 രാവിലെ 08.26. ആ ചരിത്ര നിമിഷത്തിൽ ലോകമെമ്പാടും പ്രക്ഷേപണം ചെയ്യപ്പെട്ട പ്രസിദ്ധമായ വാക്യമാണ് ‘മനുഷ്യന് ഇതൊരു ചെറിയ ചുവടുവെപ്പ്; മനുഷ്യരാശിക്ക് മഹത്തായ കുതിച്ചുചാട്ടം’ എന്നത്. കോടിക്കണക്കിന് മനുഷ്യർ ടെലിവിഷനിലൂടെ ഭൂമിയിൽനിന്ന് മറ്റൊരു ലോകത്തേക്ക് മനുഷ്യൻ നടത്തിയ ആദ്യത്തെ വിജയകരമായ ചുവടുവെപ്പ് കണ്ടു.

1969 ജൂലൈ 16ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് അപ്പോളോ 11 വിക്ഷേപിച്ചത്. ഇതിനായി ഉപയോഗിച്ചത് അക്കാലത്തെ ഏറ്റവും ശക്തമായ വിക്ഷേപണ റോക്കറ്റുകളിലൊന്നായ സാറ്റേൺ V (Saturn V) ആയിരുന്നു. ഏകദേശം 76 മണിക്കൂർ യാത്രക്കുശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. നീൽ ആംസ്ട്രോങ്, എഡ്വിൻ ബസ് ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു ദൗത്യത്തിലെ യാത്രികർ. ജൂലൈ 20ന് ‘ഈഗിൾ’ എന്ന ചാന്ദ്രപേടകം പ്രശാന്ത സമുദ്രം (Sea of Tranquility) എന്നറിയപ്പെടുന്ന സമതല പ്രദേശത്ത് ഇറങ്ങി. ആംസ്ട്രോങ്ങും പിന്നാലെ ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ കാൽതൊട്ടു. ഈ സമയം കോളിൻസ് ‘കൊളംബിയ’ (Columbia) എന്ന കമാൻഡ് മൊഡ്യൂളിൽ ചന്ദ്രനെ ചുറ്റുകയായിരുന്നു. ആംസ്ട്രോങ്ങും ആൽഡ്രിനും ചന്ദ്രനിൽ ഏകദേശം രണ്ടര മണിക്കൂറിലധികം പുറത്തു ചെലവഴിച്ച് ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും സാമ്പിളുകൾ ശേഖരിക്കുകയും ശാസ്ത്രീയ പരീക്ഷണങ്ങൾക്കുള്ള ഉപകരണങ്ങൾ സ്ഥാപിക്കുകയും ചന്ദ്രന്റെ ഉപരിതലത്തിന്റെ ചിത്രങ്ങളും വിഡിയോകളും പകർത്തുകയും ചെയ്തു. നീൽ ആംസ്ട്രോങ്ങിന് അതൊരു ചുവടുവെപ്പ് മാത്രമായിരുന്നു. എന്നാൽ, അതിനു പിന്നിൽ നൂറ്റാണ്ടുകളായുള്ള മനുഷ്യന്റെ അന്വേഷണങ്ങളും ശാസ്ത്രജ്ഞരുടെ അധ്വാനവും ആയിരക്കണക്കിന് പേരുടെ കൂട്ടായ പരിശ്രമവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഈ ചുവടുവെപ്പിനെ മനുഷ്യരാശിയുടെ വലിയ കുതിച്ചുചാട്ടമായി വിശേഷിപ്പിച്ചത്.

അപ്പോളോ 11 ദൗത്യത്തിനുശേഷം ബഹിരാകാശ ഗവേഷണം പുതിയൊരു ഘട്ടത്തിലേക്ക് കടന്നു. മനുഷ്യനെ ചന്ദ്രനിലെത്തിക്കുക മാത്രമല്ല, അവിടെനിന്ന് സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചിറക്കാനും കഴിയുമെന്ന് ഈ ദൗത്യം തെളിയിച്ചു. 1961 മേയ് 25ന് അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയാണ് ദശാബ്ദം അവസാനിക്കുന്നതിനു മുമ്പ് മനുഷ്യനെ ചന്ദ്രനിലെത്തിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുകയെന്ന ദൗത്യം പ്രഖ്യാപിച്ചത്. അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് ഈ പ്രഖ്യാപനം. അതിന്റെ സാക്ഷാത്കാരമായിരുന്നു അപ്പോളോ 11 യാത്ര. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ (NASA) നേതൃത്വത്തിലായിരുന്നു അപ്പോളോ 11 ദൗത്യം. 1969 ജൂലൈ 24ന് അപ്പോളോ 11 പേടകം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി (Splashdown). യു.എസ്.എസ് ഹോർനെറ്റ് (USS Hornet) എന്ന കപ്പലിലെത്തിയ രക്ഷാസംഘം മൂന്ന് ബഹിരാകാശ യാത്രികരെയും സ്വീകരിച്ചു. ഭൂമിയിൽ തിരിച്ചെത്തിയശേഷം 21 ദിവസം മൂവർക്കും ക്വാറന്റീൻ ഏർപ്പെടുത്തി. ചന്ദ്രനിൽനിന്ന് അജ്ഞാത ഘടകങ്ങളോ അണുക്കളോ ഭൂമിയിൽ എത്തിയോ എന്ന പരിശോധിക്കുന്നതിനായിരുന്നു ഇത്.

നീൽ ആംസ്ട്രോങ്ങിന്റെ പ്രസിദ്ധമായ വാക്യത്തിൽ ‘a’ എന്ന വാക്കിന്റെ സാന്നിധ്യം പിന്നീട് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അദ്ദേഹം പറഞ്ഞതായി രേഖപ്പെടുത്തിയ വാക്യം ‘That's one small step for [a] man, one giant leap for mankind’ എന്നാണ്. എന്നാൽ, റേഡിയോ ശബ്ദരേഖയിൽ ‘a’ എന്ന വാക്ക് വ്യക്തമായി കേൾക്കാനായില്ല. താൻ ആ വാക്ക് ഉച്ചരിക്കാനാണ് ഉദ്ദേശിച്ചതെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ആംസ്ട്രോങ് പിന്നീട് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ചില പകർപ്പുകളിൽ ‘a’ ചതുരബ്രാക്കറ്റിനുള്ളിൽ [a] ചേർത്തിരിക്കുന്നത്.

വലിയ മാറ്റങ്ങൾ പലപ്പോഴും ആരംഭിക്കുന്നത് വളരെ ചെറിയൊരു ചുവടുവെപ്പിലൂടെയാണ്. ആ ചുവടുവെപ്പ് എത്ര ചെറുതാണെന്നതല്ല, അത് മനുഷ്യനെ എത്രത്തോളം മുന്നോട്ടു നയിക്കുന്നു എന്നതാണ് പ്രധാനം.

Tags:    
News Summary - Man first set foot on the moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.