ശുഭാൻഷു ശുക്ല (ഇടത്തുനിന്ന് രണ്ടാമത്തേത്) മറ്റു യാത്രികർക്കൊപ്പം
നാൽപത് വർഷത്തിനുശേഷം ഒരിന്ത്യക്കാരൻ ബഹിരാകാശത്തേക്ക് കുതിക്കുകയാണ് -ശുഭാൻഷു ശുക്ല. ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശുഭാൻഷു, അമേരിക്കയിലെ ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായാണ് 14 ദിവസത്തേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര പോകുന്നത്.
ജൂൺ എട്ടിനാണ് മറ്റു മൂന്ന് യാത്രികർക്കൊപ്പം ശുഭാൻഷുവിന്റെ ഗഗനയാത്ര. യാത്രയുടെ അവസാനഘട്ട ഒരുക്കങ്ങളിലുള്ള ശുഭാൻഷുവിനെക്കുറിച്ച് ഇപ്പോൾ പുറത്തുവന്ന വാർത്ത കേൾക്കുമ്പോൾ ആദ്യം ആരുമൊന്ന് ഞെട്ടും.
ശുഭാൻഷുവിനെ ആക്സിയം ദൗത്യത്തിന്റെ പിന്നണിയിലുള്ളവർ ക്വാറൈന്റനിൽ പ്രവേശിപ്പിച്ചിരിക്കുകയാണത്രെ. ക്വാറൈന്റൻ എന്നു കേൾക്കുമ്പോൾ ആദ്യം നമ്മുടെയെല്ലാം മനസ്സിലോർമ വരിക കോവിഡ് കാലമാണ്. രണ്ടും മൂന്നും ആഴ്ചത്തെ ഏകാന്തവാസം.
ഏതാണ്ട് ശുഭാൻഷുവിന്റെ കാര്യവും ഇതൊക്കെതന്നെ. പക്ഷേ, അത് യാത്രയുടെ തയാറെടുപ്പിന്റെ ഭാഗമായിട്ടാണെന്നു മാത്രം. നിലയത്തിലേക്ക് പോകുന്ന നാല് യാത്രികരും പ്രത്യേകം ‘ഏകാന്ത തടവി’ലാണിപ്പോൾ. ഗഗനയാത്രക്ക് മുമ്പ് ഇത് പതിവുള്ളതാണ്; ബഹിരാകാശ യാത്രയുടെ പ്രോട്ടോകോളിലുള്ളത്.
ഗുരുത്വ രഹിത മേഖലയിലേക്കാണല്ലോ ഇവരുടെ യാത്ര. അവിടെ നേരിയ അണുബാധപോലും എളുപ്പത്തിൽ വ്യാപിക്കും. അതിനാൽ, അത്തരം നേരിയ അപകട സാധ്യതപോലും ഒഴിവാക്കുകയാണ് ഈ ഏകാന്തവാസത്തിന്റെ പ്രാഥമിക ലക്ഷ്യം. ഈ കാലത്ത്, കൃത്യമായ ആരോഗ്യ പരിശോധനയും നടക്കും. ആരുമായും അധികം ബന്ധപ്പെടാനും സാധിക്കില്ല. അതേസമയം, പരിശീലനം തുടരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.